യാത്രയെ തൊട്ടറിയാം, പോകാം പുതിയ ഇടം തേടി; ഇന്ന് ലോക വിനോദ സഞ്ചാര ദിനം

'ടൂറിസവും ഹരിത നിക്ഷേപ'വുമെന്ന പ്രമേയത്തിലാണ് ഈ വർഷം ടൂറിസം ദിനം ആഘോഷമാക്കുന്നത്
യാത്രയെ തൊട്ടറിയാം, പോകാം പുതിയ ഇടം തേടി; ഇന്ന് ലോക വിനോദ സഞ്ചാര ദിനം

മനുഷ്യൻ ഒരു യാത്രികനാണ്. ഓരോ യാത്രയുടെ പിന്നിലും പല കാരണങ്ങളുണ്ടാകും. ഓരോ നാടിന്റെ വൈവിധ്യങ്ങളെക്കുറിച്ചും, അവിടുത്തെ ആചാരനുഷ്ഠാനങ്ങളെയും പാരമ്പര്യ രീതികളെ കുറിച്ചും അറിയാൻ യാത്രയെ സ്നേഹിക്കുന്നവരുണ്ട്. മനശാന്തിക്കായി യാത്രക്ക് ഇറങ്ങി തിരിക്കുന്നവരുണ്ട്. അതിൽ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഉള്ളവരും ഉയർന്ന വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുമുണ്ട്. യാത്രാ പ്രേമികൾക്കായി ഒരു ദിനം, സെപ്തംബർ 27 ലോക ടൂറിസം ദിനമാണ്.

സമൂഹത്തിൽ വിനോദസഞ്ചാരത്തിന്റെ പങ്കിനെക്കുറിച്ച് അവബോധം വളർത്തുകയും, ലോകമെമ്പാടുമുള്ള സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെ വിനോദസഞ്ചാരമേഖല എങ്ങനെ ബാധിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഈ വർഷം ആതിഥേയരാകുന്നത് സൗദി അറേബ്യയാണ്. 'ടൂറിസവും ഹരിത നിക്ഷേപ'വുമെന്ന പ്രമേയത്തിലാണ് ഈ വർഷം ടൂറിസം ദിനം ആഘോഷമാക്കുന്നത്. രാജ്യത്തിൻ്റെ പൈതൃക പ്രോത്സാഹനവും സംരക്ഷണ നയവുമാണ് ഇതിൽ അവതരിപ്പിക്കുന്നത്. 'ടൂറിസം പുനർവിചിന്തനം' എന്ന വിഷയത്തെ മുൻനിർത്തി ഇന്ത്യോനേഷ്യ ആതിഥേയരായി ആയിരുന്നു കഴിഞ്ഞ വർഷത്തെ ടൂറിസം ദിനം ആചരിച്ചത്.

വിനോദസഞ്ചാരമേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പുവരുത്താൻ ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ് ആരംഭിച്ചത്. 1925 ൽ ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടു. തുടർന്ന് 1947 ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. 1950ൽ ഇന്ത്യ ഇതിൽ അം​ഗമായി. ഇത് പിന്നീട് യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറുകയും ചെയ്തു.

1980ലാണ് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ​ സെപ്തംബർ 27ന് ലോക ടൂറിസം ദിനമായി ആചരിച്ചു തുടങ്ങിയത്. ടൂറിസത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ. നൈജീരിയൻ പൗരനായ ഇഗ്നേഷ്യസ് അമദുവ അതിഗ്ബിയാണ് ലോക ടൂറിസം ദിനമായി ആചരിക്കണമെന്ന ആശയം മുന്നോട്ടുകൊണ്ടുവന്നത്. 1997ൽ തുർക്കിയിലെ ഇസ്താംബൂളിൽ ലോക ടൂറിസം ദിനാചരണം നടത്തി. അതിനു ശേഷം തുടർന്നുള്ള വർഷങ്ങളിൽ ഓരോ രാജ്യവും ആതിഥേയത്വം വഹിക്കണമെന്ന് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലി തീരുമാനമെടുത്തു. പിന്നീട് ഓരോ വിഷയത്തെയും ആസ്പദമാക്കി കൊണ്ട് ഓരോ രാജ്യങ്ങളും ടൂറിസം ദിനാചരണം നടത്തി വരുന്നു. ലിം​ഗ ​ഗോത്ര ഭേദമില്ലാതെ, മത ഭാഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വികസനം, അന്താരാഷ്ട്ര കൂട്ടായ്മ, തുടങ്ങി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്നതാണ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ്റെ പ്രധാന ലക്ഷ്യം.

പാരമ്പര്യങ്ങളുടെയും സംസ്കാരത്തിന്റെയും കാര്യത്തിൽ ഏറെ പ്രത്യേകതയുള്ള രാജ്യമാണ് ഇന്ത്യ. കാശ്മീർ മുതൽ കന്യാകുമാരി വരെ സമ്പന്നമായ സംസ്കാരവും പൈതൃകവും ഉൾപ്പെടുന്ന വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യം കൂടെയാണ്. വിനോദ സഞ്ചാരത്തിനായി ഇന്ത്യ സന്ദർശിക്കാൻ ആ​ഗ്രഹമുള്ളവരാണ് വിദേശ വിനോദ സഞ്ചാരികൾ. ഡിജിറ്റൽ കാലമായതോടെ യോഗ, ആയുര്‍വേദം, ട്രെക്കിംഗ് എന്നിങ്ങനെ ടൂറിസത്തില്‍ പുതുതായി വന്ന ശാഖകളെല്ലാം ഓണ്‍ലൈന്‍ വഴി ബിസിനസ് ഉറപ്പിക്കുകയാണ്. വിനോദ സഞ്ചാര മേഖലയിലെ ഒരു പറുദീസ തന്നെയാണ് കേരളവും. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളുമായുള്ള ബന്ധവും ലോക സൗഹൃദവുമെല്ലാം പുതിയ പാതയിലാണ്. നാല് വർഷം കൊണ്ട് കേരളത്തിൽ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. കേരളത്തിലെ എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ലോകനിലവാരത്തിലേക്ക് എത്തുന്നത്. ഈ ലോക ടൂറിസം ദിനത്തിൽ പുതിയ ഇടങ്ങൾ തേടി നമുക്ക് യാത്രയാരംഭിക്കാം, എല്ലാവർക്കും ആശംസകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com