Kerala

'ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗം'; ഗാനം നിരസിച്ചതിൽ പ്രതികരിച്ച് കെ സച്ചിദാനന്ദൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സർക്കാരിന് വേണ്ടി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന ശ്രീകുമാരൻ തമ്പിയുടെ ആരോപണത്തോട് പ്രതികരിച്ച് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. കേരള ഗാനം തീരുമാനിക്കുന്നത് ഒരു കമ്മിറ്റിയാണ്. ശ്രീകുമാരൻ തമ്പിയുടെ ഗാനം ആ കമ്മിറ്റി നിരാകരിച്ചു. പാട്ട് നിരകാരിച്ച കാര്യം ശ്രീകുമാരൻ തമ്പിയെ അക്കാദമി സെക്രട്ടറി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ഗാനങ്ങളോട് ആദരവുള്ള വ്യക്തിയാണ് താൻ. ഇത് ഒരാളുടെ തീരുമാനമല്ല, മറിച്ച് ഒരു കമ്മിറ്റിയുടെ തീരുമാനമാണ്. ശ്രീകുമാരൻ തമ്പിയുടെ പാട്ട് കമ്മിറ്റിയിൽ ഒരാൾക്കും അംഗീകരിക്കാൻ തോന്നിയില്ല. എല്ലാവർക്കും പാടാൻ കഴിയുന്ന ലളിതമായ ഗാനമല്ല എന്നതുൾപ്പടെ നിരവധി കാരണങ്ങൾ കൊണ്ടാണ് ആ ഗാനം നിരാകരിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെയല്ല, ആ പ്രത്യേക ഗാനത്തെയാണ് നിരാകരിച്ചത് എന്ന് സച്ചിദാനന്ദൻ പറഞ്ഞു.

ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗം ആണ് ഉണ്ടായിരുന്നത്. അദ്ദേഹത്തോട് ചില മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിരുന്നു. ശ്രീകുമാരൻ തമ്പി പാട്ടിൽ മാറ്റം വരുത്തിയില്ല. അതിനെ തുടർന്ന് ബി കെ ഹരി നാരായണന്റെ പാട്ടാണ് ചില തിരുത്തുകൾ വരുത്തി സ്വീകരിച്ചത്. ഹരിനാരായണനെയും ബിജിപാലിനെയും വിളിച്ച് സംഗീതം ചേർക്കും. ശേഷം പാട്ട് കമ്മിറ്റിക്ക് മുനിൽ വയ്ക്കും. ഹരിനാരായണനാണ് സംഗീതം നൽകാൻ ബിജി പാലിനെ ശുപാർശ ചെയ്തത് എന്നും സച്ചിദാനന്ദൻ പറഞ്ഞു. തുടർച്ചയായി അക്കാദമിക്ക് നേരെയുണ്ടാകുന്ന വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികൾ ഉണ്ടോയെന്ന് സംശയമുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെയാണ് ശ്രീകുമാരൻ തമ്പി ആരോപണമുന്നയിച്ചത്. കെ സച്ചിദാനന്ദനും അക്കാദമി സെക്രട്ടറി അബൂബക്കറും ഗാനം എഴുതാൻ ആവശ്യപ്പെട്ടുവെന്നും പിന്നീട് എഴുതി കൊടുത്ത ഗാനം മാറ്റിയെഴുതാൻ ഇരുവരും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുത്തി കൊടുത്ത ഗാനം സ്വീകരിച്ചോ ഇല്ലയോ എന്നറിയിച്ചില്ല. പിന്നെ കണ്ടത് കവികളിൽ നിന്ന് കേരള ഗാനം ക്ഷണിച്ചുള്ള പരസ്യമാണെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മൂവായിരത്തിലധികം പാട്ടുകളെഴുതിയ തനിക്ക് കെ സി അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നുവെന്നുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

മഴ ശക്തമാണ്, ഇടുക്കിയില്‍ രാത്രി യാത്ര വേണ്ട

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

എഎപിയുടെ ബിജെപി ഓഫീസ് മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT