'ക്രിക്കറ്റ് ജീവന്‍ തന്നെ'; ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ വൈറലായി പൂജാരയുടെ ട്വീറ്റ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിയുടെ കാരണക്കാരനാക്കി ചിത്രീകരിച്ച് അദ്ദേഹത്തെ ബലിയാടാക്കുകയാണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ തുറന്നടിച്ചിരുന്നു
'ക്രിക്കറ്റ് ജീവന്‍ തന്നെ'; ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ വൈറലായി പൂജാരയുടെ ട്വീറ്റ്

മുംബൈ: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ചേതേശ്വര്‍ പൂജാരയുടെ ട്വീറ്റ് വൈറലാവുന്നു. ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. ക്യാപ്ഷനില്ലാതെ ക്രിക്കറ്റ് ബാറ്റ്, പന്ത്, ഹാര്‍ട്ട് എന്നിവയുടെ ഇമോജികള്‍ ചേര്‍ത്താണ് താരം വീഡിയോ പങ്കുവെച്ചത്.

ട്വീറ്റ് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എത്ര അവഗണിച്ചാലും ടീമില്‍ ഉള്‍പ്പെടുത്താതിരുന്നാലും ക്രിക്കറ്റ് മാത്രമാണ് തന്റെ ജീവന്‍ എന്ന് പറയുന്ന വീഡിയോയ്ക്ക് താഴെ ആശംസകളും പിന്തുണയും അറിയിച്ച് സഹതാരങ്ങളും ആരാധകരും രംഗത്തെത്തി. 'തിരിച്ചുവരവിന് ആശംസകള്‍ നേരുന്നു', 'താങ്കള്‍ക്ക് ഒപ്പമാണ് നീതി', 'എന്തായാലും തിരിച്ചുവരും', 'താങ്കളുടെ മാസ്റ്റര്‍ ഷോട്ടുകള്‍ അടിക്കൂ, അവരെല്ലാവരും ചെയ്തത് തെറ്റായിപ്പോയെന്ന് തെളിയിക്കൂ' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

കഴിഞ്ഞ ദിവസമാണ് ജൂലൈ 12 മുതല്‍ ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചത്. കൗണ്ടി ക്രിക്കറ്റില്‍ തിളങ്ങിയിട്ടും ഇംഗ്ലണ്ടില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതിരുന്നതാണ് പൂജാരയ്ക്ക് തിരിച്ചടിയായത്. താരത്തെ തഴഞ്ഞതില്‍ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിയുടെ കാരണക്കാരനാക്കി ചിത്രീകരിച്ച് അദ്ദേഹത്തെ ബലിയാടാക്കുകയാണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ തുറന്നടിച്ചിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പൂജാരയെപ്പോലെ തന്നെ എല്ലാ ബാറ്റര്‍മാരും പരാജയപ്പെടുകയാണ് ചെയ്തത്. എന്നാല്‍ അവരെല്ലാവരെയും ടീമില്‍ നിലനിര്‍ത്തുകയും പൂജാരയെ മാത്രം ഒഴിവാക്കിയതിന്റെയും മാനദണ്ഡം എന്താണെന്നും പൂജാരയ്ക്ക് ദശലക്ഷക്കണക്കിന് ആരാധകരില്ലാത്തതുകൊണ്ട് ആരും ചോദിക്കാനില്ലാത്തതുകൊണ്ടാണോ അദ്ദേഹത്തെ പുറത്താക്കിയതെന്നും ഗവാസ്‌കര്‍ ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com