National

'ലോകം പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യം വളർച്ചയില്‍'; നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് നയപ്രഖ്യാപന പ്രസംഗം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തോടെ 17 -ാം ലോക്സഭയുടെ അവസാന ബജറ്റ് സമ്മേളനത്തിന് തുടക്കം. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് നടന്നത്. അയോധ്യയിലെ രാമക്ഷേത്രം, വനിത സംവരണ ബില്‍, മുത്തലാഖ് നിരോധിക്കാന്‍ നിയമം, ജമ്മു കാശ്മീര്‍ പുനസംഘടന തുടങ്ങിയവയൊക്കെ ഭരണനേട്ടങ്ങളായി നയപ്രഖ്യാപന പ്രസംഗത്തില്‍ അവതരിപ്പിച്ചു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പാർലമെൻ്റ് മന്ദിരത്തിന് ഉണ്ട് എന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. പുതിയ രാജ്യ നിർമാണത്തിൻ്റെ പ്രതീകമാണ് പുതിയ മന്ദിരം. ശക്തമായ ഇന്ത്യക്ക് നിയമനിർമാണം ഉണ്ടാവുമെന്നും രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ എണ്ണിപറഞ്ഞു. കഴിഞ്ഞ വർഷങ്ങളില്‍ രാജ്യം മികച്ച നേട്ടങ്ങൾ കൈവരിച്ചു. ലോകം പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യം വളർച്ച കൈവരിച്ച് സാമ്പത്തിക ശക്തിയായി. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ദേശീയ പതാക നാട്ടിയ ആദ്യ രാജ്യമായി ഇന്ത്യമാറി. ജി20 വിജയകരമായി പൂർത്തിയാക്കിയതും കായിക മേഖലയിലെ വിജയങ്ങളും ഇന്ത്യയുടെ യശസ്സ് ഉയർത്തി. സ്ത്രീ സംവരണ നിയമത്തെയും രാഷ്ട്രപതി പ്രശംസിച്ചു.

ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതി ശിക്ഷയെക്കാൾ നീതിക്ക് പ്രാധാന്യം നൽകിയെന്നു പറഞ്ഞ രാഷ്ട്രപതി രാമക്ഷേത്ര നിർമ്മാണവും പ്രസംഗത്തിൽ പ്രതിപാദിച്ചു. രാമക്ഷേത്ര നിർമാണം ജനങ്ങളുടെ അഭിലാഷമാണെന്ന് പ്രസാതാവനയെ ജയ്ശ്രീറാം വിളിച്ചാണ് ഭരണപക്ഷ എംപിമാർ സ്വീകരിച്ചത്.

കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ പതിറ്റാണ്ടുകളായി ഉള്ള അഭിലാഷം ആണ്. സൈനിക ശക്തിയില്‍ രാജ്യം സ്വയം പര്യാപ്തതയില്‍ എത്തി. ആത്മ നിർഭർ ഭാരതും മേക്ക് ഇൻ ഇന്ത്യയും രാജ്യത്തിൻ്റെ കുതിപ്പിന് വേഗത നൽകുന്നു. വിദേശനിക്ഷേപത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായി. 25 കോടി ജനങ്ങള്‍ ദാരിദ്രത്തില്‍ നിന്നും മുക്തരായി എന്നും നയ പ്രഖ്യാപന പ്രസംഗത്തില്‍ ദ്രൗപതി മുർമു പറഞ്ഞു.

മുത്തലാഖ് നിരോധനം സുപ്രധാന നിയമനിര്‍മാണെന്നും ജമ്മു കശ്മീര്‍ പുനഃസംഘടന ചരിത്രപരമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഗ്രാമങ്ങളിലും ഡിജിറ്റൽവത്കരണം എത്തി. ഡിജിറ്റൽ പണമിടപാടിൽ സർവ്വകാല റെക്കോർഡാണ് രാജ്യം കൈവരിച്ചത്. ഡിജി ലോക്കർ സംവിധാനവും ശക്തമായി. രേഖകൾ ഇതിലൂടെ സംരക്ഷിക്കുന്നു. ഗ്രാമങ്ങളിൽ നാല് ലക്ഷം കിലോമീറ്റർ റോഡ് നിർമ്മിച്ചു. വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. ഗ്യാസ് പൈപ്പ് ലൈൻ, പവർ ഗ്രിഡ് എന്നിവയും നടപ്പിലാക്കി വരുന്നു. റെയിൽ വേ വികസനവും മെട്രോ വികസനവും രാഷ്ട്രപതി എടുത്തു പറഞ്ഞു.

യുവശക്തി, നാരിശക്തി തുടങ്ങിയ പദ്ധതികളിലൂടെ കർഷകരെയും ദരിദ്രരെയും ശക്തിപ്പെടുത്താൻ സർക്കാർ നിലകൊള്ളുന്നു. റേഷൻ നല്‍കുന്നതിനായി സർക്കാർ 20 ലക്ഷം കോടി മാറ്റിവെച്ചു. സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങളും രാഷ്ട്രപതി എടുത്ത് പറഞ്ഞു. റിപ്പബ്ലിക് ദിനം നാരി ശക്തിയുടെ പ്രകടനമായി. മഹിളകൾക്കായി സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചു. നികുതി ദായകരുടെ എണ്ണം വർധിച്ചു. ആയുഷ്മാൻ ഭാരത് വഴി 3.5 ലക്ഷം കോടി രൂപ ചികിത്സാ ചെലവ് കുറയ്ക്കാൻ സാധിച്ചു. മാനവ കേന്ദ്രീകൃത വികസനത്തിലാണ് സർക്കാരിൻ്റെ ശ്രദ്ധ. ഭീകരവാദത്തിനും വിഘടനവാദത്തിനും സൈന്യം ശക്തമായ മറുപടി നൽകുന്നു. രാജ്യത്തിൻ്റെ വികസനത്തെ ലോകം ഉറ്റു നോക്കുന്നു. ലോകം ഭാരതത്തെ വിശ്വസിക്കുന്നു. 'മെയ്ഡ് ഇൻ ഇന്ത്യ' ഗ്ലോബൽ ബ്രാൻ്റായി മാറി. സുസ്ഥിരവും സുശക്തവുമായ സർക്കാരിൻ്റെ നേട്ടങ്ങൾ രാജ്യം അനുഭവിച്ചറിയുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT