ഉളളിക്ക് വില കൂടിയേക്കും; ഇരട്ടിയിലേറെ ഉയരും

വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത് പ്രതിഫലിക്കുമെന്നാണ് വിദ​ഗ്ദർ വിലയിരുത്തുന്നത്
ഉളളിക്ക് വില കൂടിയേക്കും; ഇരട്ടിയിലേറെ ഉയരും

ഡൽഹി: തക്കാളിക്ക് പിന്നാലെ ഉള്ളിക്കും വില വർദ്ധിക്കുന്നു. ആ​ഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ ഉത്സവ സീസണുകളിൽ വില കുതിച്ചുയരുമെന്നാണ് വിവരം. സീസണിൽ ഉള്ളി കൃഷി നടത്തുന്ന കൃഷിയിടങ്ങളുടെ വിസ്തൃതി കുറവായതിനാൽ ഉദ്പാദനം കുറയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടെ ഉള്ളിവില കിലോക്ക് 70 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാധാരണക്കാരന് താങ്ങാനാവുന്നതിലും വില ഉള്ളിക്ക് വർദ്ധിക്കുന്ന സാഹചര്യം സർക്കാർ വിരുദ്ധവികാരം ഉയർത്തിയേക്കാമെന്നും വിശകലനമുണ്ട്. ഇത് വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നാണ് വിദ​ഗ്ദർ വിലയിരുത്തുന്നത്.

ഇന്ത്യയിൽ ഉള്ളി വിളയുന്ന മൂന്ന് സീസണുകളാണുള്ളത്. ഖാരിഫ്, അവസാന ഖാരിഫ്, റാബി എന്നീ സീസണുകളാണവ. ഉള്ളി ഉത്പാദനത്തിന്റെ സിംഹഭാ​ഗവും നടക്കുന്നത് റാബി സീസണിലാണ്. മാർച്ച് മുതൽ സെപ്തംബർ വരെ രാജ്യത്ത് ഉപയോ​ഗിക്കുന്നത് ഈ സീസണിൽ ഉത്പാദിപ്പിക്കുന്ന ഉള്ളിയാണ്. മാർച്ച് മാസത്തിലെ ഉയർന്ന വിൽപ്പന മൂലം റാബി ഉള്ളിയുടെ സ്റ്റോക്ക് ആ​ഗസ്റ്റിൽ തന്നെ തീരുന്ന സ്ഥിതിയാണുള്ളതെന്നാണ് റിപ്പോർട്ട്. ഇതാണ് വിലക്കയറ്റത്തിലേക്കും പൂഴ്ത്തിവെയ്പ്പിലേക്കും നയിക്കാനുള്ള കാരണം.

നേരത്തെ ഇന്ത്യയിലുടനീളമുള്ള ചില്ലറ വിപണികളിൽ തക്കാളിയുടെ വില 100 രൂപ കടന്നിരുന്നു. ഡൽഹിയിലെ ആസാദ്പൂർ മൊത്തവ്യാപാര വിപണിയിൽ ജൂൺ രണ്ട് മുതൽ ജൂലൈ മൂന്ന് വരെയുള്ള കാലയളവിൽ തക്കാളി വില 1315 ശതമാനം വർധിച്ച് ക്വിന്റലിന് 451 രൂപയിൽ നിന്ന് 6381 രൂപയായി. ആസാദ്പൂരിൽ ഇതേ കാലയളവിൽ വരവിൽ 40 ശതമാനം കുറവുണ്ടായതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Story Highlights: The price of onion may increase more than double

Related Stories

No stories found.
logo
Reporter Live
www.reporterlive.com