International

ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച് ഫ്രാൻസ്; ചരിത്ര തീരുമാനം സ്വാഗതം ചെയ്ത് ലോകം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാരിസ്: ​ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച് ഫ്രാൻസ്. തിങ്കളാഴ്ചയാണ് ഫ്രാൻസ് ചരിത്രപരമായ തീരുമാനമെടുത്തത്. സ്ത്രീകളുടെ അവകാശമെന്ന നിലയിൽ ഫ്രാൻസിൽ നിന്ന് പുറത്തുവന്ന ഈ വാർത്ത ആ​ഗോള തലത്തിൽ സ്വാ​ഗതം ചെയ്യപ്പെട്ടപ്പോൾ ​ഗർഭഛിദ്ര വിരുദ്ധ ​ഗ്രൂപ്പുകളിൽ നിന്ന് വിമർശനവും ഉയർന്നു.

പാർലമെന്റിലെ 780 പേരുടെ പിന്തുണയോടെയാണ് ​ഗർഭഛിദ്രം ഭരണഘടനാ അവകാശമായി മാറിയത്. എന്നാൽ 72 പേർ എതിർത്ത് വോട്ട് ചെയ്തു. ഗർഭഛിദ്ര അവകാശത്തിനായി പോരാടുന്ന പ്രവർത്തകർ ഹർഷാരവങ്ങളോടെയാണ് വിധിയെ സ്വാഗതം ചെയ്തത്. മൈ ബോഡി മൈ ചോയ്സ് (എന്റെ ശരീരം എന്റെ അവകാശം) എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇവർ ഈഫൽ ടവറിന് മുന്നിൽ ആഘോഷിച്ചത്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാൻസിൽ ഗർഭഛിദ്ര അവകാശം അംഗീകരിക്കപ്പെട്ടതാണ്. ഫ്രഞ്ച് ജനതയുടെ 80 ശതമാനത്തോളം പേർ ഗർഭഛിദ്രം അവകാശമാകണം എന്ന് ആഗ്രഹിക്കുന്നതായി വിവിധ പോളുകൾ വ്യക്തമാക്കുന്നു. സ്ത്രീയുടെ ശരീരം അവളുടേതാണ്, നിങ്ങൾക്ക് വേണ്ടി മറ്റൊരാളും തീരുമാനമെടുക്കേണ്ടതില്ല എന്ന സന്ദേശമാണ് ഞങ്ങൾ നൽകുന്നതെന്ന് പ്രധാനമന്ത്രി ഗബ്രിയേൽ അടൽ ഇതിനോട് പ്രതികരിച്ചു. 1974 മുതൽ ഫ്രാൻസിൽ ഗർഭഛിദ്രം നിയമാവകാശമാണ്. നിരവധി പേർ അന്ന് അത് വിമർശിച്ചിരുന്നു.

എന്നാൽ, ഗർഭച്ഛിദ്രത്തിനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം അംഗീകരിച്ച റോയ് വി. വേഡ് വിധി റദ്ദാക്കാനുള്ള യുഎസ് സുപ്രീം കോടതിയുടെ 2022ലെ തീരുമാനം, ഫ്രാൻസിൽ ഈ നിയമം ഭരണഘടനയിൽ ഉൾപ്പെടുത്താൻ പോരാടാൻ സാമൂഹ്യ പ്രവ‍ർ‌ത്തകരെ പ്രേരിപ്പിച്ചു. ഇതോടെ ഇനി മുതൽ ഫ്രാൻസിൽ ഭരണഘടനാ അനുഛേദം 34 പ്രകാരം സ്ത്രീകൾക്ക് ​ഗർഭഛിദ്രത്തിനുള്ള പൂ‍ർണാവകാശമുണ്ടാകും.

എന്നാൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ വിമർശിച്ചാണ് പ്രതിപക്ഷ നേതാവ് മറിനെ ലെ പെൻ രംഗത്തെത്തിയത്. വലിയ വിഭാ​ഗത്തിന്റെ പിന്തുണ ​ഗർഭഛിദ്രം നിയമമാക്കുന്നതിനുണ്ട് എന്നതുകൊണ്ട് മാത്രമാണ് മാക്രോൺ ഈ നീക്കം നടത്തിയതെന്നാണ് ഇവരുടെ വിമർശനം. ​ഗർ‌ഭഛിദ്രം നിയമമാക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല, അതിനാൽ വോട്ട് ചെയ്തു. എന്നാൽ ഇതിനെ ചരിത്രപരമായ തീരുമാനം എന്നൊന്നും വിളിച്ച് ആർഭാ​ടമാക്കേണ്ടതില്ല. കാരണം ഫ്രാൻസിൽ ​ഗർഭഛിദ്രാവകാശം പ്രതിസന്ധി നേരിടുന്നില്ല - മറിനെ പറഞ്ഞു.

അതേസമയം സ്ത്രീകൾ തോറ്റുപോയെന്നാണ് ഈ തീരുമാനത്തോട് കത്തോലിക്ക കുടുംബങ്ങളുടെ കൂട്ടായ്മയുടെ പ്രസിഡന്റ് പാസ്കൽ മൊറിനി പ്രതികരിച്ചത്. ലോകം കാണാൻ കഴിയാതെ പോയ കുഞ്ഞുങ്ങളുടെയും പരാജയമാണെന്നും ഇവർ പറഞ്ഞു.

ഹസൻ്റെ തീരുമാനം വെട്ടി സുധാകരൻ; എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

ഷാജൻ സ്കറിയ ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ അജണ്ട സൃഷ്ടിക്കുന്നു; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ഡ്രൈവിംഗ് പരിഷ്‌കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി

പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വം അനുവദിച്ചു

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അലംഭാവം; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

SCROLL FOR NEXT