Kerala

ഹരിനാരായണനിൽ മിടിച്ച് സെൽവന്റെ ഹൃദയം; ശസ്ത്രക്രിയ വിജയകരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരം, ഒടുവിൽ സെൽവന്റെ ഹൃദയം ഹരിനാരായണന്റെ ശരീരത്തിൽ മിടിച്ചു തുടങ്ങി. തമിഴ്നാട് സ്വദേശിയായ സെൽവന്റെ ഹൃദയം നാലര മണിക്കൂ‍ർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഹരിനാരയണനിൽ തുന്നിച്ചേ‍ർത്തത്. ശസ്ത്രക്രിയ വിജയകരമായെന്നും ഹരിനാരായണനിൽ ഹൃദയം മിടിച്ചുതുടങ്ങിയെന്നുമുള്ള സന്തോഷകരമായ വാർത്തയാണ് ലിസി ആശുപത്രിയിൽ നിന്ന് പുറത്തുവരുന്നത്.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ച ഹൃദയം ഒട്ടും താമസയാതെ ലിസി ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ എത്തിക്കുകയായിരുന്നു. അവിടെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയ്ക്കുള്ള എല്ലാ സംവിധാനവും ഒരുക്കി കാത്തു നിന്നു.

ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഹരിനാരായണന്റെ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും ഹാർട്ട് - ലംഗ് മെഷീനിലേക്ക് മാറ്റിയിരുന്നു. ഒപ്പം വെന്റിലേറ്ററിന്റെ സഹായവും. പരാജയപ്പെട്ട ഹൃദയം രോഗിയിൽ നിന്ന് മുറിച്ചു മാറ്റുന്ന പ്രക്രിയയാണ് പിന്നെ നടന്നത്. മഹാധമനി ഉൾപ്പെടെ ഒന്നിനും ക്ഷതം സംഭവിക്കാതെ നടത്തുന്ന വളരെ സങ്കീർണമായ പ്രക്രിയയാണ് ഇത്. അതിന് ശേഷം ദാതാവിന്റെ ഹൃദയം വച്ചു പിടിപ്പിച്ചു.

ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ഇതോടെ വിജയമായിരിക്കുന്നത്. മറ്റ് സങ്കീർണതകളുണ്ടായില്ലെങ്കിൽ മൂന്നാഴ്ചയ്ക്ക് ശേഷം ഹരിനാരായണനെ ഡിസ്ചാർജ് ചെയ്യും. മസ്തിഷ്ക മരണം സംഭവിച്ച സെൽവന്റെ ഹൃദയം ഹരിനാരയാണനും മറ്റ് അവയവങ്ങൾ മറ്റ് അഞ്ച് പേർക്കുമായി ദാനം ചെയ്യുകയായിരുന്നു.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് സെൽവൻ ശേഖറിന് മസ്തിഷ്കമരണം സംഭവിച്ചത്. പിന്നാലെ അവയവങ്ങൾ ദാനം ചെയ്യാൻ നഴ്സ് കൂടിയായ ഭാര്യ അനുവാദം നൽകി. അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതോടെ പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത രോഗികളിൽ ആർക്കൊക്കെയാണ് അവയവം വേണ്ടതെന്നുള്ള തീരുമാനം വേഗത്തിൽ എത്തി. ഹെലികോപ്റ്ററും കൂടി എത്തിയതോടെ എല്ലാം വളരെ വേ​ഗത്തിലായി.

ഹൃദയം ഉൾപ്പടെ ആറ് അവയവങ്ങളാണ് ദാനം ചെയ്യാൻ തീരുമാനിച്ചത്. ഹൃദയമടക്കമുള്ള അവയവങ്ങളുമായി കിംസ് ആശുപത്രിയിൽ നിന്ന് ആംബുലൻസ് മിനിറ്റുകൾ കൊണ്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് എയർ ആംബുലൻസിൽ കൊച്ചിയിലേക്ക്. അരമണിക്കൂറുകൊണ്ട് കൊച്ചിയിലെത്തി. രണ്ടര മിനിറ്റുകൊണ്ട് ആറ് കിലോമീറ്റർ ദൂരം പിന്നിട്ട് ഹൃദയവുമായി ആംബുലൻസ് ലിസി ആശുപത്രിയിലെത്തി. വാഹനഗതാഗതം നിയന്ത്രിച്ച് പൊലീസ് നേരത്തെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

SCROLL FOR NEXT