Cricket

എടാ മോനേ; റണ്‍വേട്ടക്കാരെ തട്ടകത്തില്‍ ചുരുട്ടിക്കെട്ടി ബെംഗളൂരു, ഹൈദരാബാദിനെതിരെ നിര്‍ണായക വിജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയം. ജീവന്മരണ പോരാട്ടത്തില്‍ 35 റണ്‍സിന്റെ വിജയമാണ് ഫാഫ് ഡു പ്ലെസിസും സംഘവും സ്വന്തമാക്കിയത്. സീസണില്‍ ബെംഗളൂരുവിന്‍റെ രണ്ടാം വിജയമാണിത്. നിര്‍ണായക വിജയത്തോടെ ലീഗിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താന്‍ ബെംഗളൂരുവിന് സാധിച്ചു.

ആദ്യം ബാറ്റുചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെയും (51) രജത് പട്ടിദാറിന്റെയും (50) അര്‍ദ്ധ സെഞ്ച്വറികളാണ് ബെംഗളൂരുവിന് കരുത്തായത്. ഹൈദരാബാദിന് വേണ്ടി ജയ്ദേവ് ഉനദ്കട്ട് മൂന്നും ടി നടരാജന്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് നേടാനായത്. 37 പന്തില്‍ പുറത്താകാതെ 40 റണ്‍സെടുത്ത ഷഹ്ബാസ് അഹ്‌മദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ബെംഗളൂരുവിന് വേണ്ടി സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ്മ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

സീസണില്‍ റണ്‍മല ഉയര്‍ത്താറുള്ള സണ്‍റൈസേഴ്‌സില്‍ ഇന്ന് ഒരു ബാറ്ററും 40 റണ്‍സ് കടന്നില്ല. ഹൈദരാബാദിന് വേണ്ടി രണ്ട് തവണ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിനെ വെറും ഒരു റണ്ണെടുത്ത് പുറത്താക്കാന്‍ ആര്‍സിബിക്ക് കഴിഞ്ഞു. ആറാം പന്തില്‍ തന്നെ ഒരു വിക്കറ്റ് വീണതോടെ സണ്‍റൈസേഴ്‌സും പരാജയം മണത്തു. നാലാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയും (31) മടങ്ങി.

പിന്നാലെ ഐഡന്‍ മാര്‍ക്രം (7), ഹെന്റിച്ച് ക്ലാസന്‍ (7), നിതീഷ് കുമാര്‍ റെഡ്ഡി (13), അബ്ദുല്‍ സമദ് (10) എന്നിവര്‍ വീണു. ഇതോടെ പത്താം ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലേക്ക് ഹൈദരാബാദ് വീണു. ഏഴാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച ഷഹ്ബാസ് അഹ്‌മദ്- പാറ്റ് കമ്മിന്‍സ് സഖ്യമാണ് ഹൈദരാബാദിനെ 100 കടത്തിയത്. 14-ാം ഓവറില്‍ ക്യാപ്റ്റന്‍ കമ്മിന്‍സും (31) മടങ്ങി. ടീം സ്‌കോര്‍ 140 കടന്നതിന് പിന്നാലെ ഭുവനേശ്വര്‍ കുമാറും (13) കൂടാരം കയറി. 37 പന്തില്‍ 40 റണ്‍സെടുത്ത് ഷഹ്ബാസ് അഹ്‌മദും എട്ട് റണ്‍സെടുത്ത് ജയ്‌ദേവ് ഉനദ്കട്ടും പുറത്താകാതെ നിന്നു.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT