'ജംഗിള്‍ ഗേള്‍' ജൂലിയാന്‍ ആമസോണ്‍ മഴക്കാട് കടന്ന കഥ

'കമ്പെടുത്ത് മൃതദേഹങ്ങളില്‍ ഒന്നിന്റെ ഷൂ അഴിച്ചുനോക്കി. നഖത്തില്‍ നെയില്‍ പോളിഷ് ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും അമ്മയെ നെയില്‍ പോളിഷ് ഉപയോഗിച്ച് കണ്ടിട്ടില്ലെന്നതിനാല്‍ അത് അമ്മയല്ലെന്ന് ഉറപ്പിച്ചു'
'ജംഗിള്‍ ഗേള്‍' ജൂലിയാന്‍ ആമസോണ്‍ മഴക്കാട് കടന്ന കഥ

'പതിമൂന്നുകാരി ലെസ്ലിയാണ് ഈ കഥയിലെ ഹീറോ, അവള്‍ക്ക് കാടിനെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു', 41 ദിവസം ആമസോണ്‍ വനത്തില്‍ അകപ്പെട്ട സഹോദരങ്ങളെ സൈന്യം രക്ഷിച്ച് പുറത്തെത്തിച്ചതിനു പിന്നാലെ കൊളംബിയന്‍ പ്രതിരോധമന്ത്രി  ഇവാന്‍ വെലാസ്‌ക്വസ് പറഞ്ഞ വാക്കുകളാണിത്. പിതാവിനെ തേടി അമ്മയ്ക്കൊപ്പം പുറപ്പെട്ട ഒരു വയസ്സുകാരനുള്‍പ്പെടെ നാല് സഹോദരങ്ങളാണ് വിമാനം തകര്‍ന്നുവീണ് ആമസോണ്‍ മഴക്കാട്ടില്‍ അകപ്പെട്ടത്. വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെടുക എന്നതിലും ദുഷ്‌കരമാണ് ആമസോണ്‍ കാടിനുള്ളില്‍ അതിജീവിക്കുക എന്നത്. മൂത്ത സഹോദരി ലെസ്ലിയുടെ കരുത്തില്‍ 40 ദിവസമാണ് 11 മാസം മാത്രം പ്രായമുള്ള ക്രിസ്റ്റിന്‍, നാല് വയസ്സുകാരന്‍ ടിന്‍ നൊറില്‍, ഒമ്പതുകാരന്‍ സോളേമി എന്നിവര്‍ കൊടുംകാടിനുള്ളില്‍ ജീവിച്ചത്. ഈ സഹോദരങ്ങളുടെ അതിജീവനം മഹാത്ഭുതം തന്നെയെന്ന് ലോകം വാഴ്ത്തി.

എന്നാല്‍, അരനൂറ്റാണ്ട് മുമ്പ് ആമസോണ്‍ മഴക്കാട്ടില്‍ പതിനൊന്ന് ദിവസം ഒറ്റക്ക് അതിജീവിച്ച പതിനാറുകാരിയുണ്ട്, ജൂലിയാന്‍ കോപ്കേ. മാമോളജിസ്റ്റായ ജൂലിയാന്‍ പില്‍ക്കാലത്ത് ബവേറിയന്‍ സ്റ്റേറ്റ് കലക്ഷന്‍ ഓഫ് സുവോളജി ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്.

1971 ലെ ഒരു ക്രിസ്തുമസ് വൈകുന്നേരം, പതിനേഴുകാരിയായ ജൂലിയാന്‍ കോപ്കേ പരിസ്ഥിതി ശാസ്ത്രജ്ഞനായ തന്റെ പിതാവിന്റെ അടുത്തേക്ക് അവധി ആഘോഷത്തിനായി പുറപ്പെട്ടു. സോഷ്യോളജിസ്റ്റായ മരിയ -ഹാന്‍സ് വില്ല്യം കോപ്‌കേ ദമ്പതികളുടെ മകളായിരുന്നു ജൂലിയന്‍. ആമസോണ്‍ റീജിയണോട് ചേര്‍ന്ന് ഒരു റിസര്‍ച്ച് സ്റ്റേഷന്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു പിതാവ്. പെറു തലസ്ഥാനമായ ലിമയില്‍ നിന്നും പുറപ്പെട്ട ലാന്‍സ 508 വിമാനത്തില്‍ പെഗ്വാനയിലേക്കായിരുന്നു യാത്ര. ജൂലിയന്റെ ജീവിതത്തിലെ മറക്കാനാവാത്ത വിമാനയാത്രയായിരുന്നു അത്.  92 പേരുമായി പുറപ്പെട്ട വിമാനം അതിശക്തമായ മിന്നലില്‍ പെറുവിയന്‍ ആമസോണ്‍ മഴക്കാട്ടില്‍ മൂവായിരം മീറ്റര്‍ താഴ്ച്ചയിലേക്ക് തകര്‍ന്നു വീണു. അതി ദാരുണമായ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് താന്‍ മാത്രമാണെന്ന് രണ്ടാഴ്ച്ച കഴിഞ്ഞാണ് ജൂലിയാന്‍ തിരിച്ചറിഞ്ഞത്. വിമാനത്തിന്റെ സുരക്ഷാ പ്രശ്നങ്ങളില്‍ ആശങ്കയറിയിച്ച് യാത്ര ഒഴിവാക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മറ്റ് വിമാനങ്ങളില്‍ സീറ്റൊഴിവില്ലാത്തതിനാലാണ് അമ്മക്കൊപ്പം ജൂലിയാന്‍ പിതാവിന്റെ അടുത്തേക്ക് യാത്ര ആരംഭിച്ചത്. മറ്റ് ചില വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം അധിക യാത്രക്കാരെ ഉള്‍ക്കൊള്ളിച്ചായിരുന്നു അന്ന് ലാന്‍സ 508 വിമാനം പുറപ്പെട്ടത്.

Juliane rests in a Peru hospital with her father by her side after she survived a plane crash and 11 days in the Amazon
Juliane rests in a Peru hospital with her father by her side after she survived a plane crash and 11 days in the Amazon

അന്നത്തെ യാത്രയെക്കുറിച്ചുള്ള ജൂലിയന്റെ ഓര്‍മ്മ വളരെ പരിമിതമാണ്. യാത്ര തുടങ്ങിയപ്പോള്‍ ചിലര്‍ തനിക്ക് മിഠായികള്‍ നല്‍കിയത് ഓര്‍ക്കുന്നുണ്ട്. പിന്നീട് പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. അതിശക്തമായ ഇടിയും മിന്നലും. യാത്രക്കാര്‍ പരിഭ്രാന്തരായി. ചുറ്റും മിന്നല്‍ പിളര്‍പ്പുകള്‍ രൂപപ്പെട്ടത് അവര്‍ക്ക് കാണാമായിരുന്നു. യാത്രക്കാര്‍ നിലവിളിച്ച് കരയാന്‍ തുടങ്ങി. കാബിനില്‍ സാന്റ്‌വിച്ച് ട്രേകള്‍ പറന്നു. ഭയന്നുവിറച്ചുനില്‍ക്കുന്ന അമ്മ ജൂലിയനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. മകളെ ചേര്‍ത്തുനിര്‍ത്തികൊണ്ട് 'പെട്ടെന്ന് ശരിയാവും' എന്ന് അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ വിമാനം താഴേക്ക് പതിക്കാന്‍ തുടങ്ങിയതോടെ എല്ലാം അവസാനിച്ചുവെന്ന് അമ്മ പിറുപിറുക്കുന്നതായി ജൂലിയാനോ ഓര്‍ത്തെടുക്കുന്നു. തകര്‍ന്നു വീഴുന്ന വിമാനത്തില്‍ നിന്നും അന്തരീക്ഷത്തിലൂടെ ആമസോണ്‍ മഴക്കാടുകളിലേക്ക് വീണപ്പോഴേക്കും അവള്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. തനിക്ക് ചുറ്റുമുള്ള വിശാലമായ കാടിനെ 'ബ്രൊക്കോളി പോലെ' എന്നാണ് അവള്‍ വിശേഷിപ്പിച്ചത്.

ഇടിയുടെ ആഘാതത്തില്‍, പിറ്റേ ദിവസമാണ് ജൂലിയാന്‍ ഉണര്‍ന്നത്. വാച്ച് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സമയം രാവിലെ 9 മണി. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളും പരിക്കുകളുമുണ്ടായിരുന്നു. തന്റെ ചുറ്റുമുള്ള വന്യതയിലേക്ക് നോക്കി അവള്‍ പരിഭ്രമിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ശ്രമിച്ചു. അമ്മയെ തിരഞ്ഞെങ്കിലും അടുത്തൊന്നും കണ്ടില്ല. പിന്നീടുള്ള പതിനൊന്ന് ദിവസം ആമസോണ്‍ മഴക്കാട്ടിലെ അപകടങ്ങളെ പ്രതിരോധിച്ചുള്ള പതിനാറുകാരിയുടെ ഒറ്റക്കുള്ള അതിജീവനമായിരുന്നു. കുട്ടിക്കാലം  മുതല്‍ കാടിനെ അറിയുന്ന ജൂലിയാനോയ്ക്ക് തന്റെ അപകടകരമായ ചുറ്റുപാടുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു.

ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ആദ്യം കണ്ടെത്തിയത് ചെറിയൊരു നീരുറവയായിരുന്നു. ഇത് കാട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കി. തന്റെ ശരീരത്തിലെ മുറിവുകളില്‍ പുഴു നിറഞ്ഞിരുന്നുവെന്ന് 2009 ല്‍ സിഎന്‍എന്നിന് നല്‍കിയ പ്രതികരണത്തില്‍ അവര്‍ പറയുന്നുണ്ട്. പെട്രോള്‍ ടാങ്കില്‍ നിന്നുള്ള ഇന്ധനം ഉപയോഗിച്ചാണ് മുറിവുകള്‍ അവള്‍ അണുവിമുക്തമാക്കിയത്. കാട്ടിലൂടെ ഓരോ ചുവട് മുന്നോട്ട് പോകുമ്പോഴും വിമാനാപകടത്തില്‍ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. പലതും സീറ്റ് ബെല്‍ട്ടിന്റെ 'സുരക്ഷിതത്വത്തില്‍' കിടക്കുന്നു.

'എനിക്ക് ആ ഡെഡ്ബോഡികളില്‍ തൊടാന്‍ കഴിയുമായിരുന്നില്ല. അക്കൂട്ടത്തില്‍ എന്റെ അമ്മ ഉണ്ടാവരുതെന്ന ചിന്തയായിരുന്നു. ഒരു കമ്പെടുത്ത് മൃതദേഹങ്ങളില്‍ ഒന്നിന്റെ ഷൂ അഴിച്ചുനോക്കി. നഖത്തില്‍ നെയില്‍ പോളിഷ് ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും അമ്മയെ നെയില്‍ പോളിഷ് ഉപയോഗിച്ച് കണ്ടിട്ടില്ലെന്നതിനാല്‍ അത് അമ്മയല്ലെന്ന് ഉറപ്പിച്ചു.' ജൂലിയന്‍ ഓര്‍ത്തെടുത്തു.

കാട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ജൂലിയാനോ കണ്ടെത്തിയ മാര്‍ഗം പുഴമാര്‍ഗം നീന്തുകയെന്നതായിരുന്നു. പാമ്പും വമ്പന്‍ മത്സ്യങ്ങളും മുതലകളുമുള്ള പുഴയിലൂടെ ജൂലിയാനോ നീന്താന്‍ തുടങ്ങി. സുരക്ഷ കണക്കിലെടുത്ത് പുഴയുടെ നടുവിലൂടെ നീന്തി തുടങ്ങി. കനത്ത ചൂടിനെ അവഗണിച്ചായിരുന്നു യാത്ര. എന്നാല്‍ തിളക്കുന്ന ചൂടില്‍ അവരുടെ മേലാസകലം പൊള്ളി. കഴിക്കാനായി കയ്യില്‍ കരുതിയിരുന്ന ക്രിസ്തുമസ് കേക്ക് മുഴുവന്‍ കേടുവന്നു നശിച്ചിരുന്നു. പിന്നീടുണ്ടായിരുന്നത് കുറച്ച് മിഠായി പൊതികളായിരുന്നു. അതില്‍ നിന്നും ചെറിയ നുള്ളുമാത്രം നുണഞ്ഞ് ദിവസങ്ങള്‍ തള്ളിനീക്കിയത് കൂടുതല്‍ ക്ഷീണിപ്പിച്ചു.

ദിവസങ്ങളോളം കരയിലും വെള്ളത്തിലുമായി യാത്ര. 10 ദിവസത്തിന് ശേഷം ജൂലിയാന്‍ ഒരു ചെറിയ ബോട്ട് കണ്ടെത്തി. പക്ഷേ ആള്‍ സാന്നിധ്യം ഉണ്ടായിരുന്നില്ല. ആരെയെങ്കിലും കാണാമെന്ന പ്രതീക്ഷയില്‍ ജൂലിയാന്‍ ഒരു രാത്രി മുഴുവന്‍ അവിടെ ചെലവഴിച്ചു. അടുത്ത ദിവസം, 1972 ജനുവരി 3 ന്, ജൂലിയാനെ മൂന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി, അവര്‍ അവളെ കുടിലില്‍ എത്തിച്ചു. അതിന് ശേഷമാണ് ആ വിമാനാപകടത്തില്‍ രക്ഷപ്പെട്ടത് ഓരേ ഒരാളാണെന്ന് ജൂലിയാനോ അറിയുന്നത്. തന്റെ അമ്മ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 91 പേരും മരണപ്പെട്ടിരുന്നു. വിഷപ്പാമ്പുകളും വന്യജീവികളുമുള്ള, ഓരോ മൂലയിലും അപകടം പതിയിരിക്കുന്ന ആമസോണിന്റെ വന്യതയില്‍ നിന്നും അതിജീവിച്ച ജൂലിയന്റെ കഥകള്‍ക്കായി മാധ്യമങ്ങള്‍ കാത്തിരുന്നെങ്കിലും പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജൂലിയന്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കുന്നത്. പിന്നീട് സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗ് 'വിങ്സ് ഓഫ് ഹോപ്പ്' എന്ന പേരില്‍ 1998ല്‍ ഡോക്യൂമെന്ററി പുറത്തിറക്കി.

മാതാപിതാക്കളുടെ ജന്മനാടായ ജര്‍മ്മനിയിലേക്ക് മാറുന്നതിന് മുമ്പ്, വിമാനത്തിന്റെ അവശിഷ്ടങ്ങളും ഇരകളുടെ മൃതദേഹങ്ങളും കണ്ടെത്താന്‍ രക്ഷാസംഘങ്ങളെ സഹായിക്കാന്‍ സൈന്യത്തിനൊപ്പവും ജൂലിയാന്‍ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com