'ആണ്‍'സോഷ്യല്‍ മീഡിയയിലെ പെണ്ണിടങ്ങള്‍

മലയാളി സൈബര്‍ ഇടം സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു? ഇത്തരം സൈബര്‍ ആക്രമണങ്ങളെ പെണ്‍കുട്ടികള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? സമൂഹമാധ്യമത്തില്‍ വിചാരണയ്ക്ക് വിധേയരായിട്ടുള്ള സ്ത്രീകളുടെ പ്രതികരണങ്ങള്‍
'ആണ്‍'സോഷ്യല്‍ മീഡിയയിലെ പെണ്ണിടങ്ങള്‍

സമൂഹമാധ്യമങ്ങള്‍ ലോകത്തിനു മുന്‍പില്‍ തുറന്നത് വലിയ സാധ്യതകളായിരുന്നു. സ്വന്തം ചിന്തകള്‍, വിയോജിപ്പുകള്‍, സന്തോഷങ്ങള്‍, സങ്കടങ്ങള്‍ ഒക്കെ ലോകത്തോട് വിളിച്ചു പറയാന്‍ ഒരിടം. തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാനുള്ള ഇടം എന്ന നിലയില്‍ സമൂഹമാധ്യമ സാധ്യതകളെ നല്ലരീതിയില്‍ തന്നെ ഇന്ന് പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്നുമുണ്ട്. അനുവദിച്ചു തന്നാല്‍ മാത്രം അഭിപ്രായം പറയാന്‍ ഇടം കിട്ടിയിരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള പുറത്തുചാടല്‍ കൂടിയായിരുന്നു പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം സോഷ്യല്‍ മീഡിയ. എന്നാല്‍ സോഷ്യല്‍മീഡിയ സ്ത്രീകളെ പരിഗണിച്ചത് എങ്ങനെയാണ്? ഏതെങ്കിലും ഒരു വിവാദത്തില്‍ ഉള്‍പ്പെടുന്നത് അല്ലെങ്കില്‍ ഒരു കേസില്‍ പ്രതിയാകുന്നത് സ്ത്രീയാണെങ്കിലോ? ആ വിഷയത്തെ സമൂഹമാധ്യമങ്ങള്‍/മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്? വിയോജിപ്പുകളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടാകുന്നത് ഒരു സ്ത്രീയോടാണെങ്കില്‍ അവര്‍ പറഞ്ഞ ആശയത്തില്‍ നിന്ന് ചര്‍ച്ചകള്‍ വഴിമാറുന്നു. സമൂഹമാധ്യമത്തില്‍ അവര്‍ പങ്കുവെച്ച തികച്ചും വ്യക്തിപരമായ ചിത്രങ്ങള്‍ വരെ തിരഞ്ഞുപിടിച്ച് അത് ഉപയോഗിച്ച് പരസ്യമായി അവരെ ആക്രമിച്ചു തുടങ്ങും. എന്തുകൊണ്ട് എന്ന ചോദ്യത്തിന് നല്ലതും ചീത്തയുമായ സമൂഹത്തിന്റെ ഒരംശം തന്നെയാണ് ഓണ്‍ലൈന്‍ ലോകത്തേയ്ക്കും പറിച്ചു നടപ്പെട്ടത് എന്നു തന്നെ ഉത്തരം. മലയാളി സൈബര്‍ ഇടം സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു? ഇത്തരം സൈബര്‍ ആക്രമണങ്ങളെ പെണ്‍കുട്ടികള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?. സമൂഹമാധ്യമത്തില്‍ പലതരത്തിലുള്ള വിചാരണയ്ക്ക് വിധേയരായിട്ടുള്ള സ്ത്രീകളുടെ പ്രതികരണങ്ങള്‍ നോക്കാം...

