തായ്‌ലൻഡിലേക്ക് ബൈക്കിൽ പോകാം; കൊൽക്കത്ത-ബാങ്കോക്ക് ഹൈവേ വരുന്നു

ബാങ്കോക്കിൽ തുടങ്ങി മ്യാൻമറിലെ സുഖോത്തായി, മേ സോട്ട്, മണ്ടലേ, യാങ്കൂൺ, കലേവ, തമു എന്നിവിടങ്ങളിലൂടെയാണ് ഈ പാത ഇന്ത്യയിലെത്തുക.
തായ്‌ലൻഡിലേക്ക് ബൈക്കിൽ പോകാം; കൊൽക്കത്ത-ബാങ്കോക്ക് ഹൈവേ വരുന്നു

''കൊൽക്കത്തയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള ബസ് ഉടൻ പുറപ്പെടുന്നതാണ്...'' കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഇത്തരമൊരു അനൗൺസ്‌മെന്റിനായി അധികം കാത്തിരിക്കേണ്ടി വരില്ല. ഇന്ത്യയിൽ നിന്ന് മ്യാൻമർ വഴി തായ്‌ലൻഡിലേക്കുള്ള ത്രിരാഷ്ട്ര ഹൈവേ മൂന്ന്-നാല് വർഷത്തിനുള്ളിൽ സാധ്യമാകും. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിലാണ് കൊൽക്കത്ത-ബാങ്കോക്ക് ഹൈവേയെക്കുറിച്ചുള്ള കൂടുതൽ തീരുമാനങ്ങളുണ്ടായത്.

കൊൽക്കത്ത-ബാങ്കോക്ക് ഹൈവേ

ഈ പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള വ്യാപാരബന്ധവും സൗഹൃദവും കൂടുതൽ ദൃഢമാകും. ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക്കല്‍ കോര്‍പ്പറേഷന്‍ (BIMSTEC) എന്ന പദ്ധതിയുടെ ഭാഗമായാണ് 2800 കിലോമീറ്റർ നീളമുള്ള കൊൽക്കത്ത-ബാങ്കോക്ക് ഹൈവേ നിർമ്മിക്കുന്നത്. 2002 ഏപ്രിലിൽ മ്യാൻമറിലെ യാങ്കൂണിൽ നടന്ന ഇന്ത്യ, മ്യാൻമർ, തായ്‌ലൻഡ് മന്ത്രിതല യോഗത്തിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് ത്രിരാഷ്ട്ര ഹൈവേ പദ്ധതി മുന്നോട്ടുവെച്ചത്.

പദ്ധതിയുടെ ചരിത്രം

ഇന്തോ-മ്യാൻമർ ഫ്രണ്ട്ഷിപ്പ് റോഡ് (മോറെ-തമു-കലേവ-കലെമിയോ) നിർമ്മാണ പദ്ധതി ഇന്ത്യയുടെ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) ഏറ്റെടുക്കുകയും, ഇന്ത്യയും മ്യാൻമറും തമ്മിലുള്ള ഉഭയകക്ഷി കരാർ അനുസരിച്ച് 2009 വരെ ഈ പാത നിലനിർത്തുകയും ചെയ്തു. പിന്നാലെ ഈ പാതയിലെ എല്ലാ പാലങ്ങളും നവീകരിക്കാൻ മ്യാന്മർ പദ്ധതിയിട്ടിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പരിമിതികൾ കാരണം അത് ചെയ്യാൻ കഴിഞ്ഞില്ല. 2012 മെയ് മാസത്തിൽ മൻമോഹൻ സിംഗ് സർക്കാർ, നിലവിലുള്ള ഹൈവേയെ നാലുവരിപ്പാതയാക്കി മാറ്റുന്നതിനും 71 പാലങ്ങൾ പുനർനിർമ്മിക്കുന്നതിനും ഇന്ത്യ 100 ദശലക്ഷം ഡോളർ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ 2014 വരെ പ്രാവർത്തികമായില്ല.

