സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനം; ഡിസ്നിക്കെതിരെ കേസ്

2015 ഏപ്രിൽ മുതൽ 2022 ഡിസംബർ വരെയുള്ള ഹ്യൂമൻ റിസോഴ്‌സ് ഡാറ്റ പ്രകാരം ഡിസ്‌നിയിലെ വനിതാ ജീവനക്കാർക്ക് പുരുഷ ജീവനക്കാരെക്കാൾ ഏകദേശം രണ്ട് ശതമാനത്തോളം കുറവ് വേതനമാണ് ലഭിക്കുന്നത്.
സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനം; ഡിസ്നിക്കെതിരെ കേസ്

ലോസ് ഏഞ്ചൽസ്: വനിതാ ജീവനക്കാർക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനം നൽകുന്നതായി വാൾട്ട് ഡിസ്‌നി കമ്പനിക്കെതിരെ കേസ്. എട്ട് വർഷത്തിനിടയിൽ കമ്പനിയുടെ കാലിഫോർണിയയിലെ വനിതാ ജീവനക്കാർക്ക് പുരുഷന്മാരെക്കാൾ വേതനത്തിൽ 150 ദശലക്ഷം ഡോളറിന്റെ കുറവുണ്ടായെന്നാണ് പരാതി.

വെള്ളിയാഴ്ച ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ പരാതി ഫയൽ ചെയ്തത്. വൈസ് പ്രസിഡന്റ് തലത്തിന് താഴെയുള്ള സ്ഥാനങ്ങൾ വഹിച്ചിരുന്ന മുമ്പ് ജോലി ചെയ്തിരുന്നവരും ഇപ്പോൾ ജോലി ചെയ്യുന്നവരുമായ 12,500 ഡിസ്നി ജീവനക്കാരെ ഉൾപ്പെടുത്തിയാണ് കേസ്.

'ഡിസ്നി എന്ന ബ്രാൻഡിനെ സ്നേഹിക്കുന്ന വാദികൾക്ക് ന്യായമായ പ്രതിഫലം ലഭിക്കാൻ ആഗ്രഹിക്കുന്നു,' പരാതിക്കാരുടെ പ്രധാന അഭിഭാഷക ലോറി ആൻഡ്രൂസ് പറഞ്ഞു. സ്ത്രീകൾക്ക് കുറഞ്ഞ വേതനം നൽകുന്നത് കാലിഫോർണിയയുടെ തുല്യ വേതന നിയമവും തൊഴിൽ, ഭവന നിയമവും ലംഘിക്കുന്നതാണെന്നും ലോറി ആൻഡ്രൂസ് പറഞ്ഞു.

2015 ഏപ്രിൽ മുതൽ 2022 ഡിസംബർ വരെയുള്ള ഹ്യൂമൻ റിസോഴ്‌സ് ഡാറ്റയും തെളിവായി സമർപ്പിച്ചിട്ടുണ്ട്. ഈ ഡാറ്റ പ്രകാരം ഡിസ്‌നിയിലെ വനിതാ ജീവനക്കാർക്ക് പുരുഷ ജീവനക്കാരേക്കാൾ ഏകദേശം രണ്ട് ശതമാനത്തോളം കുറവ് വേതനമാണ് ലഭിക്കുന്നത്. കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറും തൊഴിൽ സാമ്പത്തിക വിദഗ്ധനുമായ ഡേവിഡ് ന്യൂമാർക്കാണ് ഈ അവലോകനം നടത്തിയത്.

'സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വേതന വ്യത്യാസത്തെക്കുറിച്ചുള്ള പരാതിക്കാരുടെ വാദങ്ങൾ തെറ്റാണ്. അത് ഞങ്ങൾ തെളിയിക്കും,' ഡിസ്നിയുടെ അസോസിയേറ്റ് ജനറൽ കൗൺസലും എംപ്ലോയ്‌മെന്റ് ലോ ഫംഗ്‌ഷൻ മേധാവിയുമായ ഷൗന എം സ്വാൻസൺ പറഞ്ഞു.

2019-ൽ ലാറോണ്ട റാസ്മുസെൻ എന്ന ജീവനക്കാരിയാണ് വേതനത്തിലെ വ്യത്യാസത്തെക്കുറിച്ച് ആദ്യമായി പരാതി നൽകിയത്. തന്നോടൊപ്പം ഒരേ തസ്തികയിൽ ജോലി ചെയ്യുന്ന ആറ് പുരുഷന്മാർക്ക് വേതനത്തിൽ ഗണ്യമായി വ്യത്യാസമുണ്ടെന്നായിരുന്നു ലാറോണ്ടയുടെ പരാതി. പിന്നീട് ഒമ്പതോളം പേർ ഈ പരാതിയിൽ കക്ഷി ചേർന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com