Special

മലയാളിയുടെ ഹൃദയത്തിൻ്റെ ഫ്രെയിമിൽ ആ 'ചിത്രം' പതിഞ്ഞിട്ട് 35 വർഷം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലയാള സിനിമാ ചരിത്രത്തിൽ ഒരുപക്ഷേ അധികം സിനിമകൾക്ക് അവകാശപ്പെടാനില്ലാത്ത നേട്ടം, ബോക്സ് ഓഫീസ് കണക്കുകളെ പഴങ്കഥകളാക്കിയ ഓൾ ടൈം ബ്ലോക്ബസ്റ്റർ 'ചിത്രം' മലയാള സിനിമയുടെ ഭാഗമായിട്ട് 35 വർഷങ്ങൾ പൂർത്തിയാവുകയാണ്.

മലയാള സിനിമയുടെ കൊമേഴ്യൽ ചേരുവകൾ എല്ലാം തികച്ച് പ്രിയദർശൻ അണിയിച്ചൊരുക്കിയ സിനിമ 1988 ഡിസംബർ 23നാണ് റിലീസിനെത്തുന്നത്. അമ്പത് കോടി ക്ലബ്ബും നൂറ് കോടി ക്ലബ്ബുമെല്ലാം പുതിയകാലത്തെ പദപ്രയോഗങ്ങളാകുമ്പോൾ 366 ദിവസങ്ങളാണ് തുടർച്ചയായി ചിത്രം പ്രേക്ഷകർ കണ്ടത്. കേരളത്തിലെ എ, ബി, സി ക്ലാസ് തിയേറ്ററുകളിൽ സിനിമയ്ക്ക് ഒരുപോലെ പ്രേക്ഷകരുണ്ടായി.

'മംഗല്യപ്പുഴ' എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ചിത്രം. ആ ഗ്രാമത്തിലെ 'തമ്പുരാൻ' നാട്ടിലെ തന്റെ അവസാന അവധിക്കാലം മകളോടും മരുമകനോടും ഒപ്പം ആഘോഷിക്കാൻ അമേരിക്കയിൽ നിന്ന് വരുന്നു. ചില സവിശേഷ സാഹചര്യങ്ങളിൽ വിവാഹം കഴിച്ചുവെന്ന് അച്ഛനെ അറിയിച്ച കാമുകനെ ഭർത്താവാക്കാൻ മകൾക്ക് സാധിക്കുന്നില്ല. ഈ വിവരം അച്ഛനറിയാനും പാടില്ല. അച്ഛൻ അമേരിക്കയിൽ നിന്നെത്തുമ്പോൾ ഭർത്താവ് ഒപ്പം വേണമെന്ന നിസ്സഹായ സാഹചര്യത്തിൽ 15 ദിവസത്തേയ്ക്ക് ഭർത്താവായി അഭിനയിക്കാൻ അവളൊരാളെ വാടകയ്ക്ക് എടുക്കുന്നു. ആ നായികയും നായകനും 15 ദിവസങ്ങൾ കൊണ്ട് വേർപിരിയാനാകാത്ത വിധം അടുക്കുന്നു. നായകൻ തൂക്ക് കയറിലേയ്ക്ക് പോകുമ്പോൾ ഇനിയുള്ള തന്റെ ജീവിതം അയാളുടെ ഓർമ്മകളിൽ ജീവിക്കാൻ അവൾ തീരുമാനിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒപ്പം നായകന്റെ കുട്ടിയെയും ഏറ്റെടുക്കുന്നു.

യഥാർത്ഥ്യ ബോധത്തോടെ ചിന്തിച്ചാൽ യുക്തികൊണ്ട് അളക്കാനാകാത്ത കഥാഗതിയെ ഒരു വർഷക്കാലം തിയേറ്ററുകളിലും 35 വർഷങ്ങളായി മനസിലും കൊണ്ടു നടക്കുകയാണ് മലയാളി പ്രേക്ഷകർ. ഇതുപോലൊരു കഥയെ വിശ്വസനീയമാം വിധം അവതരിപ്പിക്കാൻ പ്രിയദർശനല്ലാതെ മലയാള സിനിമയിൽ മറ്റാർക്ക് സാധിക്കും. ചിത്രത്തിന്റെ മുഖ്യ ആകർഷണം മോഹൻലാൽ തന്നെയാണ്. വിഷ്ണു എന്ന കഥാപാത്രത്തെ ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ മറ്റാർക്കാണ് സാധിക്കുക. കുസൃതിയും തമാശയും സെൻ്റിമെൻസും ചേരുംപടി ചേരുന്ന നിഷ്കളങ്കതായാണ് കഥാപാത്രത്തിന്. മോഹൻലാൽ തകർത്താടുമ്പോൾ രഞ്ജിനിയെനും നെടുമുടി വേണുവിനെയുമൊന്നും വിസ്മരിക്കാനുമാകില്ല.

