National

നാവികരെ മോചിപ്പിക്കാന്‍ ഇടപെട്ടിട്ടില്ല, അടിസ്ഥാനരഹിതം; റിപ്പോര്‍ട്ട് തള്ളി എസ്ആര്‍കെ ടീം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഖത്തറില്‍ തടവിലായിരുന്ന എട്ട് നാവികരെ മോചിപ്പിക്കാന്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് നടന്‍ ഷാരൂഖ് ഖാന്‍. ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണം തള്ളി ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രസ്താവന ഇറക്കി.

'ഖത്തറില്‍ തടവിലായിരുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരെ വിട്ടയച്ചതില്‍ ഷാരൂഖ് ഖാന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. ഈ വിഷയത്തില്‍ ഖാന്റെ പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിഷേധിക്കുന്നുണ്ട്.' ഷാരൂഖ് ഖാന്റെ മാനേജര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മറ്റ് പല ഇന്ത്യക്കാരെയും പോലെ ഷാരൂഖ് ഖാനും നാവിക ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നതില്‍ സന്തോഷമുണ്ട്, അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

'സിനിമാ താരം ഷാരൂഖ് ഖാനെയും പ്രധാനമന്ത്രി ഖത്തറിലേക്ക് കൊണ്ടുപോകണം. ഖത്തര്‍ ശൈഖുമാരെ അനുനയിപ്പിക്കുന്നതില്‍ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, മോദി ഖാനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അങ്ങനെയാണ് നാവിക ഉദ്യോഗസ്ഥരെ മോചിപ്പിക്കാനുള്ള ഒത്തുതീര്‍പ്പിന് ഖത്തര്‍ ശൈഖുമാര്‍ തയ്യാറായത്.' എന്നായിരുന്നു രാജ്യസഭാ എംപി സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സില്‍ കുറിച്ചത്.

ഒക്ടോബര്‍ 26 നായിരുന്നു ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഒരു മലയാളി അടക്കം 8 മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ചത്. ദഹ്ര ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന സ്ഥാപനത്തിലായിരുന്നു ഇവര്‍ക്ക് ജോലി. ഇറ്റാലിയന്‍ നിര്‍മിതമായ അന്തര്‍വാഹിനി ഖത്തറിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലിന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയെന്നതായിരുന്നു നാവികര്‍ക്കെതിരായ ആരോപണം. മാര്‍ച്ചില്‍ വിചാരണ ആരംഭിച്ച് ഒക്ടോബറില്‍ ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചു. പിന്നാലെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നയതന്ത്ര തലത്തില്‍ ഇന്ത്യ ഖത്തറുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ നാവികരെ സന്ദര്‍ശിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്തു. പിന്നാലെയാണ് വധശിക്ഷ റദ്ദാക്കിയ വിധി വരുന്നത്. പിന്നാലെ ഏഴ് പേർ ഇന്ത്യയിലേക്ക് തിരിച്ചെത്തി.

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

SCROLL FOR NEXT