Kerala

രാമക്ഷേത്ര പ്രതിഷ്‌ഠാചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദ:കോൺ​ഗ്രസിനെ പരോക്ഷമായി വിമർശിച്ച് എൻഎസ്എസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന് എൻഎസ്എസ്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയാണ്. ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ‌ പറഞ്ഞു. കോൺ​ഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന തീരുമാനം വന്നതിന് പിന്നാലെയാണ് എൻഎസ്എസിന്റെ പരാമർശമെന്നത് ശ്രദ്ധേയമാണ്.

രാഷ്ട്രീയത്തിൻ്റെ പേരുപറഞ്ഞ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയാണ്. ചടങ്ങിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി മാത്രമാണ്. എൻഎസ്എസിന്റെ നിലപാട് രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്കുവേണ്ടിയോ അല്ല. രാമക്ഷേത്രത്തിൻ്റെ നിർമ്മാണഘട്ടം മുതൽ എൻഎസ്എസ് സഹകരിച്ചിരുന്നു എന്നും സുകുമാരൻ നായർ പറഞ്ഞു.

രാമക്ഷേത്രത്തിൻ്റെ നിർമ്മാണഘട്ടം മുതൽ എൻഎസ്എസ് സഹകരിച്ചിരുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമാണത്തിനു നായർ സർവീസ് സൊസൈറ്റി ഏഴു ലക്ഷം രൂപ ക്ഷേത്രനിർമാണ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായി സംഭാവന നൽകിയിരുന്നു. വിശ്വാസത്തിന്റെ ഭാഗമായാണ് നടപടിയെന്നും രാഷ്ട്രീയമില്ലെന്നും എൻഎസ്എസ് നേതൃത്വം അന്ന് അറിയിച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കപ്പെടണം എന്നതാണ് എൻഎസ്എസ് നിലപാട്. ശബരിമല വിഷയത്തിലും ഇതേ സമീപനമാണ് എൻഎസ്എസ് സ്വീകരിച്ചിരുന്നത്.

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺ​ഗ്രസ് പങ്കെടുക്കില്ലെന്ന് ഇന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാര്‍ഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് കോൺ​ഗ്രസ് അറിയിച്ചത്. ശ്രീരാമനെ ദശലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്നുണ്ട്. മതം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ബിജെപിയും ആർഎസ്എസും ചടങ്ങിനെ രാഷ്ട്രീയവത്കരിക്കുകയാണ്. നിർമ്മാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും എഐസിസി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, കോൺഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. ഹമാസ് റാലിയിൽ പങ്കെടുക്കുന്ന കോൺഗ്രസ് രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തെ അവഗണിക്കുന്നത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസ് പൂർണമായും മതമൗലികവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞു. പട്ടേലിൻ്റെ കാലത്ത് സോമനാഥ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം നടത്തിയ പാർട്ടി രാഹുലിൻ്റെ കാലത്ത് ശ്രീരാമജന്മഭൂമിയെ തിരസ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; ആന്ധ്രയിലും ബംഗാളിലും സംഘർഷം

രാജ്യസഭാ സീറ്റ്, എല്‍ഡിഎഫില്‍ തർക്കം; വിട്ടു നൽകില്ലെന്ന് സിപിഐ, വേണമെന്നുറച്ച് കേരളാ കോൺ​ഗ്രസ്

'കെജ്‍രിവാളിൻ്റെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ പിഎ മർദ്ദിച്ചു'; ആരോപണവുമായി എഎപി എംപി

വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

കെ എസ്‌ ഹരിഹരന്റെ വീട്ടിലെ സ്ഫോടനം; പടക്കം പൊട്ടിച്ചതാണെന്ന് നി​ഗമനം, മൂന്ന് പേർക്കെതിരെ കേസ്

SCROLL FOR NEXT