National

പിസ്റ്റൾ പുഴയിൽ ഉപേക്ഷിച്ചു, സൽമാൻ ഖാന്റെ വീടിനു നേരെ വെടിയുതിർത്തത് ആസൂത്രിതം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: നടൻ സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ വസതിയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താൻ പൊലീസിന് സഹായമായത് ബൈക്ക് വാങ്ങാൻ ഇവർ ഉപയോഗിച്ച യഥാർത്ഥ തിരിച്ചറിയൽ കാർഡെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് മുംബൈയിൽ എത്തിക്കും.

സൽമാൻ്റെ വീടിന് നേരെ വെടിയുതിർത്ത് 48 മണിക്കൂറിനുള്ളിൽ ഗുജറാത്തിലെ മാതാ നോ മദ് ഗ്രാമത്തിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വിക്കി ഗുപ്ത (24), സാഗർ പാൽ (21) എന്നീ പ്രതികളെ കച്ച്-വെസ്റ്റ്, മുംബൈ പൊലീസാണ് തിങ്കളാഴ്ച രാത്രി അറസ്റ്റു ചെയ്തത്. ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് സൽമാൻ്റെ വീടിന് നേരെ വെടിയുതിർക്കാൻ പ്രതികളെ വാടകയ്‌ക്കെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചിരുന്നു.

ബിഹാറിലെ ചമ്പാരൻ സ്വദേശികളായ ഇവർ ഫെബ്രുവരി 28ന് മുംബൈ സെൻട്രൽ സ്റ്റേഷനിലേക്ക് യാത്രതിരിച്ചതായി മുംബൈ പൊലീസ് പറഞ്ഞു. സൽമാൻ ഖാൻ്റെ ഫാം ഹൗസിൽ നിന്ന് 13 കിലോമീറ്റർ അകലെ റായ്ഗഡിലെ പൻവേൽ നഗരത്തിന് സമീപമാണ് ഇവർ വീട് വാടകയ്‌ക്കെടുത്തത്. ഏപ്രിൽ രണ്ടിന്, വിക്കി ഗുപ്ത നവി മുംബൈയിലെ ഒരു ഇരുചക്രവാഹന ഏജൻ്റിൽ നിന്ന് 24,000 രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് മോട്ടോർസൈക്കിൾ വാങ്ങി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, വെടിവയ്ക്കാനുള്ള പിസ്റ്റൾ അവരുടെ ഓപ്പറേറ്റർ മുംബൈയിൽ എത്തിച്ചുകൊടുത്തു.

സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നിലവാരമുള്ള ആയുധമാണ് ഉപയോഗിച്ചതെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. ബൈക്കിനു പിന്നിലിരുന്ന് പാൽ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വെടിയുതിർത്ത ശേഷം ബാന്ദ്രയിലെ മൗണ്ട് മേരി ചർച്ചിന് സമീപം ബൈക്ക് ഉപേക്ഷിച്ച് ലോക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബോറിവലിയിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിൽ പ്രതികൾ രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സൂറത്തിലേക്ക് പോകുന്നതിനിടെയാണ് പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് പുഴയിൽ ഉപേക്ഷിച്ചത്. നവി മുംബൈയിലെ കലംബോലിയിൽ നിന്നാണ് മോട്ടോർ സൈക്കിളിൻ്റെ യഥാർത്ഥ ഉടമയെ പോലീസ് ആദ്യം കണ്ടെത്തിയത്. ബൈക്ക് വാടകയ്ക്ക് എടുത്തപ്പോൾ ഇവർ സ്വന്തം തിരിച്ചറിയൽ രേഖയാണ് ഉപയോഗിച്ചത്. പ്രതികൾ വീട് വാടകയ്ക്ക് എടുത്തപ്പോഴും സ്വന്തം തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചിരുന്നു. പ്രതികളുടെ തിരിച്ചറിയൽ രേഖകളാണ് ഇവരെ വേഗത്തിൽ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

SCROLL FOR NEXT