'സാധാരണ കുടുംബത്തിൽ നിന്ന് ലോകത്തെ ഏറ്റവും ധനികനിലേക്ക്'; ഇലോൺ മസ്‌കിന്റെ മാജിക്

വ്യത്യസ്തമായ ചിന്താഗതികൾ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തോമസ് എഡിസൺ' എന്ന വിളിപ്പേരിന് അദ്ദേഹത്തെ അർഹനാക്കി.
'സാധാരണ കുടുംബത്തിൽ നിന്ന് ലോകത്തെ ഏറ്റവും ധനികനിലേക്ക്'; ഇലോൺ മസ്‌കിന്റെ മാജിക്

ഒരിടത്ത്... ഒരിടത്ത്... ഒരു ബിസിനസുകാരനായ മനുഷ്യൻ റോക്കറ്റ് വാങ്ങാൻ റഷ്യയിൽ പോയി. അതിന് അയാളുടെ കൈവശമുള്ളതിനേക്കാൾ പണം വേണം. തിരിച്ചു മടങ്ങുകയേ വഴിയുള്ളൂ. തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത അയാൾ ചെയ്തത് എന്തെന്ന് അറിയുമോ? സ്വന്തമായി റോക്കറ്റുണ്ടാക്കി... ഒരു ഫാന്റസി സിനിമയുടെ കഥ പോലെ തോന്നുമെങ്കിലും 'റിയൽ ലൈഫ് ടോണി സ്റ്റാർക്' എന്ന് അറിയപ്പെടുന്ന ഇലോൺ മസ്‌ക് തന്റെ മൂന്നാം സംരംഭമായ സ്പേസ് എക്സ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.

1978 ജൂൺ 28-ന് ദക്ഷിണാഫ്രിക്കയിലെ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച മസ്കിന്റെ ബാല്യം അത്ര സുഖകരമായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് ഒരു എഞ്ചിനീയറായിരുന്നു, അമ്മ കനേഡിയൻ മോഡലും പോഷകാഹാര വിദഗ്ധയുമായിരുന്നു. എട്ടാം വയസ്സിൽ മാതാപിതാക്കളുടെ വേർപിരിയലിന് ശേഷം പിതാവിനൊപ്പമാണ് ഇലോൺ താമസിച്ചത്. 'ഒരു മോശപ്പെട്ട മനുഷ്യൻ... നമുക്ക് ചിന്തിക്കാൻ കഴിയുന്ന ഒട്ടുമിക്ക തിന്മകളും ചെയ്ത വ്യക്തി', തന്റെ പിതാവിനെക്കുറിച്ച് മസ്‌ക് ഒരിക്കൽ പറഞ്ഞതിങ്ങനെയാണ്.

പുസ്തകങ്ങളുടെയും കമ്പ്യൂട്ടറിന്റെയും ലോകത്തിൽ ജീവിച്ച മസ്കിനെ കുടുംബവും സുഹൃത്തുക്കളും അരസികനായാണ് കണ്ടിരുന്നത്. സ്കൂളിലെ സഹപാഠികൾ അദ്ദേഹത്തെ ഏറെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. സാങ്കേതിക വിദ്യയെ ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള സ്ഥലമായി മസ്‌ക് കണ്ടെത്തി.

10-ാം വയസ്സിൽ, താരതമ്യേന ചെലവുകുറഞ്ഞ ഹോം കമ്പ്യൂട്ടറായ കൊമോഡോർ വിഐസി-20 വാങ്ങിക്കുകയും അതിലൂടെ പ്രോഗ്രാമിംഗിന്റെ ലോകത്തിലേക്ക് അദ്ദേഹം കടക്കുകയും ചെയ്തു. 12-ാം വയസ്സിൽ അദ്ദേഹം ബ്ലാസ്റ്റർ എന്ന വീഡിയോ ഗെയിം ഉണ്ടാക്കുകയും അത് 500 ഡോളറിന് ഒരു പിസി മാഗസിന് വിൽക്കുകയും ചെയ്തു.

1988-ൽ നിർബന്ധിത സൈനിക സേവനത്തിൽ താൽപര്യമില്ലാതിരുന്ന മസ്‌ക് ദക്ഷിണാഫ്രിക്ക വിട്ടു. കാനഡയിലേക്ക് കുടിയേറിയ ശേഷം, മസ്‌ക് ഒന്റാറിയോയിലെ കിംഗ്‌സ്റ്റണിലുള്ള ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം കാനഡ വിട്ട് ഫിലാഡൽഫിയയിലെ പെൻസിൽവാനിയ സർവകലാശാലയിൽ ചേരുകയും അവിടെ നിന്ന് ഫിസിക്സിലും ഇക്കണോമിക്സിലും ബിരുദം പൂർത്തിയാക്കുകയും ചെയ്തു. ബിരുദം പൂർത്തിയാക്കിയ ശേഷം, ഫിസിക്‌സ് പഠിക്കാൻ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടിയെങ്കിലും ഫിസിക്‌സിനേക്കാൾ കൂടുതൽ സാധ്യതകൾ ഇന്റർനെറ്റിന് ഉണ്ടെന്ന് കരുതി രണ്ട് ദിവസത്തിനുള്ളിൽ മസ്‌ക് അത് ഉപേക്ഷിച്ചു.

ആ സമയം ഇലോണിന്റെ ഇളയ സഹോദരൻ കിംബോൾ മസ്‌ക് കാലിഫോർണിയയിലേക്ക് വരുന്നത്. ഇന്റർനെറ്റ് വളർച്ചയുടെ കാലമായിരുന്നതിനാൽ, മാപ്പുകളുള്ള ഒരു ഇന്റർനെറ്റ് ബിസിനസ് ഡയറക്ടറിയായ സിപ് 2 എന്ന കമ്പനി ആരംഭിക്കാൻ ഇരുവരും തീരുമാനിച്ചു. അങ്ങനെയാണ് എലോൺ മസ്‌ക് ബിസിനസ്സ് ലോകത്തേക്ക് പ്രവേശിക്കുന്നത്. 1999-ൽ 307 ദശലക്ഷം ഡോളറിന് കമ്പ്യൂട്ടർ നിർമ്മാതാക്കളായ കോംപാക്ക് ഇത് വാങ്ങുകയും 22 ദശലക്ഷം ഡോളർ മസ്കിന് ലഭിക്കുകയും ചെയ്തു.

അതേ വർഷം മസ്ക് മറ്റൊരു കമ്പനി എക്സ് ഡോട്ട് കോം എന്ന കമ്പനി സ്ഥാപിച്ചു. അത് പിന്നീട് പേപാൽ എന്നറിയപ്പെട്ടു. സാമ്പത്തിക സേവനങ്ങൾക്കും ഇമെയിൽ പേയ്‌മെന്റുകൾക്കും ശ്രദ്ധ നൽകുന്ന കമ്പനിയായിരുന്നവത്. 2002-ൽ അദ്ദേഹം പേപാൽ ഇ-ബേയ്ക്ക് വിൽക്കുകയും ചെയ്തു.

2002-ൽ ബഹിരാകാശ ഗതാഗത ചെലവ് കുറയ്ക്കുന്നതിനും ബഹിരാകാശ വാഹനങ്ങൾ നിർമ്മിക്കുന്നതിനുമായി സ്‌പേസ് എക്‌സ് എന്ന പേരിൽ മൂന്നാമത്തെ കമ്പനി ഇലോൺ ആരംഭിച്ചു. നാഷണൽ എയറോനോട്ടിക്സ് ഓഫ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്നതിനുള്ള ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനുള്ള കരാർ കമ്പനിക്ക് നൽകി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ പേടകം അയക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്‌പേസ് എക്‌സ് മാറി. 2018-ൽ ഫാൽക്കൺ ഹെവി റോക്കറ്റിന്റെയും ബ്ലോക്ക് 5 ഫാൽക്കൺ റോക്കറ്റിന്റെയും വിക്ഷേപണം കമ്പനി വിജയകരമായി നിർവഹിച്ചു.

