ശ്രേയസ് അയ്യറിന് ഏഷ്യാകപ്പും നഷ്ടമാകും; ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയ്ക്ക് ആശങ്ക

പരിക്കിൻ്റെ പിടിയിലുള്ള കെഎൽ രാഹുൽ ഏഷ്യാകപ്പിനില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു
ശ്രേയസ് അയ്യറിന് ഏഷ്യാകപ്പും നഷ്ടമാകും; ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയ്ക്ക് ആശങ്ക

ഏകദിന ലോകകപ്പിന് മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ താരങ്ങളുടെ പരിക്ക് ഇന്ത്യൻ ടീമിന് ആശങ്ക ഉയർത്തുന്നു. ലോകകപ്പിന് മുമ്പ് ഏഷ്യാകപ്പും വെസ്റ്റ് ഇൻഡീസ് പരമ്പരയുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. മധ്യനിര താരം ശ്രേയസ് അയ്യർ ഏഷ്യാ കപ്പിൽ കളിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കേണ്ട ബിസിസിഐക്ക് തിരിച്ചടിയാണ് ശ്രേയസ് പരിക്കിൻ്റെ പിടിയിൽ തുടരുന്നത്. പുറംവേദനയെ തുടർന്നുള്ള ശസ്ത്രക്രീയയ്ക്ക് ശേഷം ബം​ഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയിലാണ് ഇപ്പോൾ ശ്രേയസ് ഉള്ളത്. അയ്യർക്കൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുലും പേസർ ജാസ്പ്രീത് ബുംറയും ഇവിടെ പരിശീലനം നടത്തുന്നുണ്ട്.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെ പുറംവേദന ശക്തമായതോടെയാണ് ശ്രേയസ് അയ്യരെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. അഹമ്മദാബാദ് ടെസ്റ്റില്‍ രണ്ട് ദിവസം കളിച്ച അയ്യർ പുറംവേദനയെ തുടർന്ന് പിന്മാറുകയായിരുന്നു. പിന്നാലെ ഐപിഎല്ലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അയ്യരിന് നഷ്ടമായിരുന്നു.

ഏഷ്യാകപ്പില്‍ വിക്കറ്റ് കീപ്പർ കൂടിയായ കെ എല്‍ രാഹുലിന് കളിക്കാനാവില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. കാല്‍ത്തുടയിലെ ശസ്ത്രക്രിയക്ക് പരിശീലനങ്ങള്‍ നടത്തുന്ന രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ മധ്യനിരയിലെ നിർണായക സാന്നിധ്യമാണ് അയ്യരും രാഹുലും. പേസർ ജാസ്പ്രിത് ബുംറയുടെ തിരിച്ചുവരവും സംശയത്തിലാണ്. ബുംറയുടെ അഭാവത്തിൽ ഒരു ലീഡ് പേസർ ഇല്ലെന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com