Kerala

യൂണിവേഴ്സിറ്റി യൂണിയൻ്റെ കാലാവധി നീട്ടി നൽകരുതെന്ന് വി സി; ചുമതല സ്റ്റുഡൻ്റ് സർവീസ് ഡയറക്ടർക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരള സർവകലാശാലയിൽ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സർവ്വകലാശാല. ഇത് സംബന്ധിച്ച് സർവകലാശാല രജിസ്ട്രാർ ഡിജിപിക്ക് കത്ത് നൽകി. വിധി കർത്താവായിരുന്ന ഷാജിയുടെ മരണവും അന്വേഷിക്കണമെന്ന് സർവ്വകലാശാല ആവശ്യപ്പെട്ടു. യൂണിവേഴിസിറ്റി യൂണിയന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് വിസിയും നിർദേശിച്ചു. യൂണിയന്റെ ചുമതല സ്റ്റുഡന്റ് സർവീസ് ഡയറക്ടർക്ക് കൈമാറി.

കേരള സ‍ർവകലാശാല കലോത്സവത്തിനിടെ തുട‍ർച്ചയായുണ്ടായ സംഘർഷത്തിന്റെയും കോഴ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കലോത്സവം നിർത്തി വെക്കാൻ വിസി നിർദ്ദേശിക്കുകയായിരുന്നു. ഇതിനിടെ കോഴ വിവാദത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിച്ചയച്ച, ഇവരിൽ ഒരാളെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ ചൊവ്വ സ്വദേശി പി എൻ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. താൻ നിരപരാധിയാണെന്നാണ് ആത്മഹത്യാ കുറിപ്പിൽ ഷാജി എഴുതിയിരുന്നത്. കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിലാണ് ഷാജി അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഇതിനിടെ കലോത്സവത്തിന്റെ ഫലം അട്ടിമറിക്കാൻ എസ്എഫ്ഐ ഇടപെടൽ നടത്തിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചത്. ഷാജിയുടേത് കിരാതമായ കൊലപാതകമാണെന്നും സുധാകരൻ പറഞ്ഞു. ഷാജിയുടെ മരണത്തിന് ഉത്തരവാദികൾ എസ്എഫ്ഐയാണെന്നാണ് കോൺ​ഗ്രസ് ഉയർത്തുന്ന ആരോപണം. എസ്എഫ്ഐ സമ്മർദ്ദത്തിന് ഷാജി വഴങ്ങാത്തതാണ് ശത്രുതയ്ക്ക് കാരണമായത്. അപമാനം സഹിക്കാതെയാണ് ഷാജി ജീവനൊടുക്കിയത്. ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

എന്നാൽ ഈ ആരോപണത്തിനെതിരെ പി കെ ശ്രീമതിയും രം​ഗത്തെത്തി. സുധാകരൻ കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കുകയാണ്. എന്തിനും എസ്എഫ്ഐയെ കുറ്റം പറയുന്ന നിലപാട് ശരിയല്ല. സുധാകരൻ ഇത് അവസാനിപ്പിക്കണമെന്നുമാണ് പി കെ ശ്രീമതി പ്രതികരിച്ചത്. ആത്മഹത്യയ്ക്കു കാരണമായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് വിവരങ്ങൾ അന്വേഷിക്കട്ടെയെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

കെജ്‌രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ഇഡി; പരിഗണിക്കാനാവില്ലെന്ന് കോടതി

മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണി; പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

'എന്റെ പിഴ'; തെറ്റ് തന്റേതെന്ന് സമ്മതിച്ച് ഡോക്ടർ; മെഡി. കോളേജ് സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു

'കാവിയുടെ തനിമയും അന്തസും മറ്റുള്ളവരെ പേടിപ്പിക്കാനുള്ളതല്ല'; കത്തോലിക്ക സഭ മുഖപ്രസംഗം

മഴ കനക്കും; സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT