ലൈംഗികാതിക്രമം,വനിത താരങ്ങൾക്ക് നേരെ കയ്യേറ്റം, അഴിമതി, തോൽവികൾ, പിന്നോട്ടുരുളുന്ന ഇന്ത്യൻ ഫുട്ബോൾ

ഇന്ത്യൻ ഫുട്‍ബോളിന് 2024 കഷ്ട കാലത്തിന്റേതാണ്. മത്സരത്തിലെ തോൽവിക്കപ്പുറം ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സ്വന്തം പോസ്റ്റിലേക്ക് അടിച്ചു കൊണ്ടിരിക്കുന്ന സെൽഫ് ഗോളുകളാണ് ഇന്ത്യൻ ഫുട്‍ബോളിന് ഇപ്പോൾ വിനയായി കൊണ്ടിരിക്കുന്നത്.
ലൈംഗികാതിക്രമം,വനിത താരങ്ങൾക്ക് നേരെ കയ്യേറ്റം, അഴിമതി, തോൽവികൾ, പിന്നോട്ടുരുളുന്ന  ഇന്ത്യൻ ഫുട്ബോൾ

ഇന്ത്യൻ ഫുട്‍ബോളിന് 2024 കഷ്ട കാലത്തിന്റേതാണ്. ഒന്നിന് പിറകെ ഒന്നായി ഇന്ത്യൻ ഫുട്‍ബോൾ പോസ്റ്റിലേക്ക് വിവാദ ഗോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിലെ തോൽവിക്കപ്പുറം ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സ്വന്തം പോസ്റ്റിലേക്ക് അടിച്ചു കൊണ്ടിരിക്കുന്ന സെൽഫ് ഗോളുകളാണ് ഇന്ത്യൻ ഫുട്‍ബോളിന് ഇപ്പോൾ വിനയായി കൊണ്ടിരിക്കുന്നത്. ഗോവയിൽ സമാപിച്ച ഇന്ത്യൻ വിമൻസ് ലീഗിലേതാണ് അവസാന വിവാദം.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ദീപക് ശർമ്മ തങ്ങളുടെ ഹോട്ടൽ മുറിയിൽ കയറി വന്ന് ശാരീരികമായി ആക്രമിച്ചുവെന്നാണ് ചില വനിതാ താരങ്ങളുടെ പരാതി. വിമൻസ് ലീഗിന്റെ ടീം യാത്രകളില്‍ പരസ്യമായി മദ്യപിക്കുകയും ലഹരിയുപയോഗിക്കുകയും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നതായും പരാതിയിലുണ്ട്. പരാതിയിൽ ഗോവ ഫുട്‍ബോൾ അസോസിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു. ഗോവൻ പോലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹിമാചൽ ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രെട്ടറി കൂടിയാണ് ദീപക് ശർമ്മ

ദീപക് ശർമ്മ
ദീപക് ശർമ്മ

രണ്ട് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ഹെഡ്ക്വാർട്ടേഴ്‌സിൽ വനിതാ ജീവനാക്കാരിയെ സഹപ്രവർത്തകൻ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണമുയർന്നിരുന്നത്. വിഷയത്തിൽ ആദ്യം ഇടപെടാതിരുന്ന എഐഎഫ്എഫ് സംഭവം വിവാദമായതോടെ ഇന്റേണൽ കമ്മറ്റിക്ക് അന്വേഷണം വിട്ടു. പത്ത് ദിവസത്തിനകം റിപ്പോർട്ട് ഫെഡറേഷൻ നിർദേശം നൽകി. ദേശീയ വാർത്താ ഏജൻസിയായ പി ടി ഐ യാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

ഈ രണ്ട് വിവാദങ്ങൾക്ക് പുറമെ ഈ മാസം ആദ്യത്തിൽ തന്നെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ അഴിമതിയാരോപണങ്ങളിൽ പെട്ടത് വിവാദമായിരുന്നു. ഫെഡെറേഷന്റെ നിയമ ഉപദേഷ്ടാവ് നിലഞ്ജൻ ഭട്ടാചാരി തന്നെയാണ് പ്രസിഡന്റിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. ടെൻഡർ നൽകുന്നതിലും കരാർ നൽകുന്നതിലും കല്യാൺ ചൗബേ കോടികളുടെ അഴിമതി നടത്തിയതായാണ് നിലഞ്ജൻ ഭട്ടാചാരി മോദിക്കെഴുതിയ കത്തിൽ ചൂണ്ടി കാണിച്ചത്. സന്തോഷ്ട്രോഫി, വിമൻസ് ലീഗ്, ഐ ലീഗ് തുടങ്ങിയവയുടെ സംപ്രേഷണാവകാശത്തിന്റെ ടെൻഡറിലാണ് അഴിമതി നടന്നത് എന്നാണ് നിയമ ഉപദേഷ്ടാവ് ആരോപിക്കുന്നത്.

കല്യാൺ ചൗബേ
കല്യാൺ ചൗബേ

നേരത്തെ ഫെഡറേഷന്റെ ഔദ്യോഗിക ക്രെഡിറ്റ് കാർഡുകൾ പേഴ്‌സണൽ ആവശ്യത്തിനായി ചൗബേ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ആന്ധ്രാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. സംസ്ഥാന ഫെഡറേഷനുകളുടെ ഭാഗത്ത് നിന്നും നിരവധി പരാതികളുയർന്നെങ്കിലും ഒരു വിശദീകരണം ചോദിക്കാൻ പോലും കായിക മന്ത്രി അനുരാഗ് താക്കൂർ ഇത് വരെയും തയ്യാറായിട്ടില്ല. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് എന്നതിനപ്പുറം ബിജെപി നേതാവായ ചൗബേയുടെ ധൈര്യവും അതാണ്.

തുടർച്ചയായ തോൽവികളിൽ പെട്ടും ഇന്ത്യൻ ഫുട്‍ബോൾ വലിയ പ്രതിസന്ധിയുടെ വക്കിലാണ്. മൈതാനത്ത് പുറത്തുണ്ടാക്കുന്ന പ്രതിസന്ധികൾക്ക് പുറത്താണ് ഇത്. കഴിഞ്ഞ 2023 സീസണിൽ സാഫ് കപ്പ്, ഇന്റർകോണ്ടിനന്റൽ, ട്രൈ നേഷൻസ് കിരീടങ്ങൾ നേടിയ ഇന്ത്യക്ക് പക്ഷെ 2024 ലെ പുതിയ സീസണിൽ ഇത് വരെ ഒരൊറ്റ മത്സരവും വിജയിക്കാനായില്ല. എഎഫ്സി ഏഷ്യൻ കപ്പിൽ മൂന്ന് കളിയിലും തോറ്റ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ഇന്ത്യ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വേൾഡ് കപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടിലെ മത്സരങ്ങളിലും തോറ്റു.

താരതമ്യേന ദുർബലരായ, ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായ അഫ്‌ഗാനിസ്ഥാനോട് പോലും തോൽവി വഴങ്ങേണ്ടി വന്നു. കഴിഞ്ഞ വർഷം 100 നുള്ളിലുണ്ടായ ലോക റാങ്കിങ്ങിൽ 117 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തി. അഫ്‌ഗാനെതിരെയും തോറ്റതോടെ കടുത്ത പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആരാധകരുടെ ഈ പ്രതിഷേധത്തെ ഏതെങ്കിലും രീതിയിൽ ഫെഡറേഷൻ മുഖ വിലയ്‌ക്കെടുക്കുമെന്ന് കരുതാൻ വയ്യ.

സ്റ്റിമാക്ക്
സ്റ്റിമാക്ക്

22 വർഷത്തിന് ശേഷം കഴിഞ്ഞ നവംബറിൽ ഇന്ത്യ കുവൈത്തിനെ തോൽപ്പിച്ച് തങ്ങളുടെ ആദ്യ എവേ ലോകകപ്പ് യോഗ്യതാ വിജയം നേടിയപ്പോൾ കോച്ച് ഇന്ത്യൻ ഫുട്‍ബോളിനെ രക്ഷിക്കാൻ അവതരിച്ച സൂപ്പർമാനായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഒരു മികച്ച ഒരു ട്രാക്ക് ഒരുക്കാൻ സ്റ്റിമാക്കിന് കഴിഞ്ഞില്ല. ടീം ഇലവൻ തിരഞ്ഞെടുപ്പിന് സ്റ്റിമാക്ക് ഫെഡറേഷനിൽ നിന്ന് കോടികൾ ചിലവഴിച്ച് ജ്യോതിഷിയെ നിയമിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

