News

ദേശിയ പുരസ്‍കാര വേദിയിൽ രാഷ്ട്രപതിയെ ഞെട്ടിച്ച് മമ്മൂട്ടി; ഓർമ്മ പങ്കുവെച്ച് ശ്രീനിവാസൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരക്കഥാക്കൃത്തായ എസ്.എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സീക്രട്ട്'. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിനിടയിൽ മമ്മൂട്ടിയെ കുറിച്ചുള്ള രസകരമായ ഒരു ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് ശ്രീനിവാസൻ. ദേശീയ പുരസ്കാര വേദിയിൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ. ആർ നാരായണനെ മമ്മൂട്ടി ഞെട്ടിച്ച സംഭവമാണ് ശ്രീനിവാസൻ പങ്കുവെച്ചത്.

'ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിന് ദേശിയ പുരസ്‌കാരം ലഭിച്ച വർഷം മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ചടങ്ങിന് തലേദിവസം റിഹേഴ്സൽ ഉണ്ടായിരിക്കും, പ്രസിഡന്റിന്റെ അടുത്ത് എങ്ങനെ ചെല്ലണം, അനാവശ്യ സംസാരം ഒഴിവാക്കണം എന്നതിനെ കുറിച്ച്. പിറ്റേന്ന് പുരസ്കാര ദാനച്ചടങ്ങിൽ ജേതാക്കളെക്കുറിച്ച് അവതാരക സംസാരിച്ചപ്പോൾ മമ്മൂട്ടിയ്ക് ഇത് രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നതെന്ന് പറഞ്ഞു. അതുകേട്ട മമ്മൂട്ടി നോ എന്ന് ഉറക്കെ അലറി കൊണ്ട് തനിക്ക് മൂന്നാമത്തെ തവണയാണ് ഈ പുരസ്കാരം ലഭിക്കുന്നതെന്ന് പറഞ്ഞു.

കെ.ആർ നാരായണൻ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. അദ്ദേഹം ഈ അലർച്ച കേട്ട് പേടിച്ചു പോയി. വല്ല തീവ്രവാദി ആക്രമണവുമാണോ എന്ന് അദ്ദേഹം ഭയന്നു കാണും. പിന്നീട് പുരസ്കാരം വാങ്ങാൻ പോയപ്പോൾ പ്രസിഡന്റ് മമ്മൂട്ടിയോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്നെങ്ങാനും ആയിരിക്കണം ആ പറഞ്ഞത്. ഞാൻ കേട്ടില്ല, പക്ഷേ സോറി സർ എന്ന് മമ്മൂട്ടി പറഞ്ഞതായി എനിക്ക് തോന്നി. മൂന്ന് തവണ എന്നതിന് പകരം രണ്ട് തവണ എന്ന് പറഞ്ഞതിന് മമ്മൂട്ടി ഇത്രയും ഒച്ച വെക്കണമായിരുന്നുവോ എന്നാണ് എന്റെ സംശയം', ശ്രീനിവാസൻ പറഞ്ഞു. 45 വർഷത്തെ സിനിമാ ജീവിതത്തിൽ ഇതുവരെ ഒരു ചിത്രത്തിന്റെയും ഓഡിയോ ലോഞ്ചിന് തന്നെ ആരും വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന സീക്രട്ട് എന്ന ചിത്രത്തിന്റെ നിർമാണം ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ്. ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്.

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...'; ലൈംഗികാധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

അഖിൽ വധക്കേസ്; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

SCROLL FOR NEXT