Kerala

വിചിത്രമായ വിധി, തെറ്റായ സന്ദേശം നല്‍കും: എം സ്വരാജ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് അനുകൂലമായ വിധിയില്‍ പ്രതികരണവുമായി എം സ്വരാജ്. വിചിത്രമായ വിധിയെന്നാണ് എം സ്വരാജ് പ്രതികരിച്ചത്. തെറ്റായ സന്ദേശം നല്‍കുന്നതാണ് വിധി. ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പാര്‍ട്ടിയുമായും അഭിഭാഷകരുമായും ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ തന്നെ ചട്ട ലംഘനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കമ്മീഷന്‍ നടപടിയും എടുത്തതാണ്. ഹൈക്കോടതി വിധി ചോദ്യം ചെയ്യപ്പെടേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. നാളെ ദൈവങ്ങളുടെ ചിത്രങ്ങളും ബിംബങ്ങളും സ്ലിപ്പില്‍ അച്ചടിച്ച് വീടുവീടാന്തരം കയറിക്കൊടുത്താലും അതൊന്നും പ്രശ്‌നമല്ലെന്ന തോന്നലും സന്ദേശവുമാണ് വിധി നല്‍കുന്നതെന്നും എം സ്വരാജ് പ്രതികരിച്ചു.

കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നല്‍കിയ ഹര്‍ജിയായിരുന്നു ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കേസിലെ വിധി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് വാദിച്ചത്.

ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. വോട്ടര്‍മാര്‍ക്ക് മതചിഹ്നമുള്ള സ്ലിപ്പ് നല്‍കി എന്നതിന് തെളിവില്ല. സാക്ഷിമൊഴികള്‍ മാത്രമായി പരിഗണിക്കാന്‍ കഴിയില്ല. സാക്ഷിമൊഴിയെ സാധൂകരിക്കുന്ന തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

പാനൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ റീത്ത്

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

മഴ ശക്തമാണ്, ഇടുക്കിയില്‍ രാത്രി യാത്ര വേണ്ട

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

SCROLL FOR NEXT