News

ദുൽഖറിന് പകരക്കാരൻ സിമ്പു തന്നെ; തഗ് ലൈഫ് പൂർത്തിയാക്കിയ ശേഷം എസ്ടിആർ 48

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്‌നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര ഭാഗമാകുന്ന സിനിമയിൽ നിന്ന് ദുൽഖർ സൽമാൻ പിൻമാറിയതിന് പിന്നാലെ അണിയറപ്രവർത്തകർ തമിഴ് താരം സിമ്പുവിനെ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ സിമ്പു സിനിമയിൽ അഭിനയിക്കുന്നതിന് സമ്മതം മൂളിയതായുള്ള വാർത്തകളാണ് വരുന്നത്.

സിമ്പു ഈ വാരം തന്നെ സിനിമയ്ക്കായുള്ള കരാറിൽ ഒപ്പിടും. അതിന് ശേഷം നടൻ സിനിമയുടെ ഭാഗമാകുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നടൻ തഗ് ലൈഫിനായി 25 ദിവസത്തെ ഡേറ്റാണ് നൽകിയിരിക്കുന്നത്. തഗ് ലൈഫ് പൂർത്തിയാക്കിയ ശേഷം മെയ് അവസാനത്തോടെയോ അല്ലെങ്കിൽ ജൂണിലോ എസ്ടിആർ 48 എന്ന സിമ്പുവിന്റെ പുതിയ പ്രോജക്ടിന് തുടക്കമാവും.

മറ്റു സിനിമകളുടെ തിരക്കുകൾ മൂലമാണ് ദുൽഖർ ചിത്രത്തിൽ നിന്ന് പിന്മാറിയത്. തുടർന്നാണ് അണിയറപ്രവർത്തകർ സിമ്പുവിലെക്ക് എത്തിയത്. മണിരത്‌നത്തിന്റെ 'ചെക്ക ചിവന്ത വാനത്തി'ൽ ഒരു പ്രധാന കഥാപാത്രത്തെ സിമ്പു അവതരിപ്പിച്ചിരുന്നു.

സിനിമയിൽ മറ്റൊരു കഥാപാത്രത്തിനായി പരിഗണിച്ചിരുന്ന നടൻ ജയം രവിയും സിനിമയിൽ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങളുണ്ട്. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവി ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 1, പൊന്നിയിൻ സെൽവൻ 2, എന്നീ സിനിമകളിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു.

മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.

1987ൽ പുറത്തിറങ്ങിയ 'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണം, അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

ദില്ലി മദ്യനയക്കേസ്: കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ല, ജാമ്യം നൽകുന്നതിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ബിജെപിക്ക് ഭൂരിപക്ഷമില്ല, ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ജെജെപി; ഗവർണർക്ക് കത്ത്

SCROLL FOR NEXT