മനുഷ്യ സൗഹാർദം; ഒറ്റ ആർച്ചിൽ അമ്പലവും പള്ളിയും; ഒരുമയുടെ വെഞ്ഞാറംമൂട് മോഡൽ

മേലേകുറ്റിമൂട് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനും പാറയിൽ മസ്ജിദിനും ഒരു പ്രധാന വഴിയാണുള്ളത്
മനുഷ്യ സൗഹാർദം; ഒറ്റ ആർച്ചിൽ അമ്പലവും പള്ളിയും; ഒരുമയുടെ വെഞ്ഞാറംമൂട് മോഡൽ

അമ്പലവും പള്ളിയും ഒറ്റ വഴിയുടെ ഇരു വശങ്ങളിലാണെങ്കിൽ ആരുടെ പേരിലാകും ആർച്ച് വയ്ക്കുക? സൗഹാർദത്തിന്റെ നല്ല മാതൃകകളായി ഒരു പറ്റം മനുഷ്യരുള്ള നാട്ടിലാണെങ്കിൽ രണ്ടു പേരുകളും ഒറ്റ ആർച്ചിൽ ഉണ്ടാകുമെന്നതാകും മറുപടി. കഴിഞ്ഞ ദിവസം ചർച്ചായ മേലേകുറ്റിമൂട്ടിലെ വൈറൽ ആർച്ചിന്റെ പിന്നിലും മനുഷ്യനാണ് വലുതെന്ന് ചിന്തിക്കുന്ന ഒരു ജനത തന്നെയുണ്ട്.

മേലേകുറ്റിമൂട് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനും പാറയിൽ മസ്ജിദിനും ഒരു പ്രധാന വഴിയാണുള്ളത്. പള്ളിയിലേയ്ക്കും ക്ഷേത്രത്തിലേയ്ക്കുമുള്ള ഈ വഴിയിൽ മുൻപ് പള്ളിക്ക് മാത്രമാണ് ആർച്ചുണ്ടായിരുന്നത്. ക്ഷേത്രത്തി​​ന്റെ പുന:പ്രതിഷ്ഠയ്ക്ക് ശേഷം ഇരു സമിതികളും ചേർന്ന് ഒറ്റ ആർച്ച് എന്ന ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. എല്ലാവരെയും തുല്യരായി കാണണമെന്ന ആശയമാണ് ഈ ഒരുമ വിളിച്ചോതുന്നത്. ആളുകളുടെ ഒത്തൊരുമയുടെ ആകെ തുകയാണ് മേലേകുറ്റിമൂട്ടിലെ ഈ ആർച്ച്.

ഫെബ്രുവരി 28 ന് ആയിരുന്നു ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠ. അതിന് ശേഷം മാർച്ച് 8നാണ് ഇത്തരത്തിലെ വ്യത്യസ്തമായ ഒരു ആർച്ച് നിർമ്മിക്കാൻ ഇരുകൂട്ടരും തീരുമാനിച്ചത്. ക്ഷേത്രവും മസ്ജിദും പരസ്പരം സഹകരിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് പൂജാ ദ്രവ്യങ്ങൾ പള്ളിയിൽ കൊണ്ട് വയ്ക്കുന്ന പതിവുണ്ട്. കുറച്ച് നാളുകളായി ക്ഷേത്രം നിർമ്മാണത്തിലായിരുന്നതിനാൽ ഉത്സവം നടന്നിരുന്നില്ല. 8 വർഷത്തിന് ശേഷം നടന്ന ഇത്തവണത്തെ ഉത്സവത്തിനും ഈ പതിവ് തുടർന്നിരുന്നു.

പള്ളിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിലും ഇത്തരത്തിലെ ജാതിമത വ്യത്യാസമില്ലാതെ പങ്കാളിത്തം ഉണ്ടാകാറുണ്ട്. അമ്പലത്തിന്റെ ഉത്സവകമ്മറ്റിയിലും പള്ളിയിലെ ഭാരവാഹികളും ഉണ്ടാകാറുണ്ട്. വരും തലമുറയും മേലേകുറ്റിമൂട്ടിലെ മനുഷ്യ സൗഹാർദത്തിന്റെ മാതൃകകളാവണമെന്നാണ് പള്ളി സെക്രട്ടറി റഷീദ് ചുള്ളിമാനൂരും അമ്പലം പ്രസിഡന്റ് എസ് ശശിധര്നും റിപ്പോർട്ടറിനോട് പറഞ്ഞത്.തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപത്താണ് മേലേകുറ്റിമൂട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com