National

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ മല്ലികാർജുൻ ഖാർ​ഗെ; ഇരിപ്പിടം ഒഴിഞ്ഞുകിടന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സ്വാതന്ത്ര്യ ദിനാ​ഘോഷത്തിൽ പങ്കെടുക്കാതെ കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. ഖാർ​​ഗെയുടെ പേരെഴുതിയ ഇരിപ്പിടം ചടങ്ങിലുടനീളം ഒഴിഞ്ഞു കിടന്നു. കോൺ​ഗ്രസിന്റെ മുൻകാല ഭരണത്തെ പ്രധാനമന്ത്രി പരിപാടിക്കിടെ വിമർശിച്ചിരുന്നു. ചെങ്കോട്ടയിലെ പരിപാടിയിൽ ഖാർഗെയുടെ അഭാവം പുതിയ വിവാദത്തിന് തുടക്കമിട്ടു.

പരിപാടിക്ക് വരാതിരുന്ന ഖാർ​ഗെ പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കാതെ വിമർശിച്ചുകൊണ്ട് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ വികസിക്കുകയാണെന്ന ചിലരുടെ ധാരണ തെറ്റാണെന്നായിരുന്നു വീഡിയോയിലൂടെ ഖാർ​ഗെ പറഞ്ഞത്.

'കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യം വികസിക്കുകയാണെന്ന് ചിലർ പറയുന്നു. പക്ഷേ അത് ശരിയല്ല. ബ്രിട്ടീഷുകാർ രാജ്യം വിട്ടപ്പോൾ ഒരു സൂചി പോലും രാജ്യത്തിനകത്ത് നിർമ്മിക്കാത്ത അവസ്ഥയായിരുന്നു. അപ്പോൾ പണ്ഡിറ്റ് നെഹ്‌റു, വലിയ സംരംഭങ്ങൾ, സ്റ്റീൽ പ്ലാന്റുകൾ, അണക്കെട്ടുകൾ എന്നിവയും ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയ സ്ഥാപനങ്ങളും സ്ഥാപിച്ചു. ഇന്ദിരാഗാന്ധി-ലാൽ ബഹദൂർ ശാസ്ത്രി എന്നിവർ ഹരിതവിപ്ലവം കൊണ്ടുവന്നു, ഇന്ത്യയെ സ്വാശ്രയമാക്കി. രാജ്യത്ത് ചിലർ സാങ്കേതികവിദ്യയെ എതിർത്തപ്പോൾ രാജീവ് ഗാന്ധിയാണ് ടെലികോം വിപ്ലവം കൊണ്ടുവന്നത്'. ഖാർഗെ പറഞ്ഞു.

അദ്ദേഹത്തിന് സുഖമില്ലാത്തതാണ് പങ്കെടുക്കാത്തതിന് കാരണമെന്നാണ് പാർട്ടി വിശദീകരണം. ഇന്ന് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഖാർ​ഗെ ദേശീയ പതാക ഉയർത്തി. ചെങ്കോട്ടയിൽ നടന്ന പരിപാടിയിൽ പല ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. 'ഖാർഗെ ജി കോൺഗ്രസ് ഓഫീസിലെ സ്വാതന്ത്ര്യദിന പരിപാടിയുടെ തിരക്കിലാണ്. പല മന്ത്രിമാരും ചെങ്കോട്ടയിൽ എത്തിയില്ല. അതെങ്ങനെയാണ്? അവരെല്ലാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്', രാജീവ് ശുക്ല പറഞ്ഞു.

Story Highlights: Congress president Mallikarjun Kharge did not attend the Independence Day celebrations where the Prime Minister addressed the nation.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

SCROLL FOR NEXT