National

സച്ചിന് പ്രധാന റോള്‍, പ്രിയങ്കയ്ക്ക് പദവി കുറവ് ; ഒരുങ്ങിയിറങ്ങാന്‍ പുന:സംഘടിച്ച് കോണ്‍ഗ്രസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് പുന:സംഘടനയില്‍ സച്ചിന്‍ പൈലറ്റിന് കാര്യപ്പെട്ട ചുമതല നല്‍കി നേതൃത്വം. ഛത്തീസ്ഗഢിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് സച്ചിന് നല്‍കിയത്. പ്രിയങ്ക ഗാന്ധിക്ക് പകരം ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയെ ഉത്തര്‍പ്രദേശിന്റെ ചുമതല ഏല്‍പ്പിച്ചു.

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക, എന്നാല്‍ അവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. നിലവില്‍ ഒരു സംസ്ഥാനത്തിന്റെയും ചുമതല പ്രിയങ്കയ്ക്ക് നല്‍കിയിട്ടില്ല. ഇത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രിയങ്കയുടെ പങ്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കംകുറിച്ചു.

മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കിന് ഗുജറാത്തിന്റെ ചുമതലയും രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് കര്‍ണാടകയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ജയറാം രമേശും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാലും തുടരും. എഐസിസിയുടെ ട്രഷററായി മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ തന്നെ തുടരും.

12 ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം 11 സംസ്ഥാന ഭാരവാഹികളെയും പാര്‍ട്ടി നിയമിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിന്റെയും പശ്ചിമ ബംഗാളിന്റെയും അധിക ചുമതല ജിഎസ് മിറിന് നല്‍കിയിട്ടുണ്ട്. കേരളം, ലക്ഷദ്വീപ്, തെലങ്കാന എന്നിവയുടെ അധിക ചുമതല ദീപ ദാസ് മുന്‍ഷിക്കാണ്. രമേശ് ചെന്നിത്തലയെയാണ് മഹാരാഷ്ട്രയില്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിഹാറിന്റെ മേല്‍നോട്ടം മോഹന്‍ പ്രകാശ് നിര്‍വഹിക്കും. ഡോ ചെല്ലകുമാറിനാണ് മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതല.

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ പാഠം ഉള്‍ക്കൊണ്ട് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് പുനഃസംഘടനയിലൂടെ പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. സംഘടനാ പുനഃസംഘടനയ്ക്കൊപ്പം, പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ഉള്‍പ്പെടെ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിനായി നിരവധി ഗ്രൗണ്ട് ലെവല്‍ സംരംഭങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT