National

വിശ്വാസം തെളിയിച്ച് മോദി സര്‍ക്കാര്‍; അവിശ്വാസം തള്ളി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ഇന്‍ഡ്യ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളിയത്. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം ആരംഭിച്ച് ഒന്നര മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂര്‍ വിഷയത്തില്‍ പരാമര്‍ശമുണ്ടാകാത്തത് കൊണ്ടായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. ഇതിന് പിന്നാലെയാണ് മോദി മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണം നടത്തിയത്. മണിപ്പൂരില്‍ എത്രയും വേഗം സമാധാനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണെന്ന് മോദി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂരിലെ കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. മണിപ്പൂരിലെ ജനങ്ങളോട് വിശേഷിച്ച് സ്ത്രീകളോടും കുട്ടികളോടും രാജ്യം കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

മണിപ്പൂര്‍ വിഷയം സംസാരിക്കുന്നതിലാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യം. നമുക്ക് ആ വിഷയത്തില്‍ വളരെ വിശദമായി പ്രത്യേകം ചര്‍ച്ച ചെയ്യാം. മണിപ്പൂരില്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും മുന്നോട്ടുപോകുകയാണെന്നും മോദി പറഞ്ഞു. മണിപ്പൂര്‍ വിഷയം പരാമര്‍ശിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധിയെയും നരേന്ദ്ര മോദി വിമര്‍ശിച്ചു. ഭാരതാംബയുടെ മരണം ഇവര്‍ എന്ത് കൊണ്ട് ആഗ്രഹിക്കുന്നുവെന്ന് ചോദിച്ച നരേന്ദ്ര മോദി പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്നും ചൂണ്ടിക്കാണിച്ചു. ചിലര്‍ക്ക് അധികാരമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും മോദി കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ പരീക്ഷണമല്ല ഇതെന്നാണ് മറുപടി പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിശ്വാസ പ്രമേയത്തെ വിശേഷിപ്പിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ട്. സര്‍ക്കാരിനുള്ള വിശ്വാസ പരീക്ഷയല്ല ഇപ്പോള്‍ നടക്കുന്നത്. 2024ല്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും മോദി പറഞ്ഞു.

രാഹുല്‍ ഗാന്ധി ഉള്‍പ്പടെ പ്രതിപക്ഷ എംപിമാര്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംസാരിച്ചത്. തന്റെ അംഗത്വം തിരിച്ചുതന്നതില്‍ നന്ദിയെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി ഇന്നലെ തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്നത്തെ തന്റെ പ്രസംഗം അദാനിയെക്കുറിച്ചല്ലെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ സംസാരിക്കുന്നതിനിടെ സഭയില്‍ ബഹളം ഉണ്ടായി. ബിജെപി അംഗങ്ങള്‍ ക്വിറ്റ് ഇന്‍ഡ്യ മുദ്രാവാക്യം മുഴക്കി ബഹളം വെക്കുകയായിരുന്നു. റൂമിയെ ഉദ്ധരിച്ചാണ് രാഹുല്‍ സംസാരിച്ചു തുടങ്ങിയത്.

പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വം അനുവദിച്ചു

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അലംഭാവം; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍

'ഇൻഡ്യ മുന്നണി ശക്തമായ നിലയിൽ, ജനങ്ങള്‍ മോദിക്ക് യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു'; ഖർഗെ

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

SCROLL FOR NEXT