അതിര്‍ത്തി കടന്നുള്ള പണമിടപാടിന് ഇനി റുപേ കാര്‍ഡും; ഉപയോഗം ഇങ്ങനെ

വിദേശ യാത്ര നടത്തുന്ന ഇന്ത്യക്കാരുടെ പേയ്മെന്റ് ഓപ്ഷന്‍ വിപുലീകരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇവ ഉപയോഗിക്കാന്‍ സാധിക്കും
അതിര്‍ത്തി കടന്നുള്ള പണമിടപാടിന് ഇനി റുപേ കാര്‍ഡും; ഉപയോഗം ഇങ്ങനെ

റുപേ പ്രീപെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കും. റുപേ കാര്‍ഡുകളുടെ ഉപയോഗം വിപുലീകരിക്കാനാണ് ആര്‍ബിഐ ശ്രമം. വിദേശത്തെ എടിഎമ്മുകള്‍, പിഒഎസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് റുപേ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും.

ആഗോളതലത്തില്‍ റുപേ കാര്‍ഡുകളുടെ വ്യാപനവും സ്വീകാര്യതയും വര്‍ധിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് റുപേ ഫോറെക്സ് കാര്‍ഡ് ലോഞ്ച് ചെയ്യുന്നതെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. വിദേശ യാത്ര നടത്തുന്ന ഇന്ത്യക്കാരുടെ പേയ്മെന്റ് ഓപ്ഷന്‍ വിപുലീകരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇവ ഉപയോഗിക്കാന്‍ സാധിക്കും. വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്ട്ര കാര്‍ഡുകളുമായുള്ള സഹകരണം വഴിയുമാണ് റുപേ കാര്‍ഡിന് ആഗോളതലത്തില്‍ സ്വീകാര്യത ഉറപ്പാക്കുന്നത്.

അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ സുഗമമാക്കുന്നതിനുള്ള സുപ്രധാന തീരുമാനമെന്നാണ് നീക്കത്തെ കാഷ് ഫ്രീ പേയ്മെന്റ്സിന്റെ സിഇഒയും ഫൗണ്ടര്‍മാരില്‍ ഒരാളുമായ ആകാശ് സിന്‍ഹ വിശേഷിപ്പിച്ചത്. ഇത് പണമിടപാടുകള്‍ കൂടുതല്‍ എളുപ്പവും കാര്യക്ഷമവും ആക്കുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് ഫോറെക്സ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്?

പ്രീപെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ തെരഞ്ഞെടുക്കുന്നതിന് ഒപ്പം തന്നെ നിങ്ങള്‍ ഈ കാര്‍ഡുകളില്‍ ആവശ്യം അനുസരിച്ച് ഒന്നോ അധിലധികമോ വിദേശ കറന്‍സികള്‍ക്കായുള്ള ഓപ്ഷനും തെരഞ്ഞെടുക്കണം. വിവിധ രാജ്യങ്ങളില്‍ ഇവ ഉപയോഗിക്കാനും സാധിക്കും.

പണം മുന്‍കൂറായി ഡിപ്പോസിറ്റ് ചെയ്താണ് ഈ കാര്‍ഡുകളുടെ പ്രവര്‍ത്തനം. സാധാരണ പോലെ തന്നെ ഓണ്‍ലൈനായും കാര്‍ഡുകളില്‍ പണം ഡിപ്പോസിറ്റ് ചെയ്യാന്‍ കഴിയും. ചില സ്ഥാപനങ്ങള്‍ മാത്രമാണ് ഇതിന് ചെറിയൊരു തുക ഈടാക്കുന്നത്. എന്നാല്‍ പ്രവര്‍ത്തന ചെലവ് കൂടുതലായതിനാല്‍ ഫോറെക്സ് കാര്‍ഡുകളിലെ വിനിമയ നിരക്ക് സാധാരണ ഐബിആറി(ഇന്റര്‍ ബാങ്ക് എക്സ്ചേഞ്ച് റേറ്റ്)നേക്കാള്‍ കൂടുതലായിരിക്കും.

ഗുണങ്ങള്‍

വിദേശ പണമിടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും സുരക്ഷിത മാര്‍ഗങ്ങളില്‍ ഒന്നായാണ് പ്രീപെയ്ഡ് ഫോറെക്സ് കാര്‍ഡിനെ വിശേഷിപ്പിക്കുന്നത്. പ്രീലോഡിങ്ങിലൂടെ എക്സ്ചേഞ്ച് റേറ്റുകള്‍ ലോക്ക് ചെയ്യപ്പെടുമെന്നതിനാല്‍ റേറ്റുകളിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കില്ല. കാര്‍ഡില്‍ ലോഡ് ചെയ്തിരിക്കുന്ന കറന്‍സി പരിധിക്കുള്ളില്‍ ഉപയോഗിക്കുകയാണെങ്കില്‍ അഡീഷണല്‍ ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്-അപ് ഫീസിന്റെ കാര്യവും വരുന്നില്ല.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളെ അപേക്ഷിച്ച് ഫോറെക്സ് കാര്‍ഡുകള്‍ക്ക് മാര്‍ക്-അപ്പ് ഫീസ് കുറവായിരിക്കുമെന്നതും പ്രത്യേകതയാണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്നതിനാണ് റുപേ കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് ബിസിനസ് വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ എടിഎം ഇടപാടുകള്‍ക്കും, ബാലന്‍സ് എന്‍ക്വയറിക്കും ഉള്‍പ്പടെ ഈ കാര്‍ഡുകള്‍ ഒരു നിശ്ചിത ചാര്‍ജ് ഈടാക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല നിശ്ചിത പരിധിക്ക് മുകളിലാണ് ഉപയോഗമെങ്കില്‍ ടിസിഎസ് ചാര്‍ജ് ഉണ്ടായേക്കും. കാര്‍ഡിന് ഡെയ്ലി വിഡ്രോവല്‍ ലിമിറ്റുള്ളതിനാല്‍ ചെലവുകള്‍ ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com