സിനിമ തുടങ്ങി 22-ാം മിനിറ്റിൽ മോഹൻലാലിനെ അവതരിപ്പിച്ചത് മുതൽ സോമന്റെ ജയിൽ സൂപ്രണ്ട് കഥാപാത്രമെത്തുന്നത് വരെ എവിടെയും കഥയുടെ ഒഴുക്ക് നഷ്ടപ്പെടുന്നില്ല. പതിനായിരം രൂപയ്ക്ക് വേണ്ടി മാന്യമായ എന്തും ചെയ്യും എന്ന് വിഷ്ണു പറയുന്നതിന് മോഷണം മാന്യമായ പണിയാണോയെന്നാണ് നെടുമുടി വേണുവിന്റെ മറുചോദ്യം. ശ്രീനിവാസൻ കഥാപാത്രത്തിന്റെ അടുത്ത തമ്പുരാനാകാനുള്ള മോഹം, വിഷ്ണുവിനെക്കുറിച്ച് താൻ പറയുന്നത് ആരും വിശ്വസിക്കാതെയാകുന്ന നിസ്സഹായാവസ്ഥയിൽ 'ഇതൊരു ആനയല്ല, ഇത് തേങ്ങയല്ല, ഇതൊരു ഒല്ലക്കയുമല്ല' എന്ന് പറയുന്ന രംഗം, മംഗല്യപ്പുഴ ഗ്രാമത്തിന്റെ ഗോത്ര ആചാരങ്ങളുടെ ഭാഗമായി രഞ്ജിനിയുടെ കഥാപാത്രമായ കല്യാണിയെ വടിയെടുത്ത് അടിക്കുന്നതും, വിഷ്ണു കർപ്പൂരം കൈയ്യിൽ വച്ച് കത്തിക്കുന്ന രംഗവും, പണം വാങ്ങി വിഷ്ണു മുങ്ങാൻ തുടങ്ങുമ്പോൾ കൈമളിന് മുമ്പിൽ പിടിക്കപ്പെടുന്നതും അങ്ങനെയങ്ങനെ ഓർത്തെടുക്കാൻ ഒരുപാട് ചിരി മുഹൂർത്തങ്ങൾ സിനിമ സമ്മാനിക്കുന്നുണ്ട്.

സിനിമയെത്തും മുമ്പ് റിലീസ് ചെയ്ത പാട്ടു കാസറ്റുകൾ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്ന കാലമായിരുന്നു അത്. എന്നാൽ എന്തുകൊണ്ടോ ചിത്രത്തിന്റെ കാസറ്റുകൾ ശ്രദ്ധിക്കപ്പെട്ടില്ല. കണ്ണൂർ രാജൻ-ഷിബു ചക്രവർത്തി കൂട്ടുകെട്ടിലെ അതിമനോഹരമായ ഗാനങ്ങൾ ഹിറ്റുകളാകുന്നത് സിനിമ ഇറങ്ങിയതിന് ശേഷമാണ്. അഞ്ച് ലക്ഷത്തോളം ഓഡിയോ കാസറ്റുകളാണ് പിന്നീട് വിറ്റുപോയത്. എം ജി ശ്രീകുമാറിന് മലയാള സിനിമയിൽ ഉറപ്പുള്ള ഇരിപ്പിടം കൊടുത്തതിൽ ഈ പാട്ടുകൾക്ക് പങ്കുണ്ട്. അത്രകാലം മലയാള സിനിമ കണ്ടിട്ടില്ലാത്തത് പോലെ ഫാന്റസി എലമെന്റുകളെ ചേർത്തുവെച്ച് ഔട്ട് ഡോറിലാണ് പ്രിയദർശൻ ഗാനങ്ങൾ ചിത്രീകരിച്ചത്.

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' മുതൽ ഇപ്പോൾ 'നേരം' വരെ എണ്ണി പറയാവുന്ന ക്രിസ്തുമസ് കാലം മലയാളി പ്രേക്ഷകർക്ക് സമാനിച്ച നടനാണ് മോഹൻലാൽ. അദ്ദേഹത്തെ മലയാളികളുടെ പ്രിയപ്പെട്ട നടനാക്കിയതിൽ ചിത്രത്തിനും മറ്റു പ്രിയദർശൻ ചിത്രങ്ങൾക്കുമുള്ള പങ്ക് വലുതാണ്. സിനിമയുടെ ആദ്യാവസാനം പ്രേക്ഷകനെ ഒരുപോലെ പിടിച്ചിരുത്തുന്ന മറ്റൊരു സംവിധായകൻ ഉണ്ടാകില്ല. ഹ്യൂമറും ഇമോഷനും ചിട്ടയോടെ അടുക്കി പ്രേക്ഷകരെ അതിൽ കുരുക്കുകയാണ് പ്രിയദർശൻ ചെയ്തത്. ഒരുപാട് ആസ്വദിച്ച് പ്രേക്ഷകൻ കഥയ്ക്കൊപ്പമെത്തി നിൽക്കുമ്പോൾ സെന്റിമെൻസിൽ കുരുക്കി അതിലകപ്പെടുത്തുകയാണ് ചിത്രം. ക്ലൈമാക്സിനോട് അടുക്കുമ്പോൾ 'കൊല്ലാതിരിക്കാൻ പറ്റുമോ, ഇല്ല അല്ലെ' എന്ന് വിഷ്ണു പറയുന്നതോടെ ഒഴുകാനിരുന്ന ആ തുള്ളി കണ്ണീരും കാഴ്ചക്കാർ പൊഴിച്ചു കഴിയും. ഒരല്പം കണ്ണീരോടെ പൂർണ്ണ സംതൃപ്തിയോടെ പല തലമുറയാണ് ചിത്രത്തെ ആസ്വദിക്കുന്നത്.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തിനാണ് പാകിസ്താനെ കുറിച്ച് സംസാരിക്കുന്നത്; പ്രിയങ്ക ഗാന്ധി

മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതിക ദേഹം ഈ മാസം 20ന് കേരളത്തിലെത്തിക്കും; 21ന് ഖബറടക്കം

അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം ക‍ർശന നി‍ർദ്ദേശത്തോടെ

SCROLL FOR NEXT