'ഈര്‍ക്കിലി'ക്കമ്മല്‍, ചേക്കുട്ടി മികവിന്‍റെ കയ്യൊപ്പ്

'ഈര്‍ക്കിലി'ക്കമ്മല്‍, ചേക്കുട്ടി മികവിന്‍റെ കയ്യൊപ്പ്

സ്ത്രീ സംരംഭക എന്ന കളത്തില്‍ ഉള്‍പ്പെടുത്തി പാര്‍ശ്വവല്‍ക്കരിക്കുന്നതിനോട് താല്‍പ്പര്യമില്ല. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും വേണ്ടത് നൂതനമായ ആശയങ്ങളാണ്.

പ്രളയം തീര്‍ത്ത മഹാപ്രതിന്ധിയില്‍ നിന്ന് പ്രയാണം തുടങ്ങിയ കൂട്ടായ്മ. കൈത്തറി സാരികളില്‍ നിന്ന് ചേക്കുട്ടി എന്ന പ്രസ്ഥാനം പിറന്നു, ഈര്‍ക്കിലിയില്‍ നിന്ന് മാലയും കമ്മലും. അങ്ങനെ വേറിട്ട കച്ചവട സാധ്യതകള്‍ പരീക്ഷിച്ച് വിജയമാതൃക കാണിക്കുകയാണ് ലക്ഷ്മി മേനോന്‍. പ്രകൃതി നല്‍കുന്ന ഊര്‍ജമാണ് തന്‍റെ വിജയ തന്ത്രമെന്ന് ലക്ഷ്മി ഉറച്ചു പറയുന്നു. ലാഭം പ്രതീക്ഷിക്കാതെ എന്തിന് കച്ചവടം ചെയ്യുന്നു എന്ന് ചോദിക്കുന്നു ലക്ഷ്മി. നവീനമായ ആശയങ്ങളും ആലോചനകളുമായി ലോകശ്രദ്ധയിലെത്തിയ മലയാളി സംരംഭക അനുഭവങ്ങളും പാഠങ്ങളും റിപ്പോര്‍ട്ടറിനോട് പങ്കുവയ്ക്കുന്നു.

സ്ത്രീശാക്തീകരണത്തിലൂന്നി സംരംഭകത്വം

ഞാന്‍ ഒരു തുടക്കക്കാരിയാണ്. വ്യത്യസ്ത ആശയങ്ങളാണ് മുതല്‍ക്കൂട്ട്. മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ ബിസിനസിലേക്ക് എങ്ങനെ നടപ്പാക്കുന്നു എന്നതാണ് പ്രധാനം. ചേക്കുട്ടി പാവ അടക്കം 19 ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്. ശയ്യ, ടോയ്ലെസ്സ്, ചൂലാല തുടങ്ങിയവയാണ് കൂടുതല്‍ പരിചിതം. ക്രൗഡ് ഫണ്ടിങ്ങിന്‍റെയും ക്രൗഡ് സോഴ്സിങ്ങിന്‍റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ഇവയെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്നത്. 30 സ്ത്രീകളാണ് കൂടെയുള്ളത്. അന്ധരായവര്‍, അര്‍ബുദത്തെ അതിജീവിച്ചവര്‍ എല്ലാം അടങ്ങുന്ന ടീം. വനിതാ ശാക്തീകരണമാണ് ലക്ഷ്യം. ചൂല് മുതല്‍ ബ്രൈഡല്‍ ആഭരണങ്ങള്‍ വരെ ചെയ്ത് കൊടുക്കും.

80 കഴിഞ്ഞവരും സ്റ്റാഫ്

സാവധാനം, സുസ്ഥിരമായ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംരംഭം. ഞങ്ങളുടെ ഉല്‍പ്പന്നങ്ങളെല്ലാം കൈകള്‍ കൊണ്ട് പ്രകൃതിയദത്തമായി നിര്‍മിക്കുന്നതാണ്. കാഴ്ചയില്ലാത്ത സ്ത്രീകളാണ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. 80 കഴിഞ്ഞ അമ്മൂമ്മമാരും ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നു. അവര്‍ പണമുണ്ടാക്കുന്നു എന്നതിലുപരി ഇവിടുത്തെ സാമ്പത്തിക രംഗത്തില്‍ അവരെയും ഭാഗമാക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനം .

