Kerala

കരിങ്കൊടിയും മര്‍ദ്ദനവും : നവകേരള സദസ്സ് തിരുവനന്തപുരത്ത് പ്രവേശിച്ച ദിവസം തന്നെ സംഘര്‍ഷം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: നവകേരള സദസ്സിനെതിരായ യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്. ആറ്റിങ്ങല്‍ ആലംകോട് യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പൊലീസിനും മര്‍ദ്ദനമേറ്റു. വര്‍ക്കല എസ്എന്‍ കോളേജിനു സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവ കേരള ബസിന് നേരെ കരിങ്കൊടി കാണിച്ചു.

കല്ലമ്പലത്ത് നടന്ന യുവ മോര്‍ച്ച പ്രതിഷേധവും സംഘര്‍ഷത്തിന് വഴി മാറുകയായിരുന്നു. പൈലറ്റ് വാഹനത്തില്‍ വന്ന പൊലീസും പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ പ്രവര്‍ത്തകര്‍ പൊലീസിനെ തിരിച്ചടിക്കുകയായിരുന്നു. നവ കേരള സദസ്സ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച ദിവസം തന്നെ അരങ്ങേറിയ പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളിലും തുടരാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം.

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലും വ്യാപക സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലുമായി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കും ഉള്‍പ്പെടെ 20 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ വനിതാ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്നതായി ആരോപിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച്. ഉച്ചയോടെ പ്രസ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റ് നടയില്‍ പൊലീസ് തടഞ്ഞു. പതിവില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാന നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാര്‍ച്ചില്‍ അണിനിരന്നു.

പ്രതിപക്ഷ നേതാവിന്റെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കൊടികെട്ടിയ വടികളും ചെരുപ്പും കല്ലും വലിച്ചെറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലവട്ടം ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ നേതാക്കള്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ചു

പിന്നീട് പ്രകടനമായി പ്രതിപക്ഷ നേതാവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസിന് മുന്നിലൂടെ കടന്നുപോയ പിങ്ക് പൊലീസിന്റെ വാഹനം തടഞ്ഞു നിര്‍ത്തി പ്രവര്‍ത്തകരെ മോചിപ്പിച്ചു. പിന്നാലെ ഡിസിസി ഓഫീസിലേക്ക് എസിപിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമെത്തി. ഓഫീസിനകത്ത് കയറി ഒരു പൊലീസും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ ഏറെനേരത്തെ ചര്‍ച്ചകള്‍ക്കുശേഷം മോചിപ്പിച്ച പ്രവര്‍ത്തകരെ പൊലീസിന് തിരിച്ചു നല്‍കിയതോടെ സംഘര്‍ഷാവസ്ഥയ്ക്ക് വിരാമമായി.

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

SCROLL FOR NEXT