ഭാര്യയെ തല്ലുന്നത് ന്യായമെന്ന് 25%; യു .എൻ കണക്കിൽ ലിംഗസമത്വമില്ല

സ്ത്രീകളെക്കാൾ പുരുഷന്മാരാകും മികച്ച രാഷ്ട്രീയ നേതാക്കളാകുക എന്ന് ലോകജനതയില്‍ പകുതിപ്പേരും കരുതുന്നു.
ഭാര്യയെ തല്ലുന്നത് ന്യായമെന്ന് 25%; യു .എൻ കണക്കിൽ ലിംഗസമത്വമില്ല

ലിംഗസമത്വവും സ്ത്രീമുന്നേറ്റവുമടക്കം മുദ്രാവാക്യങ്ങള്‍ അടിക്കടി മുഴങ്ങിക്കേള്‍ക്കുമ്പോഴും സ്ത്രീകളോടുള്ള വിവേചനത്തിനും നീതികേടിനും കഴിഞ്ഞ ദശാബ്ദക്കാലത്ത് വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്ന് യു.എൻ റിപ്പോർട്ട്. സ്ത്രീകളെക്കുറിച്ചുള്ള മുൻവിധികൾ സമൂഹത്തിൽ അത്രമേൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നതാണെന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാമിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

10-ൽ 9 പേരും സ്ത്രീകളോട് മൗലിക വിവേചനം പുലർത്തുന്നവരാണെന്നാണ് കണ്ടെത്തൽ. വേൾഡ് വാല്യൂ സർവേയിൽ നിന്നുള്ള വിവരങ്ങൾ അധികരിച്ചാണ് റിപ്പോർട്ട്. 80 രാജ്യങ്ങളിൽ നിന്നായി 2010-2014 കാലഘട്ടത്തിലും 2017-2022 കാലഘട്ടത്തിലും നടത്തിയതാണ് സർവേ.
സർവേയിലെ വിവരങ്ങൾ പലതും ഞെട്ടിക്കുന്നതാണ്.

* സ്ത്രീകളെക്കാൾ പുരുഷന്മാരാകും മികച്ച രാഷ്ട്രീയ നേതാക്കളാകുക എന്ന്  ലോകജനതയില്‍ പകുതിപ്പേരും കരുതുന്നു.

* മികച്ച സംരഭരാകാൻ ശേഷിയുള്ളത് പുരുഷന്മാർക്കാണെന്ന് 40 ശതമാനം ആളുകളും വിശ്വസിക്കുന്നു.

* ജോലി ചെയ്യാൻ കൂടുതൽ അവകാശം പുരുഷന്മാർക്കാണെന്ന്. 46 ശതമാനം ജനങ്ങൾ പറയുന്നു.

* ജനസംഖ്യയുടെ നാലിലൊന്ന് പേരാണ് പുരുഷൻ ഭാര്യയെ തല്ലുന്നത് ന്യായമാണെന്ന് കരുതുന്നത്.

*  സർവകലാശാലകളിൽ പഠിക്കാൻ പുരുഷന്മാരാണ് കൂടുതൽ യോഗ്യരെന്ന് 28 ശതമാനം പേർ വിശ്വസിക്കുന്നു.

*   ജനാധിപത്യത്തിൽ തുല്യമായ അവകാശങ്ങൾ സ്ത്രീകൾക്കും ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നത് വെറും 27 ശതമാനം പേർ മാത്രമാണ്.

ഇത്തരം മുൻവിധികൾ സ്ത്രീകൾക്ക് മുന്നേറാൻ തടസമാകുന്നുവെന്നും അവകാശവാദങ്ങളെ തകർക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  അസമത്വങ്ങളെ തുടച്ച് നീക്കാതെ ലിംഗ സമത്വമുള്ള സമൂഹത്തെ സൃഷ്ടിക്കാനാകില്ല എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ആഗോള ലിംഗ അസമത്വ സൂചിക 2019 മുതൽ നിശ്ചലമായി തുടരുകയാണ്. ലോകത്ത് മിക്കയിടങ്ങളിലും സ്ത്രീകളുടെ വരുമാനത്തെയും വികസനത്തെയും സാസ്കാരിക വളർച്ചയെയും ഇത് പ്രതികൂലമായി ബാധിക്കുന്നു–  റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീകളോടുള്ള ഇത്തരം പക്ഷപാതപരമായ സമീപനം അവരെ പല തരത്തിലാണ് ബാധിക്കുന്നത്. നേതൃനിരയിലേക്ക് എത്തുന്നിനുള്ള തടസ്സമായി വിവേചനം മാറുന്നത് പലതരത്തിലും സ്ത്രീകൾക്ക് തിരിച്ചടിയാകുന്നു. ഈ വിവേചനം പക്ഷെ ഒരിക്കലും വിദ്യാഭ്യാസ ഉന്നമനത്തെ ബാധിക്കുന്നില്ല എന്നതാണ് വിരോധാഭാസം. ലോകത്തെ 59 രാജ്യങ്ങളിൽ പുരുഷന്മാരെക്കാൾ വിദ്യാഭ്യാസം നേടിയിരിക്കുന്നത് സ്ത്രീകളാണ്.  സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപരമായ മുൻധാരണകൾ തിരുത്തുന്നതിൽ സർക്കാരുകളുടെ ഇടപെടലിന് വലിയ പങ്കുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന സാമൂഹിക മാനദണ്ഡങ്ങൾ സമൂഹത്തിന് വലിയ തരത്തിൽ ഹാനികരമാണ്. ഇത് മനുഷ്യന്‍റെ ഓരോ വികസനത്തെയും നേരിട്ട് ബാധിക്കും. യുഎൻഡിപിയുടെ ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് ഓഫീസ് ഡയറക്ടർ പെഡ്രോ കോൺസീക്കാവോ റിപ്പോർട്ട് പുറത്തിറക്കി കൊണ്ടുള്ള  പ്രസ്താവനയിൽ പറഞ്ഞത് ഇങ്ങനെയാണ്; കാലാകാലങ്ങളായി സ്ത്രീകളെക്കുറിച്ച് ആഴത്തില്‍ വേരാഴ്ത്തിയിരിക്കുന്ന മുൻധാരണകളെ പൊളിച്ചെഴുതിയില്ലെങ്കിൽ അത് സമൂഹത്തെ പിന്നോട്ടു വലിക്കുമെന്ന് തീര്‍ച്ച. ഇത് ബാധിക്കുന്നത് ലിംഗവ്യത്യാസമില്ലാതെ എല്ലാവരെയും ഒരേപോലെയാകുമെന്ന മുന്നറിയിപ്പും ഈ പഠനറിപ്പോർട്ട് നൽകുന്നുണ്ട്.Description:  സ്ത്രീകളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന സാമൂഹിക മാനദണ്ഡങ്ങൾ സമൂഹത്തിന് വലിയ തരത്തിൽ ഹാനികരമാണ്. ഇത് മനുഷ്യന്‍റെ ഓരോ വികസനത്തെയും നേരിട്ട് ബാധിക്കും.  ഇത്തരം മുൻവിധികൾ സ്ത്രീകൾക്ക് മുന്നേറാൻ തടസമാകുന്നുവെന്നും അവകാശവാദങ്ങളെ തകർക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com