കേട്ടറിഞ്ഞ്, കണ്ടറിഞ്ഞ്

കടകളോ, ഔട് ലെറ്റുകളോ വഴിയല്ല ഞങ്ങള്‍ വില്‍പ്പന നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളാണ് പ്രധാനമായുള്ള കച്ചവടമാര്‍ഗം. പിന്നെ ഉപയോഗിച്ചവര്‍ പറഞ്ഞ് മറ്റുള്ളവര്‍ അറിയുന്നു. കോര്‍പ്പറേറ്റുകള്‍, അലുമിനി അസോസിയേഷനുകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ എല്ലാവരും ഞങ്ങളുടെ കസ്റ്റമേര്‍സ് ആണ്. അവരിലൂടെ തന്നെയാണ് പ്രചാരണവും.

പ്രകൃതി തന്നെ ദൈവം

ഞാന്‍ ജനിച്ച് വീണത് തന്നെ ഭംഗിയുള്ള ഒരു സ്ഥലത്താണ്. റബര്‍ തോട്ടങ്ങളുടെ നടുവില്‍. മാത്രമല്ല കൃഷിയുമായി ബന്ധമുള്ള കുടുംബവുമാണ്. അതുകൊണ്ടൊക്കെ തന്നെ അന്ന് മുതല്‍ പ്രകൃതിയോട് ഇഴയടുപ്പമുണ്ട്. പ്രകൃതിയാണ് നമുക്ക് ഉന്മേഷം തരുന്നതെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ലാഭം പ്രതീക്ഷിച്ചല്ല ബിസിനസ് നടത്തുന്നത്. അമ്മൂമ്മത്തിരി പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു തരത്തിലുള്ള ലാഭവും ഇല്ല. പക്ഷേ അതിനെ ഞാനൊരു സാമൂഹിക ഉത്തരവാദിത്തമായാണ് കാണുന്നത്.

ആശയമാണ് പ്രധാനം

സ്ത്രീ സംരംഭക എന്ന കളത്തില്‍ ഉള്‍പ്പെടുത്തി പാര്‍ശ്വവല്‍ക്കരിക്കുന്നതിനോട് താല്‍പ്പര്യമില്ല. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും വേണ്ടത് നൂതനമായ ആശയങ്ങളാണ്. ആശയരൂപീകരണം, കഠിനാധ്വാനം, കച്ചവടബുദ്ധി, സത്യസന്ധത. ഇതെല്ലാമുണ്ടെങ്കില്‍ നമുക്ക് മികച്ച സംരംഭങ്ങള്‍ തുടങ്ങാം. അവിടെ ലിംഗത്തിന് സ്ഥാനമില്ല. സമൂഹം അത്തരത്തിലാണ് ചിന്തിക്കേണ്ടത്.

ഈര്‍ക്കിലി കൊണ്ടൊരു കമ്മല്‍

ചൂലാല എന്ന ആശയം ചൂലില്‍ നിന്നാണ് തുടങ്ങുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ആര്‍ടിസനല്‍ ബ്രൂമുകള്‍ക്ക് നല്ല ഡിമാന്‍ഡാണ്. എന്നാല്‍ കേരളത്തില്‍ അത് വിലപ്പോയില്ല. അതോടെ ആശയത്തെ ഒന്ന് പരിഷ്ക്കരിച്ചു. ഈര്‍ക്കിലി ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മിച്ചു. നല്ല ഓര്‍ഡര്‍ കിട്ടിതുടങ്ങി. കാരണം ലോകത്ത് മറ്റൊരിടത്തും ഈര്‍ക്കിലി കൊണ്ട് ഉണ്ടാക്കിയ കമ്മലും മാലയുമൊന്നും ലഭിക്കില്ല.

കുടുംബം കരുത്ത്

കുടംബത്തിന്‍റെ പൂര്‍ണ പിന്തുണയാണ് വിജയരഹസ്യം. അതില്ലാതെ ഒന്നും സാധ്യമാകുമായിരുന്നില്ല. തനിയെ എന്തെങ്കിലും ചെയ്ത് എന്തെങ്കിലുമൊക്കെ ആകണം എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ അത് എനിക്ക് വളരെ പോസിറ്റീവായിട്ടാണ് മാറിയത്. പഠനം കേരളത്തിലും ചെന്നൈയിലും യുഎസിലുമായിട്ടാണ് പൂര്‍ത്തിയാക്കിയത്. ഹോം സയന്‍സില്‍ ബിരുദം. ഫാഷന്‍ ജ്വല്ലറി, ഇന്‍റീരിയര്‍ ഡിസൈന്‍ എന്നിവയില്‍ ഉപരിപഠനം. ഇതെല്ലാം കഴിഞ്ഞാണ് സംരംഭകത്വത്തിലേക്ക് തിരിയുന്നത്. ഇപ്പോള്‍ കേരളത്തിലും യുഎസിലുമായി മാറി മാറി താമസം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com