ആക്രമണങ്ങളെ ഭയപ്പെടേണ്ടതില്ല: ചിന്ത ജെറോം

പുരുഷമേധാവിത്ത സമൂഹമാണ് നമ്മുടേത്. പൊതുവെ സമൂഹത്തിന് സ്ത്രീകളോടുള്ള കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് സമൂഹമാധ്യമങ്ങളിലും കാണാന്‍ കഴിയുന്നത്. ഒരേ അഭിപ്രായം സ്ത്രീയും പുരുഷനും പറഞ്ഞാല്‍ ആ ആശയത്തോട് വിയോജിപ്പുള്ളവര്‍ പുരുഷനെ എതിര്‍ക്കുന്ന ശൈലിയിലായിരിക്കില്ല സ്ത്രീയെ എതിര്‍ക്കുന്നത്. ഒരു വ്യക്തി എന്നല്ല, പൊതു ഇടത്തില്‍ നില്‍ക്കുന്ന സ്ത്രീ, അത് രാഷ്ട്രീയരംഗത്ത് ആവട്ടെ കലയിലാവട്ടെ, സാഹിത്യത്തിലാവട്ടെ മറ്റ് ഏത് മേഖലയിലുമാവട്ടെ, അവരോട് വിയോജിപ്പ് ഉണ്ടാകുമ്പോള്‍ അത് അവര്‍ പറഞ്ഞ ആശയത്തോടുള്ള പ്രതിഷേധമായല്ല പലപ്പോഴും അവരുടെ സ്വത്വത്തിന്‍മേലുള്ള കടന്നുകയറ്റമായി മാറുകയാണ് പതിവ്. ഈ കടന്നു കയറ്റം പലപ്പോഴും അങ്ങേയറ്റം മനുഷ്യവിരുദ്ധമായി മാറുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ഒരാവശ്യവുമില്ലാതെ ചര്‍ച്ചകളിലേയ്ക്ക് വലിച്ചിടുന്നു. ചിത്രങ്ങള്‍ അനാവശ്യമായി പ്രചരിപ്പിക്കുന്നു. സ്വകാര്യ ഇടങ്ങളിലുള്ള സംഭാഷണങ്ങളും അഭിപ്രായപ്രകടനങ്ങളും മറ്റും വളച്ചൊടിച്ച് അവതരിപ്പിക്കുന്നു. സൈബര്‍ ലിഞ്ചിങ് വരെ സ്ത്രീകള്‍ക്കെതിരെ നടക്കുന്നു.

ചിന്ത ജെറോം
ചിന്ത ജെറോം

പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ആദ്യമൊക്കെ എന്റെ ചിത്രം വെച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ടായിരുന്നു. പല അനുഭവങ്ങള്‍ക്കു ശേഷം ഇത്തരം ആക്രമണങ്ങളോടുള്ള കാഴ്ചപാടിലും മാറ്റങ്ങളുണ്ടായി. ഇപ്പോള്‍ സൈബര്‍ ആക്രമണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട്. വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മാന്യമായ ഭാഷയിലാണ് ഒരാള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെങ്കില്‍ അതിനെ ബഹുമാനിക്കേണ്ടതുണ്ട്, തിരുത്തേണ്ടതാണെങ്കില്‍ സ്വയം തിരുത്തുക. ഇനി തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സൈബര്‍ ആക്രമണത്തിന് എറിഞ്ഞുകൊടുക്കുക എന്നതാണ് ഉദ്ദേശമെങ്കില്‍ നിയമപരമായ നടപടികളുമായി മുന്നോട്ട് പോവുക. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളെ അവഗണിച്ചു കളയുക. ഇതാണ് സോഷ്യല്‍ മീഡിയ ആക്രമണങ്ങളോട് ഞാനിപ്പോള്‍ സ്വീകരിക്കുന്ന നിലപാട്.

പറയുന്ന വാക്കിലും പ്രവര്‍ത്തിയിലുമൊക്കെ പുതിയതലമുറ കുറച്ചുകൂടി ഉത്തരവാദിത്തം പ്രകടിപ്പിക്കുന്നുണ്ട് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. തങ്ങള്‍ പറയുന്നതിന്റെയും ചെയ്യുന്നതിന്റെയും രാഷ്ട്രീയ ശരികളെകുറിച്ച് അവര്‍ ചിന്തിക്കുന്നുണ്ട്. ഒരു പുകമറ സൃഷ്ടിച്ച് ഒരാളുടെ ശരികളെ മറയ്ക്കുക എന്നത് കുറച്ചുസമയത്തേയ്ക്കു മാത്രം കഴിയുന്ന കാര്യമാണ്. അതിനപ്പുറത്തേയ്ക്ക് ഒരാള്‍ എന്താണ്, അയാളുടെ നിലപാടുകള്‍ എന്താണ് എന്നൊന്നും ഇത്തരം പുകമറകള്‍ക്ക് പിന്നില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ കഴിയില്ല. അത് പുറത്തുവരിക തന്നെ ചെയ്യും. അതിനാല്‍ തന്നെ ഇത്തരം ആക്രമണങ്ങളെ ഭയപ്പെടേണ്ടതില്ല.

മാധ്യമങ്ങള്‍ സ്ത്രീയെ മാര്‍ക്കറ്റിനു പറ്റിയ വിഭവമായി ഉപയോഗിക്കുന്നു: ശാരദക്കുട്ടി

സ്ത്രീയാണ് വാര്‍ത്തയിലെ വിഷയമെങ്കില്‍, അത് സാമ്പത്തിക തട്ടിപ്പ് ആണെങ്കിലും മാര്‍ക്ക് ലിസ്റ്റ് വിവാദമാണെങ്കിലും പിഎച്ച്ഡി വിവാദമാണെങ്കിലും ഉടന്‍ അവളുടെ സദാചാരമന്വേഷിച്ചു പോകുന്ന ഒരു രീതിയുണ്ട്. അല്ലെങ്കില്‍ അവളുടെ ചിത്രങ്ങള്‍ എടുത്തിട്ട് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കും. കാരണം അതിന് ഇവിടെ ഒരു മാര്‍ക്കറ്റ് ഉണ്ട് എന്നതാണ്. വാര്‍ത്തകളിലെ സ്ത്രീ, മാര്‍ക്കറ്റിനുള്ള ഒരു വിഭവമായി മാറുന്നു എന്നത് സമൂഹത്തിന്റെ ഏറ്റവും മലീമസമായുള്ള ഒരു മനോഭാവമാണ് വെളിവാക്കുന്നത്.

എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവസരമുള്ള സോഷ്യല്‍ മീഡിയയിലേയ്ക്ക് വരുമ്പോള്‍ ഈ പ്രവണത കൂടുതല്‍ വെളിവാകുന്നു. ഒരു കാരണവുമില്ലാത്ത അപവാദങ്ങള്‍, ഇനി കാരണം ഉള്ളതാണെങ്കില്‍ പോലും ആ കാരണത്തില്‍ നിന്ന് തെന്നിമാറി പോകുന്ന ചര്‍ച്ചകള്‍. വിവാദമോ വാര്‍ത്തയോ ഒന്നും ഇല്ലെങ്കില്‍ പോലും സ്ത്രീകള്‍ തങ്ങളുടെ നിലപാട് തുറന്നു പറയുന്ന കുറിപ്പുകളുടെ, അവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ താഴെ വരുന്ന കമന്റുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. പ്രബലമായ രാഷ്ട്രീയപാര്‍ട്ടികളുടെ സൈബര്‍വിങ് പോലും എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നത് എന്നറിയണമെങ്കില്‍ എതിര്‍ പാര്‍ട്ടിയിലുള്ള സ്ത്രീകളുടെ സോഷ്യല്‍ മീഡിയ കുറിപ്പുകളോടെയോ വാര്‍ത്തകളുടെയോ താഴെ വരുന്ന കമന്റുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ഈ കമന്റുകള്‍ക്കെല്ലാം ഒരേ സ്വഭാവമാണുള്ളത്. ഇതില്‍ നിന്ന് മുകള്‍ പറഞ്ഞ മാര്‍ക്കറ്റ് എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാം. സ്വന്തം മനസ്സിലെ മാലിന്യം തന്നെയാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ കൊണ്ടുവന്നിങ്ങനെ വലിച്ചെറിയുന്നത്. പൊതു ഇടത്ത് നില്‍ക്കുന്ന എല്ലാ സ്ത്രീകളും തന്നെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്‌നമാണിത്. ആകര്‍ഷകമായ ചിത്രങ്ങളും വളച്ചൊടിച്ച വ്യാഖ്യാനങ്ങളുമായി വരുന്ന കുറിപ്പുകളോടുള്ള കൗതുകം മാത്രമല്ല ഇതിനു പിന്നില്‍ എന്നു തോന്നുന്നു. ഇത് ഒരു അധികാരം സ്ഥാപിക്കല്‍ കൂടിയാണ്. പൊതു സമൂഹത്തില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ മേല്‍ തന്റെ അധികാരം സ്ഥാപിക്കുക എന്ന പുരുഷമനോഭാവവും ഇതിനൊരു കാരണമാണ്. പൊതുരംഗത്തേയ്ക്കു വരുന്ന സ്ത്രീയെ തിരിച്ച് അകത്തേയ്ക്ക് കയറ്റിവിടാന്‍ ഏറ്റവും നല്ല മാര്‍ഗം അവളുടെ ശരീരവുമായി ബന്ധപ്പെടുത്തി അപവാദം പറയുക എന്നതാണെന്ന് അവര്‍ കരുതുന്നു.

ശാരദക്കുട്ടി
ശാരദക്കുട്ടി

ഈ മാര്‍ക്കറ്റിനെ മാധ്യമങ്ങളും ഉപയോഗിക്കുന്നു എന്നതാണ് ദുഖകരമായ വസ്തുത. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു വിഷയം വരുമ്പോള്‍ ഉപയോഗിക്കുന്ന ചിത്രം, തലക്കെട്ട്, വാര്‍ത്തയുടെ ആംഗിള്‍ സെറ്റ് ചെയ്യുന്നത് എല്ലാം വലിയ എണ്ണം വരുന്ന ഈ പുരുഷ മാര്‍ക്കറ്റുകൂടി മുന്നില്‍ കണ്ടു തന്നെയാണ്. മാധ്യമങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമല്ലാത്ത മത്സരം ശക്തമായപ്പോള്‍ കൂടുതല്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാനായി മാര്‍ക്കറ്റിന്റെ ഇത്തരം സാധ്യതകളെ മാധ്യമങ്ങള്‍ ആശ്രയിച്ചു എന്നത് ഈ അപകടത്തിന്റെ വ്യാപ്തി കൂട്ടി. സമൂഹമാധ്യമത്തില്‍ സ്ത്രീകള്‍ എഴുതുന്ന കുറിപ്പുകളൊക്കെ അവരുടെ ചിത്രത്തിനും തലക്കെട്ടിനും കിട്ടാന്‍ സാധ്യതയുള്ള ആളെണ്ണം നോക്കി വളച്ചൊടിച്ചു പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഇത്തരം വാര്‍ത്തകള്‍ക്കു വരുന്ന കമന്റുകള്‍ വായിച്ചാല്‍ ആ വാര്‍ത്ത ലക്ഷ്യം വയ്ക്കുന്നത് ആരെ എന്നു വ്യക്തമാകും. മുഖമില്ലാത്തൊരു ആള്‍ക്കൂട്ടത്തിനൊപ്പം മുഖമുള്ള മാധ്യമങ്ങളും കൂടി ചേരുമ്പോള്‍ കാര്യം കൂടുതല്‍ വഷളാവുന്നു. ഒരുവിധം സ്ത്രീകളെല്ലാം തന്നെ ഇത്തരം ആക്രമണങ്ങളെ അതിജീവിക്കാനുള്ള കരുത്ത് നേടി കഴിഞ്ഞു.

ഞാന്‍ നിഷ്പക്ഷയല്ല, എനിക്ക് വ്യക്തമായ പക്ഷമുണ്ട് : ദീപാ നിശാന്ത്

ലോകം മുഴുവന്‍ സന്തോഷത്തോടെ നോക്കി കണ്ട ആമസോണ്‍ വനത്തില്‍ നിന്ന് രക്ഷപെട്ട കുട്ടികളുടെ വാര്‍ത്ത. പ്രതീക്ഷ നല്‍കുന്ന, ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്ത. ലോക മാധ്യമങ്ങളില്‍ ചരിത്രം കുറിച്ച ആ അതിജീവനത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. മലയാളത്തില്‍ ചില ഓണ്‍ലൈന്‍ ഇടങ്ങളിലേയ്ക്ക് എത്തിയപ്പോള്‍ അതിന്റെ ആംഗിള്‍ മാറി മറിഞ്ഞു. ആ കുട്ടികളുടെ അമ്മ എങ്ങോട്ട് പോയതായിരുന്നു? എന്തിനു പോയതായിരുന്നു? ആ യാത്രയിലെ സദാചാര പ്രശ്നങ്ങള്‍ ചിക്കിചികഞ്ഞ് അവതരണം നീളുന്നു. ഇതാണ് ഇന്ന് മലയാള ഓണ്‍ലൈന്‍ ലോകം നേരിടുന്ന പ്രതിസന്ധി. ഇവിടെ സ്ത്രീ വാര്‍ത്തയ്ക്കുള്ള ഒരു വിഭവമാണ്. എങ്ങനെയും റീച്ച് കൂട്ടി വരുമാനം നേടാനുള്ള ഒരു മാര്‍ഗമാണ്.

ദീപാ നിശാന്ത്
ദീപാ നിശാന്ത്

വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ എതിരല്ല. എന്റെ ഭാഗത്തു നിന്ന് തെറ്റു സംഭവിച്ചാല്‍, വീഴ്ചയുണ്ടായാല്‍ തീര്‍ച്ചയായും വിമര്‍ശനങ്ങള്‍ ഉണ്ടാകണം. ആ വിമര്‍ശനം പക്ഷേ എന്റെ വ്യക്തി ജീവിതത്തിലെ പിഴവുകളെ കുറിച്ചില്ല, സാമൂഹിക ജീവിതത്തിലെ പിഴവകളെ കുറിച്ച് ആവണം എന്നു മാത്രം. വ്യക്തി ജീവിതത്തിലെ പിഴവുകള്‍ എന്റെ സ്വകാര്യതയാണ്. അത് ഒരു സമൂഹം ചര്‍ച്ചചെയ്യേണ്ടതില്ല. പൊതുരംഗത്തു നില്‍ക്കുന്ന സ്ത്രീകളുടെ വ്യക്തിജീവിതത്തില്‍ ഓണ്‍ലെന്‍ ലോകം അനാവശ്യമായി ഇടപെടുന്നു. എം എഫ് ഹുസൈന്റെ സരസ്വതി ചിത്രത്തെ കുറിച്ച് ആവിഷ്‌കാരസ്വാതന്ത്ര്യത്തെ മുന്‍ നിര്‍ത്തി സംസാരിക്കുമ്പോള്‍, ചര്‍ച്ചയ്ക്കായി മുന്നോട്ട് വയ്ക്കുന്ന വിഷയം ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. എന്നാല്‍ ചര്‍ച്ചനടക്കുന്നതാവട്ടെ എന്റെ വ്യക്തി ജീവിതത്തിലെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ പങ്കുവെച്ച ചിത്രം എടുത്ത് അതിന്റെ ബാക്ക് ​ഗ്രൗണ്ടില്‍ സരസ്വതിയുടെ ചിത്രമുണ്ടോ എന്നു തിരഞ്ഞു കണ്ടുപിടിച്ച് ഞാന്‍ വിശ്വാസിയാണോ എന്ന വിഷയത്തിലും. ഒരു ജനാധിപത്യരാജ്യത്തില്‍ ഭക്ഷണ സ്വാതന്ത്ര്യത്തെകുറിച്ച് പറയുമ്പോള്‍ ഞാന്‍ ഹിന്ദുവാണോ ഹിന്ദുക്കള്‍ക്ക് എതിരാണോ എന്നതല്ല വിഷയം. എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമാണ് വിഷയം. അതിനെ ഒരു വ്യക്തിയുടെ അഭിപ്രായമായി എടുത്തല്ല വിശകലനം ചെയ്യേണ്ടത്. പറഞ്ഞത് ആരെന്ന് അവിടെ പ്രസക്തമല്ല.

ഒരു സാമൂഹിക പ്രശ്‌നത്തില്‍ വ്യക്തമായ നിലപാട് പറയേണ്ടി വന്നപ്പോഴൊക്കെ ഇത്തരം വിഷയത്തില്‍ നിന്ന് വഴിതിരിച്ചു വിടുന്ന തരം ചര്‍ച്ചകളെ നേരിടേണ്ടി വന്നിട്ടുണ്ട്. നിഷ്പക്ഷമായി നില്‍ക്കുന്ന ആള്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷെ ഇത്രയേറെ ആക്രമണങ്ങളെ നേരിടേണ്ടി വരുമായിരുന്നില്ല. എനിക്ക് പക്ഷമുണ്ട്. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ പക്ഷം ചേര്‍ന്നു തന്നെ ഞാന്‍ സംസാരിക്കുന്നു. സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ ഞാന്‍ ഭയക്കുന്നില്ല. ഭയപ്പെടുത്തി വായടപ്പിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ഉച്ചത്തില്‍ തന്നെ വിളിച്ചു പറയാന്‍ ശ്രമിക്കും.

നിരന്തരമായി താന്‍ നേരിട്ടു കൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എഴുതേണ്ടി വന്നിട്ടുണ്ട് കായംകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അരിത ബാബുവിന്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കാലങ്ങള്‍ക്കു ശേഷവും നിര്‍ത്താതെ തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ച് അരിത ബാബു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച തുറന്ന കത്തില്‍ പൊതുരംഗത്ത് നില്‍ക്കുന്ന സ്ത്രീ നേരിടേണ്ടി വരുന്ന ആക്രമണങ്ങളുടെ നേര്‍ സാക്ഷ്യമുണ്ട്. മാധ്യമ പ്രവര്‍ത്തക ലക്ഷ്മി പത്മയ്ക്കും തനിയ്ക്കും എതിരെയുണ്ടായ സൈബര്‍ ആക്രമണത്തെകുറിച്ച് അരിത മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ നിന്ന് ഒരു ഭാഗം പരിശോദിക്കാം -

'എന്റേതുപോലുള്ള ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളില്‍ സവിശേഷമായ ശ്രദ്ധ കിട്ടാറുണ്ട്. ക്ഷീരകര്‍ഷകന്‍ ആയ സി കെ ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ലളിത ജീവിതവും കാര്‍ഷിക ചുറ്റുപാടുകളുമൊക്കെ മാധ്യമങ്ങള്‍ ആഘോഷിച്ചത് അങ്ങേയ്ക്ക് ഓര്‍മ്മ കാണുമല്ലോ. കര്‍ഷകത്തൊഴിലാളിയായ കെ രാധാകൃഷ്ണന്‍ ചേലക്കരയില്‍ ആദ്യം മത്സരിച്ചപ്പോള്‍ മാത്രമല്ല ഒടുവില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോലും തലയില്‍ തോര്‍ത്ത് കെട്ടി കൃഷിയിടത്തില്‍ ഇറങ്ങുന്നതിന്റെ വിഷ്വല്‍ സ്റ്റോറികള്‍ പുറത്തു വന്നു. എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവും പിഎച്ച്ഡി ഹോള്‍ഡറുമായ പി.കെ. ബിജു ആലത്തൂരില്‍ മത്സരിച്ചപ്പോള്‍ വന്ന ഒരു വാര്‍ത്ത ഞാനോര്‍ക്കുന്നു. ബിജു സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം നല്‍കുന്ന ദിവസം, കോട്ടയത്തെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന് വയലില്‍ കറ്റ കെട്ടാന്‍ പോയി മടങ്ങി വരുന്ന അമ്മയെ കുറിച്ചായിരുന്നു ആ വാര്‍ത്ത. ബിജുവിന്റെ അമ്മ 20 വര്‍ഷം മുമ്പ് നിര്‍ത്തിയ ഒരു ജോലി, മകന്റെ തെരഞ്ഞെടുപ്പ് കാലത്ത് ക്യാമറയ്ക്ക് വേണ്ടി മാത്രമായി പോസ് ചെയ്യുകയായിരുന്നുവെന്ന് അത് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ പി കെ ബിജുവിന്റെ രാഷ്ട്രീയം രൂപപ്പെടുന്നത് ആ അമ്മയുടെ ഭൂതകാലം കൂടിച്ചേര്‍ന്നാണ് എന്ന് മനസ്സിലാക്കുന്ന ഒരാള്‍ക്ക് അതിനെ അധിക്ഷേപിക്കാന്‍ കഴിയില്ല. ഞാനത് ചെയ്യില്ല.

കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന ദിവസം വരെ ഞാന്‍ ചെയ്ത ജോലിയാണ് പാല്‍ വില്പന. തെരഞ്ഞെടുപ്പുകാലത്ത് മാറ്റിവെച്ചത് ഒഴിച്ചാല്‍ അതാണ് എന്റെ ജോലി. ഇപ്പോഴും, ഇത് എഴുതുന്ന ദിവസവും അത് തന്നെയാണ് ഞാന്‍ ചെയ്യുന്ന ജോലി. സ്വാഭാവികമായും ആ ജോലി മുന്‍നിര്‍ത്തിയാണ് എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ തയാറാക്കപ്പെട്ടത്. ആ ജോലിയുടെ പേര് പറഞ്ഞാണ് അങ്ങയുടെ അനുയായികള്‍ ഇപ്പോഴും എന്നെ അപഹസിക്കുന്നത്. എന്റെ ദാരിദ്ര്യത്തെയും തൊഴിലിനെയും സാമൂഹികമായ അധസ്ഥിതാവസ്ഥയേയും പരിഹസിക്കുകയാണോ നിങ്ങള്‍?

ലക്ഷ്മി പത്മ എന്ന മാധ്യമപ്രവര്‍ത്തക എന്നെക്കുറിച്ച് തയാറാക്കിയ ഒരു പ്രോഗ്രാമിന്റെ പേരില്‍ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണ്. 'പാല്‍ക്കാരീ' 'കറവക്കാരീ ' എന്നൊക്കെയുള്ള വിളികള്‍ അതിന്റെ നേരിട്ടുള്ള അര്‍ഥത്തില്‍ ആണെങ്കില്‍ സന്തോഷത്തോടെ കേള്‍ക്കാവുന്ന രാഷ്ട്രീയ ബോധ്യം എനിക്കുണ്ട്. എന്നാല്‍, 'കറവ വറ്റിയോ ചാച്ചീ', ' നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ, നമുക്ക് അല്പം പാല്‍ കറന്നാലോ ഈ രാത്രിയില്‍?' എന്നൊക്കെ ചോദിക്കുന്നവര്‍ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവര്‍ ചിത്രമായി കൊടുക്കുന്നത്. പ്രണയമാണ് ചുവപ്പിനോട്, ആവേശമാണ് ചെങ്കൊടിയോട് എന്നൊക്കെ പ്രൊഫൈലില്‍ എഴുതി വെക്കുന്നവര്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. എന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ ഞാന്‍ പണം കൊടുത്തു ചെയ്യിച്ചതാണ് എന്ന നുണക്കഥ ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ അവര്‍ പ്രചരിപ്പിക്കുന്നു.'

അരിത ബാബു
അരിത ബാബു

പൊതുരംഗത്ത് നില്‍ക്കുന്ന സ്ത്രീയോട് സോഷ്യല്‍ മീഡിയ എങ്ങനെ പെരുമാറുന്നുവെന്നും അതേ സാഹചര്യത്തില്‍ പുരുഷനെങ്കില്‍ സമൂഹത്തില്‍ അസ്വാരസങ്ങളൊന്നുമുണ്ടാക്കാതെ വാര്‍ത്ത കടന്നുപോകുന്നതെങ്ങനെയെന്നും അരിതയുടെ കുറിപ്പില്‍ വ്യക്തം. എന്നാല്‍ ഇത്തരം ആക്രമണങ്ങളെ സ്ത്രീകള്‍ ഭയക്കുന്നില്ല എന്നത് ഒരു ശുഭസൂചനയാണ്. നിയമപരമായി നേരേടേണ്ടവയെ നിയമപരമായി നേരിടാനും അവഗണിക്കേണ്ടവയെ അവഗണിക്കാനും അവര്‍ പഠിച്ചു കഴിഞ്ഞു. പുതുതലമുറ മാറി തുടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ സ്ത്രീയെ മാര്‍ക്കറ്റിനു ചേര്‍ന്ന ഒരു വിഭവമായി കാണുന്ന രീതിയ്ക്ക് ഇനി അധിക നാള്‍ ആയുസ്സ് ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com