Kerala

കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് ഭിന്നിപ്പ് ലക്ഷ്യമിട്ട്; യുഡിഎഫ് ഇലക്ഷൻ കമ്മീഷനെ സമീപിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച 'കേരള സ്‌റ്റോറി' എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ 'കേരള സ്‌റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്നു ബോധ്യമായ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. മോദി ഭരണകൂടത്തിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസും യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. മതസ്പർദ്ധ വളർത്തുവാൻ സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപന്നമാണ് കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശൻ മാറരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ബിജെപി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശൻ. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് കേരളത്തെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വർഗീയധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിമർശനവുമായി നേരത്തെ സിപിഐഎം-സിപിഐ നേതൃത്വങ്ങൾ രംഗത്തെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിൻ്റെ പ്രതികരണം. സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ മത വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമമെന്നായിരുന്നു സിപിഐഎമ്മിൻ്റെ കുറ്റപ്പെടുത്തൽ.

ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ആവിഷ്കരിക്കുന്ന അജണ്ട പ്രചരിപ്പിക്കലാണ് ലക്ഷ്യമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചിരുന്നു.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT