National

മനുഷ്യക്കടത്ത് സംശയം; ഫ്രാൻസിൽ തടഞ്ഞ ചാർട്ടർ വിമാനം മുംബൈയിൽ എത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ ചാർട്ടർ വിമാനം മുംബൈയിൽ എത്തി. വിമാനത്തിലുണ്ടായ യാത്രക്കാരിൽ ഭൂരിഭാ​ഗവും ഇന്ത്യക്കാരാണ്. 300ലധികം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഫ്രാന്‍സിലെ ഷാംപെയ്ന്‍ പ്രദേശത്തുള്ള വാട്രി എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്ന വിമാനം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിട്ടയച്ചത്. പുലർച്ചെ നാലുമണിയോടെയാണ് വിമാനം മുംബൈയിൽ എത്തിയത്. 303 യാത്രക്കാരുമായി യുഎസിലെ നിക്കരാഗ്വയിലേക്ക് പുറപ്പെട്ട ചാർട്ടർ വിമാനം, മനുഷ്യക്കടത്ത് സംശയത്തിന്റെ പേരിൽ ഫ്രാൻസിൽ ഇറക്കുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വിട്ടയച്ചതായി അധികൃതർ വ്യക്തമാക്കി.

റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന എ 340 ആണ് ഫ്രാൻസ് കസ്റ്റഡിയിൽ എടുത്തത്. മനുഷ്യക്കടത്ത് നടത്താൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് വിമാനം താഴെയിറക്കിയതും യാത്രക്കാരെ കസ്റ്റഡിയിൽ എടുത്തതും. കസ്റ്റഡിയിലെടുത്ത യാത്രക്കാരിൽ പലരും ഫ്രാൻസിൽ അഭയം അഭ്യർഥിച്ചിരുന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. യാത്രക്കാരിൽ പ്രായപൂർത്തിയാകാത്ത രക്ഷിതാക്കൾ കൂടെയില്ലാത്തവരും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. ദുബായിൽ നിന്ന് നിക്കരാഗ്വായിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് ഫ്രാൻസിൽ ഇറക്കിയത്.

വിമാനം പിടിച്ചെടുത്ത് നാലു ദിവസങ്ങൾക്ക് ശേഷമാണ് വിട്ടയച്ചത്. മനുഷ്യക്കടത്തിൻ്റെ സൂത്രധാരനാണെന്ന് സംശയിച്ച് രണ്ട് പേരെ ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്തു. വിമാനത്താവളത്തില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയിലെ വിചാരണ നടപടികള്‍ക്കൊടുവിലാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. ഫ്രാന്‍സിലെ നിയമമനുസരിച്ച് വിദേശികളെ നാല് ദിവസത്തില്‍ കൂടുതല്‍ പൊലീസിന് കസ്റ്റഡിയില്‍ വയ്ക്കാനോ ചോദ്യം ചെയ്യാനോ സാധിക്കില്ല. ചോദ്യം ചെയ്യല്‍ എട്ട് ദിവസത്തേക്ക് നീട്ടണമെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയക്കാന്‍ തീരുമാനിച്ചത്.

വേനല്‍മഴ കടുക്കും, ജാഗ്രത വേണം; മിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത,3 ജില്ലകളില്‍ അലേര്‍ട്ട്

മലയാളി കുടിച്ച് തീർത്തത് 19 കോടിയുടെ മ​ദ്യം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പന

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥി സംഘടനകൾ, സാമുദായിക സംഘടനകളും അമർഷത്തിൽ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

SCROLL FOR NEXT