പക്ഷിപ്പനി: രോഗബാധിത പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെ ഇന്ന് കൊന്നൊടുക്കും

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുന്‍സിപ്പാലിറ്റി അടക്കം 27 തദ്ദേശ സ്ഥാപന പരിധിയില്‍ താറാവ്, കോഴി എന്നിവയുടെ മുട്ട, ഇറച്ചി വില്പന നിരോധിച്ചിട്ടുണ്ട്
പക്ഷിപ്പനി: രോഗബാധിത പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെ ഇന്ന് കൊന്നൊടുക്കും

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വളര്‍ത്തു പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രാവിലെ പത്തരയോടെ കള്ളിങ് നടപടികള്‍ തുടങ്ങും. വിവിധ ദ്രുത കര്‍മ്മ സേനാ ടീമുകളെ നിയോഗിച്ച് ഇന്നു കൊണ്ട് രോഗബാധിത മേഖലകളിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊല്ലാനാണ് തീരുമാനം.

എടത്വ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആക്ഷന്‍ പ്ലാന്‍ പ്രകാരം രോഗബാധ ഉണ്ടായ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ കള്ളിങ്ങ് നടത്തണം. ഇത് പാലിച്ചാണ് ഇന്ന് നടപടികള്‍ ആരംഭിക്കുന്നത്. കള്ളിങ് ജോലികള്‍ക്കായി നിയോഗിച്ച ദ്രുത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ജില്ല മൃഗസംരക്ഷണ ഓഫീസില്‍ വച്ച് രാവിലെ നിര്‍ദ്ദേശങ്ങള്‍ നല്‍കും. അതിനുശേഷം വിവിധ ടീമുകള്‍ ആയി തിരിഞ്ഞ് രോഗബാധിത മേഖലകളിലേക്ക് പോകും.

ഗ്രാമപഞ്ചായത്തുകള്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ വച്ചാണ് കള്ളിങ്ങ്. എടത്വയിലെ വരമ്പിനകത്തെ കര്‍ഷകന് മാത്രം 7500 ഓളം താറാവുകള്‍ ഉണ്ട്. ജില്ലയിലാകെ ഏതാണ്ട് 15000 ത്തോളം വളര്‍ത്തു താറാവുകളെ കള്ളിങ്ങിന് വിധേയമാക്കേണ്ടി വരും എന്നാണ് കണക്ക്. കള്ളിങ് നടപടികള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുന്‍സിപ്പാലിറ്റി അടക്കം 27 തദ്ദേശ സ്ഥാപന പരിധിയില്‍ താറാവ്, കോഴി എന്നിവയുടെ മുട്ട, ഇറച്ചി വില്പന നിരോധിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി, വാഴപ്പള്ളി പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കടപ്ര, നെടുമ്പ്ര, പെരിങ്ങര, നിരണം എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും താറാവ്, കോഴി, കാട മറ്റ് വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വില്‍പ്പനയും കടത്തലും നിരോധിച്ചിട്ടുണ്ട്. ഈ മാസം 25 വരെയാണ് നിരോധനം. ഈ പ്രദേശങ്ങളില്‍ വില്‍പനയും കടത്തലും നടക്കുന്നില്ല എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം എന്നാണ് കളക്ടറുടെ നിര്‍ദ്ദേശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com