Kerala

മോദി കൈകൊട്ടാൻ പറയുന്നു, സമുദ്രത്തിനടിയിൽ പോകുന്നു, എല്ലാം നാടകങ്ങൾ; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ അടിത്തറയില്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് വയനാട് ലോക്സഭാ സ്ഥാനാർത്ഥി രാഹുൽ ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലത്തിലെ റോഡ്ഷോ തുടരുന്നതിനിടെയാണ് രാഹുൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. എല്ലാ കെട്ടിടങ്ങൾക്കും അടിത്തറയുള്ളതുപോലെ ഇന്ത്യക്കും അടിത്തറയുണ്ട്. ‌ഭരണഘടനയാണ് രാജ്യത്തിന്റെ അടിത്തറ. ആർഎസ്എസും പ്രധാനമന്ത്രിയും രാജ്യത്തിന്റെ ഭരണഘടനയെ നിരന്തരം ആക്രമിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

കൊവിഡ് സമയത്ത് ആളുകൾ മരിക്കുമ്പോൾ പ്രധാനമന്ത്രി കൈ കൊട്ടാനാണ് പറഞ്ഞത്. പ്രധാനമന്ത്രിക്ക് ഇന്ത്യയെ കുറിച്ച് ഒരു ധാരണയുമില്ല. രാജ്യത്തിന്റെ പാരമ്പര്യവും ഭാഷയും വൈവിധ്യവും ഒന്നും അദ്ദേഹത്തിന് അറിയില്ല. ഒരു ഭാഷ, ഒരു ദേശം, ഒരു നേതാവ്, ഒരു ജനത എന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേരളത്തിലെ, തമിഴ്‌നാട്ടിലെ, ബംഗാളിലെ ജനങ്ങളോട് എങ്ങനെയാണ് പ്രധാനമന്ത്രിക്ക് ഇത് പറയാൻ കഴിയുന്നത്?

മലയാളം വെറുമൊരു ഭാഷയല്ല. മലയാളം മലയാളികളുടെ ആത്മാവാണ്. പ്രധാനമന്ത്രിക്ക് അത് മനസ്സിലാകുന്നില്ല. പ്രധാനമന്ത്രി ഇതിനിടെ തമിഴ്നാട്ടിൽ പോയി. അവിടെച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞത് ദോശ ഇഷ്ടമാണെന്നാണ്. അതേസമയം കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ ആവശ്യം എന്താണെന്നും ഇഷ്ടം എന്താണെന്നും തനിക്കറിയാം. ‌പ്രധാനമന്ത്രി സമുദ്രത്തിന് അടിയിൽ പോയി. പ്രധാനമന്ത്രിയുടേത് ഒന്നിന് പുറകെ ഒന്നായി നാടകങ്ങളാണ്.

കൊവിഡ് സമയത്ത് ആളുകൾ മരിക്കുമ്പോൾ കൈകൊട്ടാൻ പറഞ്ഞാൽ നിങ്ങൾ എന്താണ് പറയുക? നിങ്ങളാണെങ്കിൽ എന്താണ് ചെയ്യുക? ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ പൊലീസ് ലാത്തികൊണ്ടടിക്കും. പക്ഷെ നമ്മുടെ മാധ്യമങ്ങൾ പുകഴ്ത്തുകയായിരുന്നു. രാജ്യത്തെ പ്രശ്നങ്ങൾ തൊഴിലില്ലായ്മയും ദാരിദ്ര്യവുമൊക്കായാണ്. പക്ഷെ നമ്മുടെ മാധ്യമങ്ങൾ അത് പറയുന്നില്ല. ലോകത്ത് ഏറ്റവും കൂടുതൽ അസമത്വം നിലനിൽക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് പ്രധാനമന്ത്രി ശ്രദ്ധ തിരിച്ചു വിടുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള ഒന്നാണ് കോൺ​ഗ്രസ് പ്രകടന പത്രിക. അത് വായിക്കണമെന്ന് നിങ്ങൾ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. തൊഴിൽ പരിശീലനം നിർബന്ധമാക്കുന്ന നിയമം കൊണ്ടു വരുമെന്നും രാഹുൽ പറഞ്ഞു. ഈ കൂട്ടത്തിൽ എൽഡിഎഫുകാരും ഉണ്ടാകും എന്ന് തനിക്ക് അറിയാം. ആശയപരമായി വ്യത്യാസമുണ്ടെങ്കിലും എൽഡിഎഫുകാരും വയനാട്ടുകാരാണ്, തന്നോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും തന്റെ വീട്ടുകാർ തന്നെയാണ്. 'നിങ്ങളോട് ബഹുമാനത്തോടെയെ ഞാൻ സംസാരിക്കൂ. നിങ്ങൾ എല്ലാവരും എന്റെ കുടുംബത്തിലെ അംഗങ്ങളാണ്' എന്നും രാഹുൽ പറഞ്ഞു.

ബ്രത്തലൈസർ പരിശോധന ഭയന്ന് മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

മദ്യനയ അഴിമതി കേസ്; 'അറസ്റ്റും റിമാൻഡും റദ്ദാക്കണം', കെജ്‌രിവാളിൻ്റെ അപ്പീലിൽ അന്തിമ വാദം ഇന്ന്

SCROLL FOR NEXT