അമ്പാട്ടി റായിഡുവിന് ഇത് സ്ഥിരം പണി; വഴക്കടിച്ചു തീർത്ത ക്രിക്കറ്റ് ജീവിതം

2019ൽ ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തത് ആദ്യം ട്വീറ്റിലൊതുക്കി.
അമ്പാട്ടി റായിഡുവിന് ഇത് സ്ഥിരം പണി; വഴക്കടിച്ചു തീർത്ത ക്രിക്കറ്റ് ജീവിതം

2019ൽ ഏകദിന ലോകകപ്പ് നടക്കുന്നതിനിടെ ക്രിക്കറ്റ് കരിയർ മതിയാക്കാൻ ഒരു ഇന്ത്യൻ താരം തീരുമാനമെടുത്തു. പരിക്കേറ്റ വിജയ് ശങ്കറിന് പകരം മായങ്ക് അ​ഗർവാളിനെ ടീമിലെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു ആ തീരുമാനം. നാലര വർഷങ്ങൾക്ക് ശേഷം അയാൾ ആന്ധ്ര പ്രദേശ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. ജ​ഗ്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺ​ഗ്രസിൽ അം​ഗ്വതമെടുത്തു. പക്ഷേ എട്ട് ദിവസത്തിൽ അയാൾക്ക് മനം മാറ്റമുണ്ടായി. രാഷ്ട്രീയത്തിൽ നിന്ന് ഇടവേള എടുക്കുന്നതായി ഇന്ത്യൻ മുൻ താരം അമ്പാട്ടി റായിഡു പ്രഖ്യാപിച്ചു. ബാക്കി കാര്യങ്ങൾ വഴിയെ അറിയിക്കാമെന്നും റായിഡു വ്യക്തമാക്കി. ആദ്യമായല്ല അമ്പാട്ടി റായിഡുവിന്റെ കരിയറിൽ അപ്രതീക്ഷിത തീരുമാനങ്ങൾ ഉണ്ടാകുന്നത്. ഒരു തട്ടുപൊളിപ്പൻ ബോളിവുഡ് സിനിമപോലെ കുഴഞ്ഞുമറിഞ്ഞ ക്രിക്കറ്റ് ജീവിതമായിരുന്നു റായിഡുവിന്റേത്. ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റിന് ലഭിക്കേണ്ടിയിരുന്ന മികച്ച താരങ്ങളിൽ ഒരാൾ. ചിലപ്പോഴൊക്കെ റായിഡുവിന്റെ തീരുമാനവും മറ്റ് സമയങ്ങളിൽ വിധിയുടെ വിളയാട്ടവും ആ കരിയർ പൊളിച്ചടുക്കി.

2002-03 രഞ്ജി ട്രോഫി സീസണിൽ 698 റൺസുമായി റായിഡു തകർപ്പൻ പ്രകടനം നടത്തി. ആഡ്ര പ്രദേശിനെതിരായ ഒരു മത്സരത്തിൽ സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും നേടി. പിന്നാലെ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ നായകനായി. പക്ഷേ പിന്നീടുള്ള സീസണിൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ റായിഡുവിന് തിളങ്ങാൻ കഴിഞ്ഞില്ല. ഇതോടെ ഹൈദരാബാദ് ടീം അധികൃതരുമായി റായിഡുവിന്റെ ബന്ധം വഷളായി. ഹൈദരാബാദ് വിട്ട റായിഡു അടുത്ത സീസണിൽ ആന്ധ്ര പ്രദേശിനായി പാഡണിഞ്ഞു. പഴയ സഹതാരത്തെ എതിർടീമിൽ കണ്ടത് വീണ്ടും പ്രശ്നങ്ങൾക്ക് ഇടയാക്കുകയാണ് ചെയ്തത്. മത്സരത്തിനിടയിലെ വാക്ക് തർക്കം താരങ്ങൾ തമ്മിൽ കയ്യേറ്റം വരെയെത്തി. ഹൈദരാബാദ് താരം അർജുൻ യാദവ് റായിഡുവിനെ സ്റ്റമ്പുകൊണ്ടാക്രമിച്ചു.

