Cricket

അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം മിച്ചല്‍ മാര്‍ഷിന്; മറികടന്നത് ഐസിസിയുടെ മികച്ച താരത്തെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സിഡ്‌നി: ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരമാണിത്. ഐസിസിയുടെ 2023ലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ട ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ പിന്തള്ളിയാണ് മാര്‍ഷ് അലന്‍ ബോര്‍ഡര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലെയും മികവിന്റെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാരം നല്‍കുന്നത്. എല്ലാ ഫോര്‍മാറ്റുകളിലെയുമുള്ള താരങ്ങള്‍, മാധ്യമങ്ങള്‍, അമ്പയര്‍മാര്‍ എന്നിവരുടെ വോട്ടുകള്‍ക്കനുസരിച്ചാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 223 വോട്ടുകളാണ് മാര്‍ഷിന് ലഭിച്ചത്. 144 വോട്ടുകളാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന് നേടാനായത്. 141 വോട്ടുകള്‍ ലഭിച്ച സ്റ്റീവ് സ്മിത്താണ് മൂന്നാം സ്ഥാനത്ത്.

2023ല്‍ മികച്ച പ്രകടനമാണ് മാര്‍ഷ് കാഴ്ചവെച്ചത്. ടെസ്റ്റ് മത്സരങ്ങളിലെ പത്ത് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമടക്കം 540 റണ്‍സാണ് മാര്‍ഷ് അടിച്ചുകൂട്ടിയത്. 20 ഏകദിന മത്സരങ്ങളില്‍ നിന്ന് 858 റണ്‍സും മൂന്ന് ടി20 മത്സരങ്ങളില്‍ നിന്ന് 186 റണ്‍സുമാണ് മാര്‍ഷിന്റെ സമ്പാദ്യം.

അലന്‍ ബോര്‍ഡര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്ന രണ്ടാമത്തെ ഓള്‍റൗണ്ടറാണ് മാര്‍ഷ്. മുന്‍പ് ഷെയ്ന്‍ വാട്‌സണാണ് പുരസ്‌കാരം സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍. 2011ലായിരുന്നു ഷെയ്ന്‍ അലന്‍ ബോര്‍ഡര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ സ്റ്റീവ് സ്മിത്ത് നാല് തവണയും മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മൂന്ന് തവണയും ഓലന്‍ ബോര്‍ഡര്‍ അവാര്‍ഡ് ജേതാക്കളായിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഓരോ തവണയും ഈ പുരസ്‌കാരം സ്വന്തമാക്കി.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT