Special

ഇതിഹാസങ്ങളെ അനുസ്മരിപ്പിക്കുന്ന താരം; സഞ്ജുവിനായി വീണ്ടും ആരാധകർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഏറ്റവും മികച്ച പ്രകടനവുമായി മുന്നേറുകയാണ് സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും. സീസണിൽ എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഏഴിലും സഞ്ജു നായകനായ ടീം വിജയിച്ചു. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരൊറ്റ മത്സരമാണ് രാജസ്ഥാൻ പരാജയപ്പെട്ടത്. എങ്കിലും ഇന്ത്യൻ ക്രിക്കറ്റിൽ പലപ്പോഴായി സഞ്ജു സാംസണിന്‍റെ പേര് അവഗണിക്കപ്പെട്ടു. ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് രാജസ്ഥാൻ റോയൽസിന്റെയും സഞ്ജു സാംസണിന്റെയും ആരാധകർ.

എക്കാലത്തും രാജസ്ഥാൻ റോയൽസിൽ നിശബ്ദമായി സഞ്ജു തൻ്റെ പേര് രേഖപ്പെടുത്തി. ഒരു നായകനും അപ്പുറമാണ് രാജസ്ഥാനായി സഞ്ജുവിന്റെ സംഭാവനകൾ. ഐപിഎൽ കരിയറിൽ 4000ലധികം റൺസ് നേടിയ താരം. 16 റൺസ് കൂടി നേടിയാൽ ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ ആദ്യ 15ൽ മലയാളി താരമെത്തും.

ഒരു താരമായി മാത്രമല്ല, സഞ്ജുവിന്റെ പെരുമാറ്റവും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയെ അനുസ്മരിപ്പിക്കും വിധമുള്ള തീരുമാനങ്ങൾ ചിലത് സഞ്ജുവിലും കാണാൻ കഴിയും. അതിലൊന്നാണ് മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറിക്കായി കാത്തിരിക്കുന്ന ജയ്സ്വാളിന് സ്ട്രൈക്ക് കൈമാറുന്നത്.

മുൻകാലങ്ങളിൽ സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ച് ഏറെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഈ സീസണിൽ അതും ആർക്കും പറയാനാകില്ല. ഈ സീസണിൽ സഞ്ജുവി‍ന്റെ ബാറ്റിംഗ് ശരാശരി 62.80 ആണ്. സ്‌ട്രൈക്ക് റേറ്റ് 150ന് മുകളിലാണ്. സീസണിൽ റോയൽസിനായി മൂന്നു അർദ്ധ സെഞ്ച്വറികൾ മലയാളി താരം ഇതിനോടകം നേടിക്കഴിഞ്ഞു. ഒരു നായകന്റെ സമ്മർദ്ദം ഇല്ലാതെയാണ് സഞ്ജുവിന്റെ ഈ പ്രകടനങ്ങളെന്നതാണ് വിസ്മയിപ്പിക്കുന്നത്.

ബാറ്റിം​ഗിന് പുറമെ വിക്കറ്റിന് പിന്നിലും സഞ്ജു മികവ് പുലർത്തുന്നു. ഫീൽഡ് സെറ്റ് ചെയ്യാനും റിവ്യൂ തിരഞ്ഞെടുക്കാനും അധികം പന്തുകൾ പാഴാക്കാതെ ആക്രമണ ബാറ്റിം​ഗിലേക്കുള്ള ശൈലി മാറ്റം തുടങ്ങിയവ ഒരു പക്വതയാർന്ന താരത്തിലേക്ക് സഞ്ജുവിനെ മാറ്റിയിട്ടുണ്ട്. ഇനി മുൻതാരങ്ങളും ആരാധകരും ആവർത്തിച്ച് ആവശ്യപ്പെടുന്ന കാര്യമാണ് നടക്കേണ്ടത്. അവ​ഗണനകൾ അവസാനിപ്പിച്ച് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായി സ‍‌ഞ്ജുവിന് അവസരം നൽകുക.

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

SCROLL FOR NEXT