'ഇനി പാണ്ഡ്യയ്ക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകില്ല'; കാരണം വ്യക്തമാക്കി രവി ശാസ്ത്രി

2018 സെപ്റ്റംബറിലാണ് ഹാര്‍ദ്ദിക് അവസാനമായി ടെസ്റ്റ് കളിച്ചത്
'ഇനി പാണ്ഡ്യയ്ക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകില്ല'; കാരണം വ്യക്തമാക്കി രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ശാരീരിക ക്ഷമതയില്ലെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്‌നസ് ഹാര്‍ദ്ദിക്കിന്റെ ശരീരത്തിനില്ല. അതുകൊണ്ട് തന്നെ ടെസ്റ്റ് മത്സരങ്ങള്‍ ഉപേക്ഷിച്ച് ഏകദിന ക്രിക്കറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രവി ശാസ്ത്രി നിര്‍ദേശിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദ്ദിക്കിനെ പരിഗണിക്കാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജൂലൈ 12 മുതല്‍ നടക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന സ്‌ക്വാഡുകളെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനായി നിലനിര്‍ത്തിയിരുന്നു. എങ്കിലും രോഹിത് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം വൈകാതെ ഒഴിയുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശര്‍മ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞാല്‍ പാണ്ഡ്യയാകും ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുകയെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യയെ ടെസ്റ്റ് ക്യാപ്റ്റനായും പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

2016ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ ഇതുവരെ 11 ടെസ്റ്റുകളിലാണ് പാഡണിഞ്ഞിട്ടുള്ളത്. 2017 ജൂലൈയില്‍ ലങ്കക്കെതിരെയായിരുന്നു ഹാര്‍ദ്ദിക്കിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. 2018 സെപ്റ്റംബറിലാണ് ഹാര്‍ദ്ദിക് അവസാനമായി ടെസ്റ്റ് കളിച്ചത്. 2023 സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റസി മികവിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചതാണ്. ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ അരങ്ങേറ്റ സീസണായ 2022ല്‍ ഐപിഎല്‍ ചാമ്പ്യന്മാരായതും 2023ല്‍ റണ്ണറപ്പുകളായതും പാണ്ഡ്യയുടെ നായകത്വത്തിലായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com