National

2029 ല്‍ 'ഒറ്റത്തിരഞ്ഞെടുപ്പി'ന് ശുപാര്‍ശ? ഉന്നതതല സമിതി റിപ്പോര്‍ട്ട് കൈമാറി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 18,626 പേജുകളിലായി എട്ട് വാല്യങ്ങളായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താന്‍ നിര്‍ദേശിച്ചെന്നാണ് സൂചന. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. രണ്ടാംഘട്ടത്തില്‍ 100 ദിവസത്തിനകം തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകള്‍ നടത്താനും ശുപാര്‍ശ ചെയ്തു.

ഒറ്റത്തവണയായി തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് സമിതിയിലെ എല്ലാ അംഗങ്ങളും യോജിച്ചു. ഇനി അധികാരത്തില്‍ വരുന്ന നിയമസഭകളുടെ കാലാവധി 2029 വരെയായിരിക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും ചര്‍ച്ച ചെയ്യും. കേരളം ഉള്‍പ്പെടെയുള്ള ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടിച്ചുരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പുതിയ വോട്ടിങ് മെഷീനുകള്‍ വാങ്ങാന്‍ ഓരോ പതിനഞ്ചു വര്‍ഷത്തേക്കും 10,000 കോടി രൂപ വേണ്ടിവരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൂട്ടല്‍. ഇവിഎമ്മുകളുടെ പരമാവധി ആയുസ് പതിനഞ്ചു വര്‍ഷമാണെന്നും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഒരു സെറ്റ് മെഷീനുകള്‍ ഉപയോഗിച്ച് മൂന്നു തിരഞ്ഞെടുപ്പുകള്‍ വരെ നടത്താമെന്നും കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ കേന്ദ്ര നിയമകാര്യ കമ്മീഷന് നല്‍കിയ മറുപടിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുമ്പോള്‍ ഒരു പോളിങ് സ്റ്റേഷനിലേക്ക് രണ്ട് സെറ്റ് ഇവിഎം മെഷീനുകള്‍ വേണ്ടിവരും. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, കേടായ യൂണിറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് നിശ്ചിത ശതമാനം കണ്‍ട്രോള്‍ യൂണിറ്റുകള്‍ (സിയു), ബാലറ്റ് യൂണിറ്റുകള്‍ (ബിയു), വോട്ടര്‍-വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) മെഷീനുകള്‍ എന്നിവ റിസര്‍വായി ആവശ്യമാണെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു.

പുതിയ യന്ത്രങ്ങളുടെ ഉല്പ്പാദനം, വെയര്‍ഹൗസ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, മറ്റ് ലോജിസ്റ്റിക് പ്രശ്നങ്ങള്‍ എന്നിവ കണക്കിലെടുത്ത് 2029-ല്‍ മാത്രമേ ഒറ്റത്തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ. ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങളില്‍ ഭേദഗതിവരുത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിന്റെ കാലാവധി സംബന്ധിച്ച അനുച്ഛേദം 83, രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 85, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട അനുച്ഛേദം 172, സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 174, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 356 എന്നിവയാണ് ഭേദഗതി വരുത്തേണ്ടത്.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT