Kerala

'മലയാള സിനിമയില്‍ ചിരസ്മരണീയനായ പ്രതിഭാധനന് ആദരാഞ്ജലി'; സ്പീക്കര്‍ എ എന്‍ ഷംസീര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. സ്വപ്നാടനം എന്ന ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങള്‍ നേടി, മലയാള സിനിമയില്‍ തന്റെ ഇടമുറപ്പിച്ച സംവിധായകനാണ് കെ ജി ജോര്‍ജ്. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകളെല്ലാം പതിറ്റാണ്ടുകള്‍ക്ക് ശേഷവും മലയാളികള്‍ മനസില്‍ കൊണ്ടുനടക്കുന്നവയാണ്. മലയാളസിനിമയില്‍ ചിരസ്മരണീയനായ ആ പ്രതിഭാധനന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും എ എന്‍ ഷംസീര്‍ അനുസ്മരണ കുറിപ്പില്‍ പറയുന്നു.

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടം പിടിച്ച ചലച്ചിത്രകാരനാണ് കെ ജി ജോര്‍ജെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. സമൂഹഘടനയും വ്യക്തിമനസുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു. കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേര്‍തിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാംവിധം ഉയര്‍ത്തി. ജനങ്ങള്‍ക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.

സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകള്‍ മലയാളി മനസില്‍ എന്നും ഇടം പിടിക്കുന്നവയാണ്. വ്യത്യസ്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത ഇതുപോലുള്ള സംവിധായകര്‍ അധികം ഉണ്ടാവില്ല. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ ജി ജോര്‍ജിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

'അറിയിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി'; മുഖ്യമന്ത്രിയുടെ വിദേശ യാത്ര അറിയിച്ചില്ലെന്ന് ഗവര്‍ണര്‍

പ്രജ്ജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്; തെളിവ് പുറത്തുവിട്ട ബിജെപി നേതാവ് കസ്റ്റഡിയില്‍

കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ മുങ്ങി

കരമന അഖിലിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയില്‍

തീര്‍ന്നിട്ടും തീരാതെ സമരം; എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നും റദ്ദാക്കി

SCROLL FOR NEXT