വരുമാനം നേടാന്‍ വൺ കെ വ്യൂസ് വേണ്ട; നിബന്ധനകള്‍ മാറ്റി യൂട്യൂബ്

യൂട്യൂബ് പാർട്നർ പ്രോഗ്രാമിന്റെ ഭാഗമാകുന്നതിനുള്ള നിബന്ധനകളിലാണ് കമ്പനി ഇളവുകൾ ചെയ്തിരിക്കുന്നത്.
വരുമാനം നേടാന്‍ വൺ കെ വ്യൂസ് വേണ്ട; നിബന്ധനകള്‍ മാറ്റി യൂട്യൂബ്

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. കോടിക്കണക്കിന് ആളുകളാണ് യൂട്യൂബിലെ കണ്ടന്റ് ക്രിയേഷനിലൂടെ വരുമാനം നേടുന്നതും. ഈ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ഏറ്റവുമധികം വരുമാനം നൽകുന്ന പ്ലാറ്റ്‌ഫോമും യൂട്യൂബ് തന്നെ. ഈ വരുമാനം നേടുന്നതിനായുള്ള മോണിറ്റൈസേഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയിരിക്കുകയാണ് ഗൂഗിൾ. യൂട്യൂബ് പാർട്നർ പ്രോഗ്രാമിന്റെ(വൈ പി പി) ഭാഗമാകുന്നതിനുള്ള നിബന്ധനകളിലാണ് കമ്പനി ഇളവുകൾ ചെയ്തിരിക്കുന്നത്.

കൂടുതൽ കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂട്യൂബ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഇതോടൊപ്പം പണമടച്ചുള്ള ചാറ്റ്, ടിപ്പിംഗ്, ചാനൽ അംഗത്വം, ഷോപ്പിംഗ് ഫീച്ചറുകൾ എന്നിവയുൾപ്പെടെ അധിക മോണിറ്റൈസേഷന്‍ പദ്ധതികളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

യൂട്യൂബ് മോണിറ്റൈസേഷൻ നിയമങ്ങൾ

യൂട്യൂബിന്റെ പുതിയ ഇളവുകൾ പ്രകാരം 500 സബ്‌സ്‌ക്രൈബേഴ്സ് ഉണ്ടെങ്കിൽ കണ്ടന്റ് ക്രിയേറ്റർമാർ മോണിറ്റൈസേഷന് അർഹരാകും. 90 ദിവസത്തിനുള്ളില്‍ മൂന്ന് വീഡിയോകള്‍ എങ്കിലും അപ് ലോഡ് ചെയ്തിരിക്കണം. വ്യൂസിന്റെ കാര്യത്തിലും യൂട്യൂബ് ഇളവുകൾ കൊണ്ടുവന്നിട്ടുണ്ട്. ഒരുവര്‍ഷത്തിനിടെ 3000 മണിക്കൂര്‍ വ്യൂസോ 30 ലക്ഷം ഷോര്‍ട്‌സ് വ്യൂസോ നേടണം എന്നാണ് മറ്റ് നിബന്ധനകൾ.

കണ്ടന്റ് ക്രിയേറ്റേഴ്‌സിന് എന്തൊക്കെ ഗുണങ്ങൾ? 

നിലവിൽ കുറഞ്ഞത് 1,000 സബ്‌സ്‌ക്രൈബർമാർ, 4000 വ്യൂസോ അല്ലെങ്കിൽ കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ ഒരു കോടി ഷോർട്സ് വ്യൂസുമാണ് യൂട്യൂബ് മോണിറ്റൈസേഷനുള്ള നിബന്ധനകൾ. പുതിയ ഇളവുകൾ വരുന്നതോടെ തുടക്കക്കാരായ കണ്ടന്റ് ക്രിയേറ്റർമാർക്ക് യൂട്യൂബിൽ നിന്ന് എളുപ്പം വരുമാനം ലഭിക്കാൻ തുടങ്ങും.

അതേസമയം വൈ പി പി മാനദണ്ഡം വരുമാനം പങ്കിടലിനും ബാധകമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. പരസ്യ വരുമാനത്തിൽ നിന്ന് കാര്യമായ വരുമാനം നേടുന്നതിന് ചെറിയ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് അവരുടെ പ്രേക്ഷകരുടെ എണ്ണം വർധിപ്പിക്കേണ്ടി വരും. എന്നിരുന്നാലും, പണമടച്ചുള്ള ചാറ്റ്, ടിപ്പിംഗ്, ചാനൽ അംഗത്വങ്ങൾ, ഷോപ്പിംഗ് ഫീച്ചറുകൾ തുടങ്ങിയവയിലൂടെ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് പരമ്പരാഗത പരസ്യ വരുമാനത്തിനപ്പുറം വരുമാനം നേടുന്നതിനുമുള്ള ഇതര മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നു.

 എവിടെയാണ് ഇത് ആദ്യം നടപ്പിലാക്കുക

യു എസ്, യു കെ, കാനഡ, തായ്വാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി വൈ പി പി നടപ്പിലാക്കുക. ഇന്ത്യ ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളിൽ ഉടൻ ഈ ഇളവുകളെത്തുമെന്നാണ് പ്രതീക്ഷ.

യൂട്യൂബ് ഷോപ്പിംഗും ക്രിയേറ്റർ മ്യൂസിക്കും

പുതിയ മാറ്റങ്ങളുടെ ഭാഗമായി കുറഞ്ഞത് 20,000 വരിക്കാരുള്ള യുഎസ്സിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ഭാഗമാക്കി യൂട്യൂബ് അതിന്റെ ഷോപ്പിംഗ് അഫിലിയേറ്റ് പ്രോഗ്രാം വിപുലീകരിക്കുന്നുമുണ്ട്. കണ്ടന്റ് ക്രിയേറ്റേഴ്‌സിന് അവരുടെ വീഡിയോകളിലും ഷോർട്ട്‌സുകളിലും ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാൻ സാധിക്കും. അങ്ങനെ അവർക്ക് അഫിലിയേറ്റ് സെയിൽസ് വഴി വരുമാനം നേടാം. നേരത്തെ തിരഞ്ഞെടുത്ത കണ്ടന്റ് ക്രിയേറ്റേഴ്‌സിന് മാത്രമായി യൂട്യൂബ് ഷോപ്പിംഗ് ലഭ്യമായിരുന്നു.

കൂടാതെ, ക്രിയേറ്റർ മ്യൂസിക്കും എന്ന യൂട്യൂബ് യു എസ്സിൽ അവതരിപ്പിച്ചിട്ടുണ്ട്.  കണ്ടന്റ് ക്രിയേറ്റേഴ്‌സിന് തങ്ങളുടെ വീഡിയോകളിൽ ഉപയോഗിക്കാനാകുന്ന സംഗീതം ആക്‌സസ് ചെയ്യാൻ പ്രാപ്‌തമാക്കുന്ന ഒരു മാർക്കറ്റ് പ്ലേസാണ് ക്രിയേറ്റർ മ്യൂസിക്. ഈ സംരംഭം ക്രിയേറ്റേഴ്‌സിന് കൂടുതൽ രസകരവും ലൈസൻസുമുള്ള സംഗീതം ചേർത്ത് വീഡിയോ ഒരുക്കുവാനും അതിലൂടെ വരുമാനം നേടാനും സഹായകമാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com