Kerala

വാർത്ത വസ്തുതാ വിരുദ്ധം; ചോദ്യക്കടലാസിൻ്റെ അച്ചടി പൂർത്തിയായി, പരീക്ഷ നാളെ മുതല്‍: വി ശിവന്‍കുട്ടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ നാളെ തുടങ്ങാനിരിക്കെ പ്ലസ് വൺ ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയായില്ലെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ നാളെ മുതല്‍ ആരംഭിക്കും. പരീക്ഷ ചോദ്യക്കടലാസിന്‍റെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വ്യാജവാർത്ത നൽകുന്നതിന് പിന്നിൽ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മുൻപ് ഒറ്റത്തവണയായി നടന്നിരുന്ന അച്ചടിയും വിതരണവും തവണകളായത് ചെലവ് ഇരട്ടിപ്പിക്കുമെന്നതിനെതിരെയും മന്ത്രി പ്രതികരിച്ചു. 2021ല്‍ ഒമ്പത് തവണയായാണ് വിതരണം നടത്തിയത്. പല വർഷങ്ങളിലും ഘട്ടം ഘട്ടമായി വിതരണം നടത്തിയിട്ടുണ്ട്. 2022ലെ പരീക്ഷ തന്നെ രണ്ട് ഘട്ടമായാണ് നടത്തിയത്. അപ്പോഴും ഒന്നിലധികം തവണ വിതരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി കുറിച്ചു. സംസ്ഥാനത്ത് ഹയർ സെക്കൻ്ററിയിൽ 1994 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യപേപ്പർ എത്തിക്കണമെന്ന് വ്യാജവാർത്ത വന്നിരുന്നതായും മന്ത്രി കുറിച്ചു. എംബസി മുഖേന മുഴുവൻ ചോദ്യപേപ്പറുകളും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ ചെലവ് പൂർണമായും ഗൾഫ് സ്കൂളുകളാണ് വഹിക്കുന്നത്. വാർത്തകള്‍ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നും മന്ത്രി കുറിച്ചു.

പരീക്ഷാ നടത്തിപ്പിനുള്ള തുക പിഡി അക്കൗണ്ടിൽ നിന്നും ചെലവഴിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. അത് പരീക്ഷ അവസാനിച്ച ശേഷം തിരിച്ച് നിക്ഷേപിക്കുന്നതാണ്. 2023 മാർച്ച്‌ പരീക്ഷയുടെ ചെലവ് സമയബന്ധിതമായി അപേക്ഷ സമർപ്പിച്ച എല്ലാ സ്കൂളുകൾക്കും തുക വിതരണം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ വ്യാജവാർത്ത നൽകുന്നതിന് പിന്നിൽ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ട്. ഈ ഗൂഢാലോചന ജനം തിരിച്ചറിയുമെന്നും മന്ത്രി പോസ്റ്റിലൂടെ വ്യക്തമാക്കി.

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

അമീബിക് മസ്തിഷ്‌കജ്വരം: ആശങ്കയൊഴിയുന്നു, നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

ആം ആദ്മി എംപി സ്വാതി മലിവാളിനെതിരായ അതിക്രമം; മൈക്ക് മാറ്റിവെച്ച്, മൗനം പാലിച്ച് കെജ്‌രിവാള്‍

'സീതാമാർഹിയിൽ സീതാക്ഷേത്രം പണിയും': പ്രഖ്യാപനവുമായി അമിത് ഷാ

കെജ്‌രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ഇഡി; പരിഗണിക്കാനാവില്ലെന്ന് കോടതി

SCROLL FOR NEXT