അടുത്ത സീസണിൽ ബിസിസിഐ നിരോധനമുണ്ടായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ലീ​ഗിന്റെ ഭാ​ഗമായി അമ്പാട്ടി റായിഡു. എങ്കിലും തിരിച്ചുവരാനുള്ള ബിസിസിഐ സമയപരിധിക്കുള്ളിൽ തന്നെ റായിഡു മടങ്ങിയെത്തി. പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിന്റെ ഭാ​ഗമായി. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡ ടീമിൽ കളിക്കാനും അമ്പാട്ടി റായിഡുവിന് അവസരം ലഭിച്ചു. പക്ഷേ റായിഡുവിന്റെ കരിയർ ഇവിടെയും സ്ഥിരത കൈവരിച്ചില്ല. 2012ൽ റോയൽ ചലഞ്ചേഴ്സ് താരം ഹർഷൽ പട്ടേലിനെതിരെ മോശം വാക്കുകൾ ഉപയോ​ഗിച്ചു. ഇതിന് മാച്ച് ഫീയുടെ 100 ശതമാനം പിഴയൊടുക്കാൻ റായിഡു നിർബന്ധിതനായി.

2014ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം. സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചു. 2015ൽ ലോകകപ്പ് ‌ടീമിന്റെ ഭാഗമായിരുന്നെങ്കിലും അവസരം ലഭിച്ചില്ല. 2016ൽ വീണ്ടും സഹ​താരവുമായി വഴക്കിട്ടു. ഇത്തവണ മുംബൈ ഇന്ത്യൻസിൽ ഹർഭജൻ സിംഗുമായാണ് റായിഡു ഉടക്കുവെച്ചത്. 2017ൽ ഹൈദരാബാദ് രഞ്ജി ടീമിൽ നായകനായി തിരിച്ചെത്തി. പക്ഷേ ഇതേ വർഷം റായിഡു ഒരു മുതിർന്ന പൗരനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 2018ൽ ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയപ്പോഴും റായിഡുവിന്റെ പ്രതിഭ നശിച്ചിട്ടുണ്ടായിരുന്നില്ല. 2018ലെ ഐപിഎല്ലിൽ 602 റൺസാണ് റായിഡു ചെന്നൈ ജഴ്സിയിൽ അടിച്ചുകൂട്ടിയത്. ഇത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിനും വഴിതെളിച്ചു. പക്ഷേ അതേ വർഷം സയിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ആർ വിനയ്കുമാറുമായി വഴക്കിട്ടു. ‌

2019ൽ ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തത് ആദ്യം ട്വീറ്റിലൊതുക്കി. വിജയ് ശങ്കറെ ഉന്നം വെച്ചായിരുന്നു റായിഡുവിന്റെ ട്വീറ്റ്. ലോകകപ്പ് കാണാൻ താൻ ത്രീഡി കണ്ണട വാങ്ങിയിട്ടുണ്ടെന്ന് റായിഡു പരിഹസിച്ചു. അന്ന് ത്രീഡി ക്രിക്കറ്റ് താരം എന്നാണ് വിജയ് ശങ്കർ അറിയപ്പെട്ടിരുന്നത്. വിജയ് ശങ്കറിന് പരിക്കേറ്റ് പുറത്തായപ്പോൾ ബിസിസിഐ പരി​ഗണിച്ചത് മായങ്ക് അഗർവാളിനെയായിരുന്നു. ഇതോടെ ഇനി കാത്തിരിക്കേണ്ട എന്ന തീരുമാനത്തിൽ അമ്പാട്ടി റായിഡു വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാൽ എടുത്തുചാട്ടത്തിലെ തീരുമാനം വേ​ഗത്തിൽ പിൻവലിച്ചു. ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ആഗ്രഹിച്ചെങ്കിലും ബിസിസിഐ കേട്ടതായിപോലും നടിച്ചില്ല. ചെന്നൈ സൂപ്പർ കിം​ഗ്സിലും ആഭ്യന്തര ക്രിക്കറ്റിലും റായിഡു തുടർന്നു. 2023ലെ ഐപിഎല്ലിന് പിന്നാലെ റായിഡു ശരിക്കും ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇനി രാ​ഷ്ട്രീയത്തിൽ പുതിയ ഇന്നിം​ഗ്സാണ്. റായിഡു സ്ഥിരതപുലർത്തുമോയെന്ന് കാത്തിരുന്ന് കാണാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com