National

അക്കൗണ്ട് മരവിപ്പിച്ച നടപടി നിയമവിരുദ്ധം; തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പണമില്ലെന്ന് കോൺഗ്രസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അന്വേഷണ ഏജൻസികളെ ബിജെപി പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്നുവെന്നും ഖർഗെ ആരോപിച്ചു. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ച നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഖർഗെയുടെ പ്രതികരണം. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും കോൺഗ്രസ് അദ്ധ്യക്ഷനൊപ്പമുണ്ടായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഒരുമിച്ച് മാധ്യമങ്ങളെ കാണുന്നത്.

ഭരണഘടനാ വിരുദ്ധമായ ബോണ്ടുകളിലൂടെ ബിജെപി പണം സമാഹരിക്കുന്നുവെന്നും അധികാരത്തിലിരിക്കുന്നവർ എല്ലാ സംവിധാനങ്ങളും കയ്യടക്കി വെച്ചിരിക്കുന്നുവെന്നും ഖർഗെ ആരോപിച്ചു. ഇലക്ട്രൽ ബോണ്ടിലെ വിവരങ്ങൾ ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കിയ ഖർഗെ ആയിരകണക്കിന് കോടി രൂപ ബിജെപി ബോണ്ടിലൂടെ സ്വന്തമാക്കിയെന്നും ചൂണ്ടിക്കാണിച്ചു. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചുവെന്നും അപകടകരമായ കളി കളിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് സാധ്യമാകില്ല. പരസ്യങ്ങളിലും ബിജെപിയുടെ ഏകാധിപത്യം. ആദ്യമായാണ് ഇങ്ങനെ നടക്കുന്നത്. പഞ്ചനക്ഷത്ര സൗകര്യമുള്ള ഓഫീസുകളാണ് ബിജെപിയുടേത്. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കോൺഗ്രസ് പാർട്ടിയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് നിയമവാഴ്ചക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും ഖർഗെ ആരോപിച്ചു. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്നും പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പണമാണ് അക്കൗണ്ടിലെന്നും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി പറഞ്ഞു. കോൺഗ്രസിൻ്റെ പ്രചാരണത്തെ തകർക്കാൻ ശ്രമം. ഇലക്ട്രൽ ബോണ്ട് വാങ്ങി കൂട്ടുന്ന ബിജെപി കോൺഗ്രസിനെതിരെ ജനാധിപത്യ വിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്നും സോണിയാ ഗാന്ധി ആരോപിച്ചു.

ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തിരിക്കുന്നുവെന്നും പ്രചാരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചൂണ്ടിക്കാണിച്ചു. സ്ഥാനാർത്ഥികളെ സഹായിക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. പത്രങ്ങളിൽ പോലും പരസ്യം നൽകാൻ കഴിയുന്നില്ല. നടപടി പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടേയും അറിവോടെ. വിഷയത്തിൽ കോടതിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മൗനമെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസിനെതിരെ നടന്നത് ക്രിമിനൽ ആക്രമണം. ഇന്ത്യ വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്നത് വലിയ കളവാണ്. മരവിപ്പിക്കുന്നത് കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടിനെയല്ല ജനാധിപത്യത്തെയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കോൺഗ്രസിനെ എല്ലാ രീതിയിലും തകർക്കാൻ ശ്രമമെന്നായിരുന്നു എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ പ്രതികരണം. ചരിത്രത്തിലെ ആദ്യ നടപടി. ഒരു മാസം കഴിഞ്ഞ് കേസ് പരിഗണിച്ചിട്ട് എന്ത് കാര്യം? ഒരു മാസം കഴിഞ്ഞ് തിരഞ്ഞെടുപ്പ് അവസാനിക്കും. നീതിപൂർവ്വമായ നടപടി കോടതിയിൽ നിന്ന് ഉണ്ടാകണം. 10000 രൂപ പരമാവധി പിഴ അടക്കേണ്ട സ്ഥലത്താണ് 210 കോടി അടിച്ചോണ്ട് പോയതെന്നും ജനാധിപത്യ വിരുദ്ധതയെക്കുറിച്ചുള്ള സങ്കടമാണ് കോൺഗ്രസ് പങ്കുവെച്ചതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

SCROLL FOR NEXT