പെർഫോമൻസിനും ഫിറ്റ്നസിനും അപ്പുറം ജ്യോതിഷി ഭൂപേഷ് ശർമ്മയുടെ നിർദേശപ്രകാരം താരങ്ങളുടെ നക്ഷത്ര ഫലത്തിനായിരുന്നു സ്റ്റിമാക്ക് പ്രാധാന്യം കൊടുത്തിരുന്നത്. അറ്റാക്കിങ്, ഡിഫൻഡിങ്, സബ്സിറ്റൂഷ്യൻ പോളിസി വരെ തീരുമാനിച്ചത് ഭൂപേഷിന്റെ കവടിയിലെ ഗ്രഹനിലയ്ക്ക് അനുസരിച്ചായിരുന്നു. ഫുട്‍ബോൾ ഫെഡറേഷന്റെ അഖിലേന്ത്യ സെക്രെട്ടറി തന്നെയായിരുന്നു ഇതിന് ഒത്താശ നൽകിയത് എന്നതാണ് ഏറ്റവും ദയനീയത. സംഭവം വലിയ വിവാദമാവുകയും ഭൂപേഷും സ്‌റ്റിമാക്കും തമ്മിലുള്ള സന്ദേശങ്ങൾ പുറത്ത് വരുകയും ചെയ്‌തെങ്കിലും ഫെഡറേഷൻ സ്റ്റിമാക്കിനെ സംരക്ഷിച്ചു. കരാർ വീണ്ടും നീട്ടി കൊടുത്തു.

ജ്യോതിഷി ഭൂപേഷ് ശർമ്മ
ജ്യോതിഷി ഭൂപേഷ് ശർമ്മ

മുൻനിര രാജ്യങ്ങളും ക്ലബുകളും ലീഗുകളും ടീമുകളുടെയും താരങ്ങളുടെയും പെർഫോമൻസ് അനാലിസിസിലും ഫോർമേഷൻ സ്ട്രാറ്റജിയിലുമൊക്കെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കൂടി സാധ്യതകൾ ഉപയോഗിക്കുമ്പോയായിരുന്നു കവടി നിരത്തിയുള്ള ഇന്ത്യൻ ഫുട്‍ബോളിന്റെ കളി.

ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടിൽ ഒരു മത്സരം പോലും ജയിക്കാനാവാത്ത ഇന്ത്യയ്ക്ക് ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങളാണ്. ജൂണിൽ കുവൈത്തിനെതിരെയും ഖത്തറിനെതിരെയും. നിലവിലെ ടീമിന്റെ ഫോം നോക്കുമ്പോൾ ഈ രണ്ട് ടീമിനെതിരെയും വിജയ സാധ്യത വളരെ കുറവാണ്.

ഐ എസ് എൽ ടൂർണമെന്റിൽ മാത്രമൊതുങ്ങി പോകുന്നു ഇന്ത്യയിലെ ഫുട്‍ബോൾ എന്നതാണ് പ്രധാന പ്രശ്നം. ഇന്ത്യയിലെ പ്രധാന ലീഗായ ഐഎസ്എൽ ക്ലബുകൾക്ക് വരെ ഗ്രാസ് റൂട്ട് ലെവലിൽ അക്കാദമികളില്ല. ക്ലബുകളുടെ അംഗീകാരത്തിന് ഗ്രാസ്റൂട്ട് പ്രവർത്തനങ്ങൾ നിർബന്ധമാണെന്ന ഫിഫ നിയമം നിലനിൽക്കുമ്പോൾ തന്നെയാണ് ഇത്.

റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുണ്ടായിരുന്ന രാജ്യങ്ങളും രാജ്യത്തെ ഒരു ജില്ലയുടെ വലിപ്പമുള്ള രാജ്യങ്ങളും അടുത്ത കാലത്ത് വലിയ മുന്നേറ്റമുണ്ടാകുമ്പോൾ ഇന്ത്യ മാത്രം കിതക്കുകയാണ്. 2018 ലോകകപ്പിൽ ഫിഫ കൊണ്ട് വന്ന് തുടർന്നുള്ള വർഷങ്ങളിൽ ലോകത്തെ ഒട്ടുമിക്ക എല്ലാ ലീഗുകളും നടപ്പിലാക്കിയ വാർ സംവിധാനം 2024 ലും ഇന്ത്യയിലിലില്ല. ഫുട്‍ബോൾ മൈതാനത്തെ മത്സരത്തെക്കാൾ പുറത്ത് വിവാദങ്ങളുടെ മത്സരത്തിനാണ് തലപ്പത്തുള്ളവർക്ക് താല്പര്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com