2016 ഓഗസ്റ്റിൽ ഇന്ത്യയും മ്യാൻമറും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. തമു മുതൽ കാലേവ വരെയുള്ള 146.28 കിലോമീറ്റർ ദൂരത്തിൽ 69 പാലങ്ങൾ നിർമ്മിക്കാൻ ഇന്ത്യ ധനസഹായം നൽകുമെന്ന് വ്യക്തമാക്കി. 2017 നവംബറിൽ, 27.28 ദശലക്ഷം ഡോളർ ചെലവിൽ റോഡിന്റെ 160 കിലോമീറ്റർ ഭാഗത്തിന്റെ നവീകരണം പൂർത്തിയാക്കി. ഹൈവേയുടെ മ്യാൻമർ സെക്ടറിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ 2017 ഓഗസ്റ്റിൽ ഇന്ത്യ 256 ദശലക്ഷം ഡോളർ അനുവദിച്ചു.

അതേ വർഷം സെപ്തംബറിൽ, ഹൈവേയുടെ കലേവ യാർ ഗിയിലേക്കുള്ള (121.8 കിലോമീറ്റർ) നവീകരണത്തിനായി ഇന്ത്യൻ സർക്കാർ 150 ദശലക്ഷം ഡോളറിന്റെ കരാർ അനുവദിച്ചു. സാമ്പത്തിക പരിമിതികൾ മൂലം മ്യാൻമറിന് താറ്റൺ-ഐൻ ഡു സ്ട്രെച്ച് നവീകരിക്കുന്നതിൽ പ്രശ്‌നമുണ്ടായിരുന്നു. 2017 ഫെബ്രുവരിയിൽ തായ്‌ലൻഡ് ഈ ഭാഗം 51 ദശലക്ഷം ഡോളറിന് അപ്‌ഗ്രേഡ് ചെയ്യുമെന്ന് ഒരു ധാരണാപത്രം ഒപ്പുവച്ചു. ആ പദ്ധതി ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.

കൊൽക്കത്ത-ബാങ്കോക്ക് ഹൈവേ റൂട്ട്

ബാങ്കോക്കിൽ തുടങ്ങി മ്യാൻമറിലെ സുഖോത്തായി, മേ സോട്ട്, മണ്ടലേ, യാങ്കൂൺ, കലേവ, തമു എന്നിവിടങ്ങളിലൂടെയാണ് ഈ പാത ഇന്ത്യയിലെത്തുക. മണിപ്പൂരിലെ അതിർത്തി ഗ്രാമമായ മോറെയിൽ നിന്നാരംഭിച്ച് കൊഹിമ, ശ്രീരാംപൂർ, ഗുവാഹത്തി വഴി കൊൽക്കത്തയിലെത്തും. ആകെ 2820 കിലോമീറ്ററാണ് ഈ പാതയുടെ ദൂരം. പാതയുടെ കൂടുതൽ ഭാഗവും ഇന്ത്യയിലായിരിക്കും. തായ്‌ലൻഡിലൂടെ കടന്നുപോകുക പാതയുടെ വളരെ കുറച്ച് ഭാഗങ്ങൾ മാത്രമായിരിക്കും.

പദ്ധതിയുടെ ഗുണവശങ്ങൾ

കൊൽക്കത്ത-ബാങ്കോക്ക് ഹൈവേ, യാത്രാ സൗകര്യവും ഗതാഗതവും മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ തുറക്കും. ഇന്ത്യയ്ക്കും തായ്‌ലൻഡിനും ഇടയിൽ റോഡ് നിർമ്മിക്കുന്നതിലൂടെ ഉൽപ്പന്നങ്ങളും ചരക്കുകളും കൊണ്ടുപോകുന്നതിനുള്ള സമയവും ചെലവും കുറയ്ക്കാൻ സാധിക്കും. കൊൽക്കത്ത-ബാങ്കോക്ക് ഹൈവേ വരുന്നതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈവേകളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com