സെപ്തംബര്‍ 30ന് അസാധുവാകുന്ന 2000 നോട്ടുകളില്‍ 76% തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക്

നോട്ടുകള്‍ അസാധുവാകുന്ന സെപ്തംബര്‍ 30ന് മുമ്പുള്ള അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ കൈവശമിരിക്കുന്ന 2000ത്തിന്റെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യണം
സെപ്തംബര്‍ 30ന് അസാധുവാകുന്ന 2000 നോട്ടുകളില്‍ 76% തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക്

പ്രചാരത്തിലുള്ള 2000 നോട്ടുകളില്‍ 76%വും ബാങ്കുകളില്‍ തിരിച്ചെത്തുകയോ നിക്ഷേപിക്കപ്പെടുകയോ ചെയ്തതായി റിസര്‍വ് ബാങ്ക്. സെപ്റ്റംബര്‍ 30ന് മുമ്പായി 2000ത്തിന്റെ നോട്ടുകള്‍ മടക്കി നല്‍കണമെന്നും റിസര്‍വ് ബാങ്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 30ലെ കണക്ക് പ്രകാരം 84,000 കോടി രൂപ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. സെപ്തംബര്‍ 30നകം നോട്ടുകള്‍ തിരികെ ഏല്‍പ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ട മെയ് 19ന് രാജ്യത്ത് 3.56 ലക്ഷം കോടി രൂപയുടെ 2000ത്തിന്റെ നോട്ടുകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്.

തിരികെയെത്തിയ 2000ത്തിന്റെ നോട്ടുകളില്‍ 87% ബാങ്ക് ആക്കൗണ്ടുകളിലാണ് നിക്ഷേപിക്കപ്പെട്ടത്. ബാക്കി വരുന്ന 13% നോട്ടുകള്‍ മറ്റു നോട്ടുകളിലേക്ക് മാറ്റിയെടുക്കുകയായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

മെയ് 19നായിരുന്നു പ്രചാരത്തിലിരിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനം റിസര്‍വ് ബാങ്ക് നടത്തിയത്. നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനോ തിരികെ ഏല്‍പ്പിക്കാനോ സെപ്തംബര്‍ 30വരെ പൊതുജനങ്ങള്‍ക്ക് സമയം അനുവദിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. നേരത്തെ 2016 നവംബറില്‍ 500, 1000 നോട്ടുകള്‍ ഒരൊറ്റ ദിവസം കൊണ്ട് അസാധുവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ സെപ്റ്റംബര്‍ 30വരെ സാധുവാകുന്ന നിലയിലാണ് 2000 നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

2023 മാര്‍ച്ച് 31വരെ ആകെ പ്രചരിച്ചിരുന്ന 2000 രൂപ നോട്ടുകളുടെ മൂല്യം 3.62 ലക്ഷം കോടിയായിരുന്നു. എന്നാല്‍ 2023 മെയ് 19 ആകുമ്പോള്‍ പ്രചാരത്തിലിരുന്ന 2000ത്തിന്റെ നോട്ടുകളുടെ മൂല്യം 3.56 ലക്ഷം കോടിയായി കുറഞ്ഞിരുന്നു.

നോട്ടുകള്‍ അസാധുവാകുന്ന സെപ്തംബര്‍ 30ന് മുമ്പുള്ള അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ കൈവശമിരിക്കുന്ന 2000ത്തിന്റെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യണമെന്നും റിസര്‍വ് ബാങ്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com