ഇലോൺ മസ്കിന്റെ വിജയഗാഥയിലെ ഏറ്റവും വലിയ നാഴികക്കല്ല് എന്ന് വിശേഷിപ്പാക്കാൻ കഴിയുന്നതാണ് ടെസ്‌ല മോട്ടോഴ്‌സ്. മാർട്ടിൻ എബർഹാർഡും മാർക്ക് ടാർപെനിംഗും ചേർന്ന് സ്ഥാപിച്ച ഇലക്ട്രിക് കാർ കമ്പനിയാണിത്. മസ്കിന്റെ കീഴിൽ ഒറ്റ ചാർജിൽ 394 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന റോഡ്‌സ്റ്റർ എന്ന ആദ്യ കാറിനെ പുറത്തിറക്കി ടെസ്‌ല മോട്ടോഴ്‌സ് അതിന്റെ ആദ്യത്തെ സുപ്രധാന സംഭാവന നൽകി.

2022-ൽ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇലോൺ മസ്‌ക് സ്വന്തമാക്കി. 2022 ഏപ്രിലിൽ കമ്പനിയുടമകൾക്ക് 4400 കോടി ഡോളറിന്റെ ഓഫർ നൽകി. പിന്നാലെ ഒരുപാട് നിയമപരവും ബിസിനസ്സ് പരവുമായ ഏറ്റുമുട്ടലുകളാണ് അരങ്ങേറിയത്. 2022 ഒക്ടോബറിൽ അദ്ദേഹം ട്വിറ്റർ അദ്ദേഹം പൂർണമായി ഏറ്റെടുത്തു. കരാർ പൂർത്തിയായതിന് ശേഷം, സിഇഒ പരാഗ് അഗർവാൾ, ലീഗൽ ആൻഡ് പോളിസി ഹെഡ് വിജയ ഗാഡ്ഡെ, സിഎഫ്ഒ നെഡ് സെഗാൾ എന്നിവരുൾപ്പടെയുള്ള ഉയർന്ന ട്വിറ്റർ എക്സിക്യൂട്ടീവുകളെ അദ്ദേഹം പുറത്താക്കി. അദ്ദേഹം സ്ഥാനമേറ്റത് മുതൽ ലോഗോ മാറ്റിയത് ഉൾപ്പടെ ട്വിറ്ററിൽ നിരവധി വിവാദ സംഭവങ്ങൾ അരങ്ങേറി.

മസ്‌കിന്റെ സംരംഭങ്ങൾ വ്യവസായങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നെങ്കിലും, 2010-കളുടെ തുടക്കത്തിൽ മാത്രമാണ് മസ്‌ക് ശ്രദ്ധേയനായ വ്യക്തിയായി മാറിയത്. സ്വതസിദ്ധവും വിവാദപരവുമായ പ്രസ്താവനകൾ നടത്തുന്ന ഒരു വിചിത്ര മനുഷ്യനായും അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്.

നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഇലോൺ മസ്‌കാണ്. കണ്ടുപിടുത്തങ്ങളും ശാസ്ത്ര-ബഹിരാകാശ പര്യവേക്ഷണ മേഖലയിലെ പ്രവർത്തനങ്ങളും അദ്ദേഹത്തെ ഒരു മികച്ച സംരംഭകനാക്കി. വ്യത്യസ്തമായ ചിന്താഗതികൾ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തോമസ് എഡിസൺ' എന്ന വിളിപ്പേരിന് അദ്ദേഹത്തെ അർഹനാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com