മനുഷ്യന്റെ തൊലികൊണ്ട് പുസ്തകത്തിന്റെ കവര്‍; ഇരയായ ആ സ്ത്രീ ആര്?

"ഒരു സ്ത്രീയുടെ പുറകില്‍ നിന്ന് എടുത്ത ഈ മനുഷ്യ ചർമ്മത്തിൻ്റെ ഭാഗം ഞാൻ സൂക്ഷിച്ചു. മനുഷ്യാത്മാവിനെക്കുറിച്ചുള്ള ഒരു പുസ്തകം ഒരു മനുഷ്യ ആവരണം അർഹിക്കുന്നു." പുസ്തകത്തിലുള്ള കുറിപ്പില്‍ പറയുന്നു
മനുഷ്യന്റെ തൊലികൊണ്ട് പുസ്തകത്തിന്റെ കവര്‍; ഇരയായ
ആ സ്ത്രീ ആര്?

നൂറ്റാണ്ടിന് മുന്‍പ് മരണപ്പെട്ട ഒരു സ്ത്രീയെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ഹാർവാർഡ് സർവ്വകലാശാല. അത്രമേല്‍ പ്രശസ്തയൊന്നുമല്ലാത്ത ഒരു സ്ത്രീയെ കുറിച്ച് ഇപ്പോള്‍ ഇങ്ങനെയൊരു പഠനത്തിന് കാരണം ഒരു പുസ്തകമാണ്. ഫ്രഞ്ച് നോവലിസ്റ്റ് ആഴ്‌സെൻ ഹൗസേ 1880 കളിലെഴുതിയ 'ഡെസ്റ്റിനീസ് ഓഫ് ദ് സോള്‍' എന്ന പുസ്തകം. ഈ പുസ്തകത്തിന്‍റെ പുറംചട്ട നിർമ്മിച്ചിരിക്കുന്നതാകട്ടെ മനുഷ്യചർമ്മം ഉപയോഗിച്ചും. 1930 മുതൽ 'ആത്മാവിൻ്റെ വിധികൾ' എന്ന പുസ്തകം ഹൗട്ടൺ ലൈബ്രറിയിൽ ഉണ്ട്. 2014-ൽ ആണ് പുസ്തകത്തിന്‍റെ പുറംചട്ട മനുഷ്യന്‍റെ തൊലികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. നൂറ്റാണ്ടിന് മുന്‍പ് ജീവിച്ചിരുന്ന വ്യക്തിയോട് ചെയ്യുന്ന അധാർമികത തിരിച്ചറിഞ്ഞ സർവകാലാശാല കഴിഞ്ഞ ദിവസം പുസ്തകത്തിന്‍റെ പുറംചട്ട നീക്കം ചെയ്തു.

"സൂക്ഷ്മമായ പഠനങ്ങള്‍ക്ക് ശേഷം ഹാർവാർഡ് ലൈബ്രറിയും ഹാർവാർഡ് മ്യൂസിയം കളക്ഷൻസ് റിട്ടേൺസ് കമ്മിറ്റിയും ഈ പുസ്തകത്തിൻ്റെ ബൈൻഡിംഗ് നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പുസ്തകത്തിന്‍റെ മനുഷ്യശരീര ഭാഗം ഉള്‍ക്കൊള്ളുന്ന കവര്‍ ഇനി ഹാർവാർഡ് ലൈബ്രറി ശേഖരത്തിൽ ഉണ്ടാവില്ല. മരണപ്പെട്ട സ്ത്രീയുടെ അന്തസ് കാത്തുസൂക്ഷിക്കാനാവും വിധം പുറംചട്ട നീക്കാനുള്ള വഴികൾ നോക്കുകയാണ്. അജ്ഞാതയായ ആ സ്ത്രീയുടെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തും" ഹാർവാർഡ് ലൈബ്രറി വ്യക്തമാക്കി.

1880-കളുടെ മധ്യത്തിലാണ് ആഴ്‌സെൻ ഹൗസേ ആത്മാവിൻ്റെ വിധി എന്ന പുസ്തകം എഴുതിയത്. എഴുത്തുകാരന്‍ പുസ്തകം തന്‍റെ സുഹൃത്തായ ലുഡോവിക് ബൗലാൻഡിന് നൽകിയതായി പറയപ്പെടുന്നു. ഡോക്ടറായിരുന്ന ബൗലാൻഡ് സാധാരണ മരണം സംഭവിച്ച, ശരീരം ആരും ഏറ്റെടുക്കാന്‍ ഇല്ലാതിരുന്ന ഒരു സ്ത്രീ രോഗിയുടെ ചർമ്മം ഉപയോഗിച്ച് പുസ്തകത്തിന് പുറംചട്ട നിര്‍മ്മിക്കുകയായിരുന്നു. 1934-ൽ ഹാർവാർഡ് ലൈബ്രറിയില്‍ എത്തിയ ഈ പുസ്തകത്തിനൊപ്പം ഒരു കുറിപ്പുമുണ്ട്. "ഒരു സ്ത്രീയുടെ പുറകില്‍ നിന്ന് എടുത്ത ഈ മനുഷ്യ ചർമ്മത്തിൻ്റെ ഭാഗം ഞാൻ സൂക്ഷിച്ചു. മനുഷ്യാത്മാവിനെക്കുറിച്ചുള്ള ഒരു പുസ്തകം ഒരു മനുഷ്യ ആവരണം അർഹിക്കുന്നു." എന്ന് ഈ കുറിപ്പില്‍ പറയുന്നുണ്ട്.

ആന്ത്രോപോഡെർമിക് ബിബ്ലിയോപെജി

പുസ്തകങ്ങളുടെ കവറുകള്‍ നിർമ്മിക്കാന്‍ മനുഷ്യന്‍റെ ചർമ്മം ഉപയോഗിക്കുന്ന രീതിക്ക് ആന്ത്രോപോഡെർമിക് ബിബ്ലിയോപെജി എന്നാണ് പറയുന്നത്. പതിനാറാം നൂറ്റാണ്ട് മുതൽ ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ വധശിക്ഷയ്ക്ക് വിധേയരാകേണ്ടി വന്ന കുറ്റവാളികളുടെ മൃതദേഹങ്ങൾ ശാസ്ത്രത്തിന് വിട്ടു നല്‍കിയിരുന്നു. ഇവരുടെ ചര്‍മ്മം പിന്നീട് ബുക്ക് ബൈൻഡിങ്ങിന് ഉപയോഗിച്ചുവെന്നാണ് പറയപ്പെടുന്നത്. 2020 ല്‍ മനുഷ്യചർമ്മം പുറംചട്ടയായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന 31 പുസ്തകങ്ങള്‍ പരിശോധിച്ചപ്പോള്‍ 18 എണ്ണം നിര്‍മ്മിച്ചിരിക്കുന്നത് മനുഷ്യ ചർമ്മം ഉപയോഗിച്ചാണെന്ന് സ്ഥിരീകരിച്ചു.

പ്രണയം, പക, കൊലപാതകം; തൂക്കിലേറ്റപ്പെട്ട 18 കാരന്‍റെ ചർമ്മം കൊണ്ട് നിർമ്മിച്ച പുസ്തകം

ആന്ത്രോപോഡെർമിക് ബിബ്ലിയോപെജിക്ക് യുകെയിൽ അവശേഷിക്കുന്ന ചുരുക്കം ചില ഉദാഹരണങ്ങളിൽ ഒന്നാണ് ബ്രിസ്റ്റോൾ ഗയോളിൽ തൂക്കിലേറ്റപ്പെട്ട മനുഷ്യൻ്റെ തൊലിയിൽ നിന്ന് നിർമ്മിച്ച പുസ്തകം. ഇരുണ്ട തവിട്ട് നിറത്തിലുള്ള ഈ പുസ്തകപുറംചട്ട നിര്‍മ്മിച്ചിരിക്കുന്നത് ഒരു 18 വയസ്സുകാരന്‍റെ തൊലി ഉപയോഗിച്ചാണ്. എലിസ ബാൽസത്തിൻ്റെ കൊലപാതകത്തിന് തൂക്കിലേറ്റപ്പെട്ട ജോൺ ഹോർവുഡാണ് ഈ 18 കാരന്‍.

1821-ല്‍ നടന്ന കുറ്റകൃത്യത്തിൻ്റെ വിശദാംശങ്ങളാണ് പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്, ജോൺ ഹോർവുഡ് എന്ന കൗമാരക്കാരന്‍ എലിസ ബാൽസത്ത് എന്ന പെണ്‍കുട്ടിയില്‍ ആകൃഷ്ടനായി. അവളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ഹോർവുഡ് ഒരു ദിവസം എലിസ വെള്ളമെടുക്കാൻ കിണറ്റിലേക്ക് നടക്കുമ്പോൾ ഒരു കല്ലെടുത്ത് അവള്‍ക്ക് നേരെ എറിഞ്ഞു. പുസ്തകത്തില്‍ പറയുന്നത് അനുസരിച്ച് "ഹോർവുഡ് ഒരു വലിയ കല്ല് എടുത്ത് ഏറ്റവും ക്രൂരതയോടെ അവളുടെ തലയോട്ടി കഷണങ്ങളാക്കി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കൂട്ടുകാരികള്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ തലയ്ക്ക് പരിക്കേറ്റ അവൾ മരണത്തിന് കീഴടങ്ങി." വിചാരണയ്ക്കും വധശിക്ഷയ്ക്കും ശേഷം, ഹോർവുഡിന്റെ മൃതദേഹം പരിശോധിച്ച സർജൻ റിച്ചാർഡ് സ്മിത്ത് കേസിനെക്കുറിച്ചുള്ള പേപ്പറുകള്‍ സൂക്ഷിക്കുവാൻ ഹോർവുഡിന്റെ ചർമ്മം ഉപയോഗിക്കുകയായിരുന്നു.

ഇപ്പോൾ ബ്രിസ്റ്റോളിലെ എം ഷെഡ് മ്യൂസിയത്തിലാണ് ഈ പുസ്തകം ഉള്ളത്. മറ്റേതൊരു തുകൽ-ബൗണ്ട് ടെക്‌സ്‌റ്റിൻ്റെയും അതേ രീതിയിൽ തന്നെയാണ് ഈ പുസ്തകവും സംരക്ഷിക്കുന്നതെന്ന് ആർക്കൈവിസ്റ്റ് അല്ലി ഡിലോൺ പറയുന്നു. “ഇത് ശരിക്കും സങ്കടകരമായ ഒരു കഥയാണ്. ജോൺ ഹോർവുഡ് തികച്ചും ദുർബലനായ ഒരു വ്യക്തിയാണെന്ന് തോന്നുന്നു, ഇത് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് കാരണമായിരിക്കാം. മനുഷ്യ ചർമ്മത്തിൽ ഒരു പുസ്തകം പൊതിയുന്നത് വളരെ ക്രൂരമാണ്. എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് ഒരു പ്രതികാരമായാണ് എനിക്ക് തോന്നുന്നുത്." അല്ലി ഡിലോൺ പറയുന്നു.

പുസ്തകകവറായ കുറ്റവാളികള്‍

കുപ്രസിദ്ധ കൊലപാതകിയായ വില്യം ബർക്കിൻ്റെ ചർമ്മം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതാണ് ഇത്തരത്തിലുള്ള മറ്റൊരു ബുക്ക്. അനാട്ടമി സ്കൂളില്‍ മൃതശരീരങ്ങള്‍ എത്തിച്ചു നല്‍കുന്ന ജോലിയായിരുന്നു വില്യം ബർക്കിന്. മരണപ്പെട്ടവരുടെ ശരീരം കണ്ടെത്തുന്നതിന് പകരം ബർക്ക് തൻ്റെ പങ്കാളി വില്യം ഹെയറിനൊപ്പം ചേര്‍ന്ന് ആളുകളെ കൊല്ലാൻ തുടങ്ങി. 15 ലധികം മൃതദേഹങ്ങളാണ് ഇങ്ങനെ ഇവർ വിറ്റത്.

പേജുകളില്ലാത്ത എന്നാൽ വ്യക്തിഗത നോട്ടുകളും പണവും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ചെറിയ തവിട്ടുനിറത്തിലുള്ള പോക്കറ്റ് ബുക്ക് നിര്‍മ്മിക്കാനാണ് വില്യം ബർക്കിന്‍റെ ചർമ്മം ഉപയോഗിച്ചത്. ഇതിന്‍റെ പുറംചട്ടയിൽ 1829-ൽ ബർക്കിൻ്റെ വധശിക്ഷ നടപ്പാക്കിയ തീയതി സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. 1827-ൽ മരിയ മാർട്ടനെ കൊന്നതിന് ശിക്ഷിക്കപ്പെട്ട വില്യം കോർഡർ എന്ന വ്യക്തിയുടെയും ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിന് തൂക്കിലേറ്റപ്പെട്ട ജോർജ്ജ് കുഡ്‌മോര്‍ എന്ന ആളുടെയും ചർമ്മം ഇത്തരത്തില്‍ പുസ്തകത്തിനു വേണ്ടി ഉപയോഗിക്കപ്പെട്ടുവെന്ന് പഠനങ്ങള്‍ പറയുന്നു.

വിരങ്ങള്‍ക്ക് കടപ്പാട്: ബിബിസി

Related Stories

No stories found.
logo
Reporter Live
www.reporterlive.com