Kerala

വധശിക്ഷയും കാത്ത് മകൻ റിയാദിലെ ജയിലിൽ; മകന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായം തേടി വയോധികയായ അമ്മ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: പ്രവാസിയായ മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടുകയാണ് വയോധികയായ ഒരമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാൻ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.

നിറകണ്ണുകളോടെ, നെഞ്ചു പൊട്ടും വേദനയോടെ ഈ ആമ്മ ആവശ്യപ്പെടുന്നത് തന്റെ മകൻ്റെ ജീവൻ മാത്രമാണ്. തൂക്കുകയറിൽ നിന്നെങ്കിലും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം. ഫറോക്ക് സ്വദേശിയായ മച്ചിലകത്ത് അബ്ദു റഹീമാണ് വധശിക്ഷയും കാത്ത് റിയാദ് ജയിലിൽ കഴിയുന്നത്. 2006ലാണ് റഹിം ജയിലിലാകുന്നത്. നാട്ടിൽ റഹീമിനെ സഹായിക്കാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേൽ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബർ 28 നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ അബ്ദുള്ള അബ്ദു റഹ്മാൻ ആൽ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകൻ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാൽ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല.

അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യൺ റിയാൽ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറാവുകയായിരുന്നു. ഈ വലിയ തുക കണ്ടെത്താൻ കളക്ഷൻ ആപ്പ് നിർമ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ. പക്ഷേ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രം. ഇനി റഹീമിന് മുന്നിലുള്ളത് ദിവസങ്ങൾ മാത്രം. പ്രതീക്ഷ, നിർണായക സമയത്ത് കരുണ വറ്റാത്ത സുമനസുകളിലും.

പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വം അനുവദിച്ചു

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അലംഭാവം; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍

'ഇൻഡ്യ മുന്നണി ശക്തമായ നിലയിൽ, ജനങ്ങള്‍ മോദിക്ക് യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു'; ഖർഗെ

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

SCROLL FOR NEXT