International

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല; അന്വേഷണവുമായി സഹകരിക്കണം: നിലപാട് ആവർത്തിച്ച് ട്രൂഡോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂയോർക്ക്: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമാകവെ പ്രതികരണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും കാനഡ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം. നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥമെന്ന് വ്യക്തമാക്കിയ ട്രൂഡോ കനേഡിയന്‍ പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും പറഞ്ഞു.

കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കാന്‍ കാരണമുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി. നയതന്ത്ര ബന്ധങ്ങള്‍ വഷളായ സാഹചര്യത്തില്‍ കൊലപാതക അന്വേഷണവുമായി സഹകരിക്കണമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ കൊലപാതകവുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ വിശദീകരിക്കാന്‍ ട്രൂഡോ വിസമ്മതിച്ചു. യുഎൻ ജനറൽ അസംബ്ലി മീറ്റിങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രൂഡോ നിലപാട് വ്യക്തമാക്കിയത്.

മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച കനേഡിയന്‍ പ്രധാനമന്ത്രി നീതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യ ഏറെ പ്രാധാന്യമുള്ള രാജ്യമാണെന്ന് ചൂണ്ടിക്കാണിച്ച ട്രൂഡോ ഇന്ത്യയുമായി സഹകരണം ആഗ്രഹിക്കുന്നതായും വ്യക്തമാക്കി. കനേഡിയന്‍ പൗരന്‍ കൊല്ലപ്പെട്ടത് സ്വന്തം മണ്ണിലാണെന്ന് ചൂണ്ടിക്കാണിച്ച ട്രൂഡോ നിയമവാഴ്ച ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

ഇതിനിടെ കാനഡയുമായുള്ള തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഭീകരവാദവുമായി ബന്ധമുള്ളവരുടെ അഭിമുഖം നല്‍കരുതെന്നും ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്നുമാണ് നിര്‍ദ്ദേശം. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് ചൂണ്ടിക്കാണിച്ച കേന്ദ്രം ഭീകരര്‍ക്ക് വേദിയൊരുക്കരുതെന്നും നിര്‍ദ്ദേശിച്ചു.

കാനഡയിലെ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുണ്ടെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. വിസ നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ കാരണം ഭീഷണി നിലനിൽക്കുന്നതാണെന്നും വിഷയം വിശദമായി പരിശോധിക്കുമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് വ്യക്തമാക്കിയത്. ഖലിസ്താന്‍ അനുകൂലിയുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിക്കുന്ന ആരോപണം മുൻവിധിയോടെയും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് വ്യക്തമായ വിവരം കാനഡ പങ്കുവച്ചിട്ടില്ലെന്നും അരിന്ദം ബാഗ്ചി ചൂണ്ടിക്കാണിച്ചിരുന്നു.

ഇതിനിടെ നയതന്ത്ര പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷയൊരുക്കണമെന്ന് കനേഡിയന്‍ ഹൈക്കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഭീഷണിക്ക് പിന്നാലെയാണ് കനേഡിയന്‍ ഹൈക്കമ്മീഷൻ ആവശ്യം ഉന്നയിച്ചത്.

ഇതിനിടെ കാനഡയെ പിന്തുണച്ച് അമേരിക്ക രംഗത്ത് വന്നിരുന്നു. കാനഡ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണ്. അതിൽ സുതാര്യമായ അന്വേഷണം വേണമെന്നും ഇന്ത്യയുടെ സഹകരണമുണ്ടാകണമെന്നും നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോ ഓർഡിനേറ്റർ ജോൺ കിർബിയാണ് വ്യക്തമാക്കിയത്.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT