Kerala

തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ; പൂരത്തിന് ആനയെ വിടില്ലെന്ന് ഉടമകളുടെ സംഘടന

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ. വനംവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പ്രതിഷേധിച്ചാണ് തീരുമാനം. വനംവകുപ്പിൻ്റെ ഡോക്ടർമാരുടെ പരിശോധനയുണ്ടെങ്കിൽ ആനകളെ വിടില്ലെന്നാണ് എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ്റെ നിലപാട്. പുതിയ ഉത്തരവിൽ കടുത്ത നിയമങ്ങളാണുള്ളതെന്നും അസോസിയേഷൻ ചൂണ്ടിക്കാണിച്ചു. അസോസിയേഷൻ്റെ പക്കൽ അറുപത് ആനകളുണ്ടെന്നും എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി കെ എസ് ശ്രീജിത്ത് വ്യക്തമാക്കി.

നേരത്തെ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വനംവകുപ്പിൻ്റെ സര്‍ക്കുലര്‍ വിവാദമായിരുന്നു. ആനയ്ക്ക് 50 മീറ്റര്‍ അടുത്തുവരെ ആളുകള്‍ നില്‍ക്കരുത്, അവയുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു വനംവകുപ്പ് ആദ്യം ഇറക്കിയ സർക്കുലറിൽ ഉണ്ടായിരുന്നത്. ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാട് ഇതിന് പിന്നാലെ ആന ഉടമകളുടെ സംഘടന സ്വീകരിച്ചിരുന്നു.

സർക്കുലർ വിവാദമായതോടെ നാട്ടാന സര്‍ക്കുലറിൽ സർക്കാർ തിരുത്തൽ വരുത്തിയിരുന്നു. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദേശം വനംവകുപ്പ് പിന്‍വലിക്കുകയായിരുന്നു. ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് തിരുത്ത്. തിരുത്തിയ സര്‍ക്കുലര്‍ വനംവകുപ്പ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വനംവകുപ്പിന്റെ വിവാദമായ നാട്ടാന സർക്കുലർ തിരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. കോടതി നിർദ്ദേശപ്രകാരം വേഗത്തിൽ തയ്യാറാക്കിയ സത്യവാങ്മൂലമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

അവയവക്കടത്ത് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കരുവാരക്കുണ്ട് എയ്ഡഡ് സ്‌കൂളില്‍ നിയമനത്തിന് വ്യാജരേഖ; അധ്യാപകര്‍ കൈപ്പറ്റിയ ഒരുകോടി തിരിച്ചടക്കണം

ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മലയോരമേഖലകളില്‍ രാത്രികാല യാത്രാവിലക്ക്

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

SCROLL FOR NEXT