News

നേര്, ഓസ്‌ലർ: വിജയത്തുടര്‍ച്ചയുമായി മറ്റൊരു 'പ്രൊഫഷണല്‍' ഹിറ്റ്, 'ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഭിഭാഷക എഴുതിയ ലീഗല്‍ ത്രില്ലറായിരുന്നു ജിത്തു ജോസഫ് സംവിധാനത്തിലൊരുങ്ങിയ മോഹന്‍ലാല്‍ ചിത്രം 'നേര്'. സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തിലെ കോടതി രംഗങ്ങള്‍ അടുത്ത കാലത്ത് ഒന്നും മറ്റൊരു സിനിമയിലും കാണാത്തത്ര പുതുമയോടെയാണ് കാണികള്‍ക്ക് അനുഭവപ്പെട്ടത്. ആ പ്രൊഫഷണല്‍ തിരക്കഥയ്ക്ക് കാരണം, വര്‍ഷങ്ങളായി കോടതിമുറികളില്‍ ഒട്ടേറെ നിയമയുദ്ധങ്ങള്‍ക്ക് സാക്ഷിയായ അഡ്വ. ശാന്തി മായാദേവി എന്ന അഭിഭാഷകയുടെ സാന്നിധ്യമായിരുന്നു. അഡ്വ. ശാന്തിയാണ് സംവിധായകനൊപ്പെം നേരിന്റെ തിരക്കഥ രചിച്ചത്. ഒരു നിയമയുദ്ധത്തിന്റെ കഥയ്ക്ക് ഒരു അഭിഭാഷക തന്നെ തിരക്കഥ എഴുതുക എന്ന അപൂര്‍വതയും നേരിനെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.

നേരിനു തൊട്ടു പിന്നാലെ വെള്ളിത്തിരയിലെത്തിയ മെഡിക്കല്‍ ത്രില്ലറായിരുന്നു ജയറാം ചിത്രം 'എബ്രഹാം ഓസ്‌ലർ'. ആശുപത്രിയും ഡോക്ടര്‍മാരും മുഖ്യപ്രമേയമായ ഓസ്ലറിലെ മെഡിക്കല്‍ രംഗങ്ങളുടെ സ്വാഭാവികതയും കാണികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അതിന്റെ കാരണക്കാരന്‍ ഒരു ഡോക്ടറായിരുന്നു. വയനാട്ടില്‍ മെഡിക്കല്‍ പ്രാക്ടീഷനറായ ഡോ.രണ്‍ധീര്‍ കൃഷ്ണന്‍. അദ്ദേഹമാണ് ഓസ്ലറിന്റെ തിരക്കഥ രചിച്ചത്. ഓസ്ലറിലെ മെഡിക്കല്‍ രംഗങ്ങളുടെ ആധികാരികത ചിത്രത്തിന്റെ വിജയത്തില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു. അതേ മേഖലയില്‍ ജോലി ചെയ്യുന്നൊരു ഡോക്ടറുടെ സാന്നിധ്യമാണ് ഓസ്ലറിനെ ഒരു പ്രൊഫഷണല്‍ സ്‌ക്രിപ്റ്റ് ആക്കിയത്.

ഈ ചിത്രങ്ങൾക്ക് പിന്നാലെ മലയാള സിനിമയിലെ പ്രൊഫഷണല്‍ വിജയത്തുടര്‍ച്ച നിലനിര്‍ത്തുകയാണ് സുബീഷ് സുധിയെ നായകനാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത 'ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം' എന്ന സിനിമ. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരായ ആശാ വര്‍ക്കര്‍മാരുടെ ജീവിതം വരച്ചുകാട്ടുന്ന ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വര്‍ഷങ്ങളോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്ത അടുത്തിടെ അന്തരിച്ച നിസാം റാവുത്തറായിരുന്നു.

ചിത്രത്തിന്റെ റിലീസിന് രണ്ടു ദിവസം മുന്‍പേ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി നിസാം റാവുത്തര്‍ വിട പറഞ്ഞുപോയെങ്കിലും, പ്രാഥമിക ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ തിരക്കഥയുടെ രചയിതാവായി അദ്ദേഹത്തിന്റെ പേര് ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നേരിന്റെയും എബ്രഹാം ഓസ്ലറുടെയും പ്രൊഫഷണല്‍ വിജയത്തുടര്‍ച്ച നിലനിര്‍ത്തുകയാണ് ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം.

അജു വര്‍ഗീസ്, ലാല്‍ ജോസ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ഗൗരി ജി കിഷന്‍, വിജയ് ബാബു, ദര്‍ശന എസ് നായര്‍, ഹരീഷ് കണാരന്‍, ഗോകുലന്‍, റിയാ സൈറ തുടങ്ങിയവരാണ് ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ ദൈനംദിന ജീവിതരീതികളും അവരുടെ പ്രവര്‍ത്തനങ്ങളും പ്രമേയമാകുന്ന ആദ്യ ചിത്രം കൂടിയാണിത്. ടി.വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ.സി രഘുനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT